Chattampi Swamikal‘ചിന്മുദ്ര എന്നാലെന്ത്? അത് ആധ്യാത്മികസാധനയ്ക്ക് എങ്ങനെ ഉപകരിക്കും?’ -ഉത്തരംതേടി ഒരു ഉത്തരേന്ത്യൻ സ്വാമി കണ്ണിൽക്കണ്ട സന്ന്യാസിമാരോടും പണ്ഡിതരോടും ചോദിച്ചുചോദിച്ച്, അലഞ്ഞ്, മൈസൂരുവഴി കേരളംവരെയെത്തി. 1892 ഡിസംബർ മാസത്തിലെ ആദ്യത്തെ ആഴ്ചയിലെ ഒരു സുപ്രഭാതത്തിൽ എറണാകുളം വള്ളക്കടവിൽ (ഇന്നത്തെ ബോട്ടുജെട്ടി) പ്രഭാതഭേരിക്കിറങ്ങിയ കൊച്ചിൻ ദിവാൻ സെക്രട്ടറി രാമയ്യനും പോലീസ് സൂപ്രണ്ട് ചന്തുലാലും, കൊച്ചി കായലിലെ കുഞ്ഞോളങ്ങളെ കീറിമുറിച്ചുകൊണ്ട് കരയ്ക്കടുത്ത കടത്തുവള്ളത്തിൽ ഒരു കാവി തലപ്പാവ് കണ്ടു. ശുദ്ധവേദാന്തികളായ രണ്ടുപേരും ഉടനെ വള്ളക്കടവിലെത്തി. കരയ്ക്കിറങ്ങിയ സന്ന്യാസിയെ വന്ദനംപറഞ്ഞ് രണ്ടുപേരുംകൂടി സ്വീകരിച്ചു.  സന്ന്യാസിയുടെ പേരെന്തെന്ന് രാമയ്യൻ മലയാളത്തിലും തമിഴിലും ചോദിച്ചു.
സ്വാമി മൗനംപാലിച്ചു. ‘‘ആപ് കാ ശുഭ് നാം ക്യാ ഹൈ?’’ -രാജസ്ഥാൻകാരനായ ചന്തുലാൽ ഹിന്ദിയിൽ ചോദിച്ചു. സ്വാമികൾ മൗനം ഭഞ്ജിച്ചു: ‘‘വിവേകാനന്ദ്, മേം ബംഗ്ലാ സെ ആത്താ ഹും.’’ സ്വാമികൾ രാമയ്യന്റെ ഭവനത്തിലേക്ക് ആനയിക്കപ്പെട്ടു,  സ്വാമിക്ക് മനസ്സിലായില്ലെന്ന ധാരണയോടെ രാമയ്യൻ ചന്തുലാലിനോട് ഇംഗ്ലീഷിൽ ചോദിച്ചു: ‘‘ഇയാൾ വല്ല കള്ളസന്ന്യാസിയുമാകുമോ?’’ ചന്തുലാൽ ഉത്തരം പറയുന്നതിനുമുമ്പ് വിവേകാനന്ദൻ ഇംഗ്ലീഷിൽ മറുപടി പറഞ്ഞു: ‘‘ഞാൻ കള്ളസന്ന്യാസിയല്ലെന്നൊന്നും ഉറപ്പിക്കണ്ട.’’  പിന്നീട് അവരുടെ സംഭാഷണം ഇംഗ്ലീഷിലായി. സ്വാമിയിൽനിന്ന്‌ അറിവിന്റെ അഷ്ടോത്തരം അനസ്യൂതം ഒഴുകാൻ തുടങ്ങി. 
സ്വാമിയുടെ അറിവിന്റെ ആഴവും പരപ്പും അളക്കാൻതന്നെ രാമയ്യൻ തീരുമാനിച്ചു. ഇടപ്പള്ളിയിൽ താമസിച്ചിരുന്ന ഒരു പ്രാദേശികസ്വാമിയെക്കുറിച്ച് രാമയ്യൻ സൂചിപ്പിച്ചു. താൻ ക്ഷീണിതനാണെന്നും പിറ്റേദിവസം പ്രാദേശികസ്വാമിയെ കാണാമെന്നും വിവേകാനന്ദൻ പറഞ്ഞു. പിറ്റേദിവസം വൈകീട്ട് അവിടെ ഒരു വിദ്വൽസദസ്സുതന്നെ സംഘടിപ്പിക്കപ്പെട്ടു. ഇടപ്പള്ളിയിൽനിന്ന് പ്രാദേശികസ്വാമിയെ വരുത്തി. അങ്ങനെയാണ് ആ സംഗമം നടന്നത്! പ്രാദേശികസ്വാമി വന്നപ്പോൾ വിവേകാനന്ദൻ കൈകൂപ്പി വന്ദനം പറഞ്ഞു. പ്രാദേശികസ്വാമി പ്രത്യഭിവാദനംചെയ്തു. 
ഇങ്ങോട്ട് കുശലംചെയ്തു. അങ്ങോട്ട് അനാമയം അന്വേഷിച്ചു. സംഭാഷണം സംസ്കൃതത്തിലായിരുന്നു. പ്രാദേശികസ്വാമി അറിവിന്റെ ആൾരൂപമായിരുന്നു. ശ്രീനാരായണഗുരുവിന്റെ ഭാഷയിൽ പറഞ്ഞാൽ സർവജ്ഞനും സകലകലാ വല്ലഭനുമായിരുന്ന സാക്ഷാൽ ചട്ടമ്പിസ്വാമികൾ! തുടർന്ന് വേദങ്ങൾ, ശാസ്ത്രങ്ങൾ, ഉപനിഷത്തുക്കൾ, മുതലായവ ചർച്ചചെയ്യപ്പെട്ടു. പൂർണചന്ദ്രനെപ്പോലെ തെളിഞ്ഞ മുഖം, ലോകത്തെ മുഴുവൻ കീഴടക്കാൻപോന്ന ധീരത- വിവേകാനന്ദനിൽ എല്ലാ യോഗലക്ഷണങ്ങളും ചട്ടമ്പിസ്വാമികൾ ദർശിച്ചു. തന്ത്രവിഷയത്തെക്കുറിച്ച് സംസാരിച്ചുവന്നപ്പോൾ ‘കീ ദൃശീ ചിന്മുദ്ര’ കാണിക്കാൻ വിവേകാനന്ദൻ ആവശ്യപ്പെട്ടു. വിരലുകൾ മടക്കി  ചട്ടമ്പിസ്വാമികൾ നിഷ്പ്രയാസം ചിന്മുദ്ര കാണിച്ചുകൊടുത്തു. ‘‘ഇതെനിക്കും അറിയാം. ആധ്യാത്മികസാധനയ്ക്ക് ഇതെങ്ങനെ ഉപകരിക്കും?’’ -വിവേകാനന്ദൻ ചോദിച്ചു.
കൈവിരലുകൾ ഒരു പ്രത്യേകരീതിയിൽ മടക്കി യോജിപ്പിക്കുമ്പോൾ സിരാപടലങ്ങളിലെ പ്രാണപ്രവാഹം, മസ്തിഷ്കത്തിലെ ഒരു പ്രത്യേക ഭാഗത്ത് പ്രതിസ്പന്ദനങ്ങൾ ഉണ്ടാക്കുമെന്നും അതിന്റെ ഫലമായി മനസ്സിന്റെ ഏകാഗ്രത വർധിക്കുമെന്നും തത്ഫലമായി ഒരു പ്രത്യേക അനുഭൂതി ഉണ്ടാകുമെന്നും ചട്ടമ്പിസ്വാമികൾ വിശദീകരിച്ചു. അപ്രകാശിത ബൃഹദാരണ്യകോപനിഷത്തിലെ പ്രസക്തഭാഗം വിവേകാനന്ദന് കാട്ടിക്കൊടുത്ത് സംശയനിവൃത്തി വരുത്തി. ഉടനെത്തന്നെ ചിന്മുദ്ര പിടിച്ച് വിവേകാനന്ദൻ ധ്യാനനിരതനായി. ഏകദേശം ഒരു മണിക്കൂർ അദ്ദേഹം അവാച്യമായ അനുഭൂതിയിൽ ലയിച്ചു. ഉണർന്ന അദ്ദേഹം നമ്രശിരസ്കനായി. ആ തൃക്കൈകൾ രണ്ടും തന്റെ ശിരസ്സിൽെവച്ച്‌ അനുഗ്രഹിക്കാൻ വിവേകാനന്ദൻ ആവശ്യപ്പെട്ടു. ചട്ടമ്പിസ്വാമികൾ അങ്ങനെ ചെയ്തു. 

‘‘ബംഗാൾമുതൽ കേരളംവരെ സഞ്ചരിച്ചു, കണ്ടുമുട്ടിയ സ്വാമിമാരോടും പണ്ഡിതരോടും ചിന്മുദ്രാരഹസ്യം ചോദിച്ചു. ആർക്കും തൃപ്തികരമായ ഒരുത്തരം തരാൻ കഴിഞ്ഞില്ല. ഇവിടെ ഞാനൊരദ്‌ഭുത പ്രതിഭയെ കണ്ടുമുട്ടി 
- സ്വാമി വിവേകാനന്ദൻ