വിഖ്യാത പത്രപ്രവർത്തകനും ഗ്രന്ഥകാരനുമായ അരുൺ ഷൂറിയുടെ ഏറ്റവുമൊടുവിൽ പുറത്തിറങ്ങിയ പുസ്തകം ശ്രീരാമകൃഷ്ണ പരമഹംസരെയും രമണമഹർഷിയെയും ആധുനിക ന്യൂറോളജിയുടെ അടിസ്ഥാനത്തിൽ പഠനവിധേയമാക്കുന്ന ‘TWO SAINTS’ ആണ്. ന്യൂറോ തിയോളജി വിഭാഗത്തിൽപ്പെടുന്ന ഈ പുസ്തകത്തിന്റെ പ്രകാശനം ഡൽഹിയിലെ ഇന്ത്യ ഇന്റർനാഷണൽ സെന്ററിൽ നടക്കുന്നു.

ഷൂറിയുടെ എല്ലാ പുസ്തകവും പ്രകാശിപ്പിക്കുക, അദ്ദേഹത്തിന്റെ സെറിബ്രൽ പാൾസി ബാധിച്ച മകൻ ആദിത്യനാണ്. മകനോടുള്ള അച്ഛന്റെ ആദരവും അർപ്പണവും സ്നേഹവുമാണത്. അന്ന് ചടങ്ങിലെ മുഖ്യാതിഥി ദലൈലാമയായിരുന്നു. നാൽപ്പത്തിമൂന്ന് വയസ്സുകാരനായ ആദിത്യൻ പുസ്തകപ്രകാശനം കഴിഞ്ഞ് എല്ലാവരെയും അദ്‌ഭുതപ്പെടുത്തിക്കൊണ്ട് എൺപത്തിമൂന്നുകാരനായ ദലൈലാമയുടെ മിനുങ്ങുന്ന ശിരസ്സിൽ തന്റെ വലതുകരം വെച്ച് അനുഗ്രഹിച്ചു. അതിലും അദ്‌ഭുതകരമായി ദലൈലാമ ശിരസ്സുകുനിച്ച് ആ അനുഗ്രഹം സ്വീകരിച്ചു! സാധാരണ എല്ലാവരെയും അനുഗ്രഹിക്കുക ദലൈലാമയാണ്, ഇവിടെ സംഭവിച്ചത് നേരെമറിച്ചും. ഷൂറി ആകെ പകച്ചുപോയി. പിന്നീട് കേരളത്തിൽവന്നപ്പോൾ, ഈ നിമിഷത്തെപ്പറ്റി ഒരു സ്വകാര്യസംഭാഷണത്തിൽ അദ്ദേഹം പറഞ്ഞു: ‘‘ഞാനാകെ പകച്ചുപോയി. എന്തുപറയണമെന്നറിയാതെ നിന്നു. അപ്പോൾ ദലൈലാമ വിനയംനിറഞ്ഞ സ്വരത്തിൽ  പറഞ്ഞു: now i am blessed- ഇപ്പോൾ ഞാൻ അനുഗൃഹീതനായിരിക്കുന്നു. അതു പറയുമ്പോഴും എന്റെ മകന്റെ കരം അദ്ദേഹത്തിന്റെ ശിരസ്സിലുണ്ടായിരുന്നു. ഉള്ളിലെ അഹത്തിന്റെ പെരുക്കങ്ങൾ എല്ലാമലിഞ്ഞ മഹാനായ ഋഷിയാണ് ദലൈലാമ എന്ന് എനിക്കപ്പോൾ മനസ്സിലായി. തന്റെ പകുതിമാത്രം പ്രായമുള്ള ഒരു യുവാവിനു മുന്നിൽ തലകുനിച്ചുനിൽക്കാൻ അത്തരമൊരാൾക്കേ സാധിക്കൂ!’’.

വടക്കുകിഴക്കൻ ടിബറ്റിലെ അമാദോ എന്ന ഗ്രാമത്തിലെ, ബാർലിയും ഉരുളക്കിഴങ്ങും വിളയിച്ച് ജീവിക്കുന്ന കർഷകദമ്പതിമാരുടെ മകനെത്തേടി തലസ്ഥാനമായ ലാസയിലെ ആയിരം മുറികളുള്ള പൊട്ടാല കൊട്ടാരത്തിൽനിന്ന്‌ അന്വേഷകസംഘം എത്തുമ്പോൾ കുട്ടിക്ക്‌ മൂന്നുവയസ്സുമാത്രമേ ഉണ്ടായിരുന്നുള്ളൂ. പതിമ്മൂന്നാം ദലൈലാമ തുംപ്റ്റൻ ഗ്യാറ്റ്‌സോ മരണസമയത്ത് കണ്ട അർഥഗർഭമായ ദർശനങ്ങളെ അവനിലും അവന്റെ പരിസരത്തും ആ സംഘം തേടി. വിടപറഞ്ഞ ദലൈലാമയുടെ സ്വകാര്യവസ്തുക്കൾ മറ്റുവസ്തുക്കളുമായി കലർത്തി ആ കുട്ടിയുടെ മുന്നിൽവെച്ചു. ലാമയുടെ വസ്തുക്കൾ ഓരോന്നും എടുക്കുമ്പോൾ അവൻ പറഞ്ഞു: ‘‘ഇതെന്റേതാണ്, ഇതെന്റേതാണ്’’. അടുത്ത ദലൈലാമയാണ് മുന്നിലിരിക്കുന്നത് എന്ന് അങ്ങനെ അന്വേഷകസംഘം തീർച്ചപ്പെടുത്തി. അവർ അവനെ മൂന്നുമാസംനീണ്ട ഘോഷയാത്രയായി പൊട്ടാല പാലസിൽ എത്തിച്ചു. അടുത്ത ദലൈലാമയെക്കാണാൻ ആളുകൾ തടിച്ചുകൂടി. ആ കുട്ടിയുടെ സ്ഥാനാരോഹണം ഘോഷമായിത്തന്നെ നടന്നു. കുഞ്ഞുനാളിലെ ആ ചടങ്ങിനെക്കുറിച്ചുള്ള തന്റെ ഏറ്റവും ‘തീവ്രമായ’ ഓർമ മൂത്രമൊഴിക്കാൻ സാധിക്കാതെ മണിക്കൂറുകളോളം ഒരേ ഇരിപ്പ് ഇരിക്കേണ്ടിവന്നതുമാത്രമാണ് എന്ന് പിന്നീട് ദലൈലാമ തന്റെ ആത്മകഥയിൽ കുറിച്ചുവെച്ചു.

ദലൈലാമയായതിനു ശേഷവും ആ കുട്ടി പൊട്ടാല പാലസിന്റെ വിശാലതയിൽ വളർന്നു. ചുറ്റിലും പണ്ഡിതരായ സന്ന്യാസിമാർ. അവർ അവന് കളിപ്പാട്ടങ്ങൾ നൽകി. അതോടൊപ്പം ന്യായം, ടിബറ്റൻ സംസ്കാരം, സംസ്കൃതം, വൈദ്യം, ബൗദ്ധ തത്ത്വചിന്ത എന്നിവ പഠിപ്പിച്ചു. ദൂരെ  ഗ്രാമങ്ങൾ, ആശുപത്രി, സർക്കാർ ജയിൽ. ജയിൽ കാഴ്ചകളായിരുന്നു അവന് ഏറെ ഇഷ്ടം. അതിനുള്ളിൽ ചങ്ങലക്കിടപ്പെട്ട് നടക്കുന്ന മനുഷ്യർ. ദിവസവും കണ്ടുകണ്ട് അവരെ അവന് തിരിച്ചറിയാറായി. തനിക്കു നഷ്ടപ്പെട്ട സ്വതന്ത്രബാല്യത്തെക്കുറിച്ചും ദൂരെ ഗ്രാമത്തിലുള്ള മാതാപിതാക്കളെയും സഹോദരങ്ങളെയും കുറിച്ചുമോർത്ത് രാത്രികളിൽ അവൻ വിഷാദിച്ചു.

ദലൈലാമ കൗമാരത്തിലേക്കെത്തിയപ്പോഴേക്കും കമ്യൂണിസ്റ്റ് ചൈന അതിന്റെ നീരാളിക്കൈകൾ ടിബറ്റിന്റെ അതിരുകൾക്കുള്ളിലേക്ക്‌ അത്യാഗ്രഹത്തോടെ നീട്ടിത്തുടങ്ങിയിരുന്നു. ഫ്യൂഡലിസത്തിന്റെയും ലാമമാരുടെ പൗരോഹിത്യത്തിന്റെയും പിടിയിൽനിന്ന് മോചിപ്പിച്ച് ടിബറ്റിനെ ‘പുനരുദ്ധരിക്കുക’ എന്നതാണ് ലക്ഷ്യമെന്ന് പുറത്തേക്കു പറഞ്ഞെങ്കിലും ഒരു പുരാതനരാജ്യത്തിന്റെ സംസ്കാരത്തെ തകർക്കുക എന്നതായിരുന്നു ചൈനയുടെ ഗൂഢോദ്ദേശ്യം. പൗരോഹിത്യത്തിന് പകരം പാർട്ടിമേധാവിത്വം സ്ഥാപിക്കുക; മന്ത്രങ്ങൾക്കു പകരം മുദ്രാവാക്യങ്ങൾ മുഴക്കാൻ പഠിപ്പിക്കുക. അവർ മനുഷ്യരെ കൊന്നുതള്ളി, ബുദ്ധവിഹാരങ്ങൾ തകർത്തെരിച്ചു, എവിടെയും ചാരന്മാർ വിഹരിച്ചു.

നിവൃത്തിയില്ലാതെയാണ് കൗമാരം കടന്നിട്ടില്ലാത്ത ദലൈലാമ പീക്കിങ്ങിൽച്ചെന്ന് ചെയർമാൻ മാവോ സേ തുങ്ങിനെ കണ്ടത്. ഓരോ കൂടിക്കാഴ്ചയിലും മാവോ ഓരോ മുഖങ്ങൾ പുറത്തെടുത്തു. ചിലപ്പോൾ ടിബറ്റിനോട് സ്നേഹം നടിച്ചു; മറ്റുചിലപ്പോൾ ടിബറ്റൻ സംസ്കാരത്തെ വാഴ്ത്തി.

അവസാന കൂടിക്കാഴ്ചയിൽ മാവോ, ദലൈലാമയോട് പറഞ്ഞു: ‘‘നിങ്ങളുടെ സമീപനം നല്ലതാണ്. എന്നാൽ, മതം വിഷമാണ്. കാരണം, സന്ന്യാസിമാരും സന്ന്യാസിനികളും ബ്രഹ്മചാരികളായതിനാൽ അത് ജനസംഖ്യ കുറയ്ക്കുന്നു. മതം ഭൗതികമായ വികാസത്തെ തടുക്കുന്നു. അതുകൊണ്ട്, പരിഷ്കാരികളായ ഞങ്ങൾ നിങ്ങളെ നവീകരിക്കാൻ പോവുന്നു’’. എന്നാൽ, ടിബറ്റിൽ തുടർന്നു നടന്നത് നരനായാട്ടായിരുന്നു. ഒരു പുരാതനസംസ്കൃതി പടിപടിയായി എരിഞ്ഞമർന്നു.

ഒരുദിവസം രാത്രി, പ്രവചനങ്ങൾ നടത്തുന്ന ടിബറ്റൻ കോമരം ദലൈലാമയുടെ മുന്നിൽവന്നുപറഞ്ഞു: ‘‘ഇന്നുരാത്രി നഗരം വിടണം’’. മുന്നിലിരുന്ന ഒരു കടലാസ് വലിച്ചുചീന്തി പോവാനുള്ള വഴി വരച്ചുകൊടുത്തു. ആ വഴി നീണ്ടത്, ഗൗതമസിദ്ധാർഥന് ബോധോദയം ലഭിച്ച ഇന്ത്യയുടെ മണ്ണിലേക്കായിരുന്നു. ഒളിച്ചും പതുങ്ങിയും സിക്കിം വഴി, ചാങ്കു തടാകത്തെ ചുറ്റിവണങ്ങി ആ സംഘം ഇന്ത്യയിലെത്തി, ഇരുപത്തിനാല് വയസ്സുകാരനായ ദലൈലാമയുടെ നേതൃത്വത്തിൽ.

‘ഇന്ത്യയെ കണ്ടെത്തിയ’ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്രുവിന് ആദ്യം ദലൈലാമയെയും സംഘത്തെയും സ്വീകരിക്കുന്നതിൽ ആശങ്കയുണ്ടായിരുന്നു. ചൗ എൻ ലായിയുടെ ചൈനയെ പിണക്കാനുള്ള പേടി. എന്നാൽ, ആദ്യത്തെ വൈകാരികപ്രതികരണത്തിനു ശേഷം, ഇന്ത്യൻ സംസ്കാരവും ടിബറ്റൻ സംസ്കാരവും ഒരേ ബോധിവൃക്ഷത്തിന്റെ രണ്ട് ശാഖകളാണെന്നും കൈലാസത്തിന്റെയും മാനസസരസ്സിന്റെയും പുണ്യം ഇന്ത്യയും ടിബറ്റും ഒന്നിച്ച് പങ്കിടുന്നതാണ് എന്നും അംഗീകരിച്ച നെഹ്രു ആ സംഘത്തെ ഇന്ത്യൻ മണ്ണിലേക്കും ആത്മാവിലേക്കും സ്വീകരിച്ചു; ചൈനയെ മുഷിപ്പിച്ചുകൊണ്ടുതന്നെ. അതുകഴിഞ്ഞ് മൂന്നുവർഷം കഴിഞ്ഞപ്പോഴേക്കും ചൈന ഇന്ത്യയെ ആക്രമിച്ചു; രണ്ടുവർഷം കഴിഞ്ഞപ്പോൾ നെഹ്രു മരിച്ചു. എന്നാൽ, അപ്പോഴേക്കും താൻ തുറന്നമനസ്സോടെ സ്വീകരിച്ച മനുഷ്യരുടെ തുടർജീവിതത്തിനും വിദ്യാഭ്യാസത്തിനുംവേണ്ട കരടുപദ്ധതികളെല്ലാം നെഹ്രു ചെയ്തുവെച്ചിരുന്നു. ടിബറ്റിന്റെ കാലാവസ്ഥയുമായി ഏകദേശ ഇണക്കമുള്ള ഹിമാചൽപ്രദേശിലെ ധർമശാലയിലും കർണാടകത്തിലെ കുടകിലും അവർക്ക് സ്ഥലംനൽകി. തങ്ങളുടേതായ സർക്കാർ രൂപവത്കരിക്കാൻ അനുവാദം നൽകി. ഇന്നും അത് തുടരുന്നു.

ചൈനയുടെ ക്രൂരമായ ആക്രമണത്തിൽനിന്നും രക്ഷപ്പെടാൻ പലായനംചെയ്ത ദലൈലാമ എൺപത്തിയഞ്ചാം വയസ്സിലും ഇന്ത്യയിൽ തുടരുന്നു. സ്നേഹവും അഹിംസയും ശാന്തിയും മാത്രം ലോകത്തോട് പറയുന്ന ഈ വൃദ്ധസന്ന്യാസിയെ ചൈന ഇപ്പോഴും വെറുക്കുകയും ചാരക്കണ്ണുകളോടെമാത്രം കാണുകയും ചെയ്യുന്നു എന്നതാണ് കൗതുകകരമായ കാര്യം. ദലൈലാമയുടെ ‘നീക്കങ്ങൾ’ നിരീക്ഷിക്കാൻ ഒരു സംഘത്തെത്തന്നെ ചൈന നിയോഗിച്ചിരിക്കുന്നു. ദലൈലാമയെ ക്ഷണിക്കുന്ന രാജ്യങ്ങൾക്ക് അടുത്തനിമിഷം തന്നെ ചൈനയുടെ ഭീഷണിക്കുറിപ്പ് ലഭിക്കുന്നു. ഇന്ത്യയോടുള്ള ചൈനയുടെ വെറിക്ക്‌ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിലൊന്ന് ലോകത്തിന്റെ ഈ മഹാഗുരുവിന് അഭയംനൽകി എന്നതാണ്.

ദലൈലാമയെ അഭിമാനപൂർവം സംരക്ഷിക്കുന്നതിലൂടെ ഇന്ത്യ ലോകത്തിനുമുന്നിൽ വെക്കുന്ന സന്ദേശം, അഭയംതേടിവരുന്നവരെ തന്നിലേക്കു ചേർത്തുപിടിക്കുന്ന ആത്മാർഥതയാണ്.