
‘പരമേശ പവിത്രപുത്രൻ’ എന്നാണ് ശ്രീനാരായണഗുരു യേശുവിനെ സ്തവംചെയ്യുന്നത്. ചൂണ്ടിക്കാട്ടാൻ മാനുഷികമായ അർഥത്തിൽ ഒരച്ഛനില്ല എന്ന സൂചനയുണ്ടാകും ആ വിശേഷണത്തിൽ. സുവിശേഷം ആരംഭിക്കുന്നത് മേരിയെയും ഉദരത്തിലെ കുഞ്ഞിനെയും വിട്ടുപോകാനുള്ള ജോസഫിന്റെ ഒരുക്കത്തിലാണ്. മേരിയുടെ മകൻ എന്ന് അവന്റെ കാലം അവിടുത്തെ വിശേഷിപ്പിക്കുന്നുണ്ട്. അതിൽ അമ്മയുടെ മകൻ - ‘son of a mother’ എന്നൊരു ദുസ്സൂചന അടക്കം ചെയ്തിരിക്കുന്നുവെന്ന് ഒരു ലാറ്റിനമേരിക്കൻ വായന കിട്ടി. ഇംഗ്ലീഷിൽ അതൊരു ചീത്തവാക്കാണ്. ഒരു കുട്ടി ബാല്യകൗമാരയൗവനങ്ങളിലൂടെ അലഞ്ഞ് തന്റെ അച്ഛനെ കണ്ടെത്തുന്ന കഥയാണ് പുതിയ നിയമം.
ഒരർഥത്തിൽ തെളിഞ്ഞോ മറഞ്ഞോ തങ്ങളുടെ ഉറ്റവരുടെ അസാന്നിധ്യം ഉള്ളിനെ പൊള്ളിച്ച ചില മനുഷ്യരാണ് ഭൂമിയുടെ ആത്മീയബോധങ്ങളെ തിടപ്പെടുത്തിയത്. ഒരാളും ഈ വീണ്ടുവിചാരത്തിൽനിന്ന് മാറിനിൽക്കുന്നില്ലായെന്ന് ഒരു ആകാശനോട്ടത്തിലൂടെ വെളിപ്പെട്ടുകിട്ടും. ഭൂമിയുടെ ആന്തരികഭൂപടത്തെ (inner topography) രൂപപ്പെടുത്തിയ അത്തരം ആചാര്യന്മാരുടെ പേരുകൾ വേഗത്തിൽ ഓർമിച്ചെടുക്കാവുന്നതേയുള്ളൂ. സെമിറ്റിക് പാരമ്പര്യത്തിൽ നിയമത്തിന്റെ അടിത്തറപാകിയ മോശ പുഴയിൽ ഒഴുക്കപ്പെട്ട കുട്ടിയാണ്. ഫറവോയുടെ സഹോദരി കുഞ്ഞിനെ കണ്ടെത്തി വളർത്തുകയായിരുന്നു. അമ്മ എന്തൊക്കെയോ നുണകൾ പറഞ്ഞ് കുട്ടിയുടെ മുലകുടിപ്രായത്തിന് കൂട്ടായി. അച്ഛൻ പൂർണമായും ചിത്രത്തിലില്ല.
ഭാരതത്തിലേക്ക് വരൂ. ലോകത്തിന്റെ തന്നെ ഏറ്റവും പഴക്കമേറിയ ഫിലോസഫിക്കൽ വർക്കെന്ന് വിശേഷിപ്പിക്കാവുന്ന ഗീത. അത് അരുൾചെയ്ത പാർഥസാരഥിയുടെ ബാല്യവും വിഭിന്നമല്ല. വസുദേവരും ദേവകിയും തടവറയിലാണ്. വളർത്തച്ഛന്റെയും അമ്മയുടെയും അനുഭാവത്തിലാണ് ബാലഗോപാലൻ വളരുന്നത്. ബുദ്ധന്റെ കാര്യത്തിൽ അമ്മയായിരുന്നു. മായാദേവിയെന്നു പേര്. കുട്ടിക്ക് ജന്മം നൽകിയ ഉടനെ അവർ കടന്നുപോയി. ഇല്യൂഷൻ അഥവാ മായ കടന്നുപോകുമ്പോൾ ബോധമുണ്ടാകുന്നു എന്ന വായന ആയിരിക്കാമത്. ഞാനെന്റെ അച്ഛനെ തേടിപ്പോകുന്നു എന്നു പറഞ്ഞാണ് രമണമഹർഷി വീടുവിട്ടിറങ്ങിയത്. പന്ത്രണ്ടാം വയസ്സിൽ അച്ഛന്റെ വിയോഗത്തിന് സാക്ഷിയായിരുന്നു അദ്ദേഹം. ചുരുക്കത്തിൽ, അരികിലില്ലാതെപോയ ബന്ധങ്ങളെ ചില മക്കൾ പഞ്ചഭൂതങ്ങളിൽ തിരഞ്ഞ കഥയാണ് ആത്മീയതയുടെ ചരിത്രം.
യേശുവിലേക്കുതന്നെ വരൂ. ‘മറിയായ്ക്ക് ഒരു മകനുണ്ട്. പണിക്കൊന്നും പോകുന്നില്ല... കട്ടമരത്തിലിരുന്ന് മുക്കുവരോട് ഇങ്ങനെ മിണ്ടിയും പറഞ്ഞും. പിന്നെ, എല്ലാവരും പിരിഞ്ഞുപോകുമ്പോൾ ചുട്ടുപൊള്ളുന്ന മണലിൽക്കിടന്ന് ആകാശം നോക്കി ‘അപ്പാ, അപ്പാ’ എന്നു നിലവിളിക്കുന്നതു കേൾക്കാം. പൈത്യമാണ്’. അവന്റെ സഹോദരന്മാർ അവനു ഭ്രാന്തെന്നു കരുതി പിടിക്കാൻ പുറപ്പെട്ടുവെന്ന് മാർക്കിന്റെ സുവിശേഷം പറയുന്നുണ്ട്.
ഋജുവും ദീപ്തവുമായ ഒരു അച്ഛൻബോധം അടിമുടി വഹിച്ച ഒരാളെന്നനിലയിൽ യേശുവിനെ ഒന്നടുത്തുകാണുകയാണ്. പന്ത്രണ്ടു വയസ്സുതൊട്ട് കുട്ടി ആ പദമുപയോഗിക്കുന്നുണ്ട്. ആ പ്രായം പ്യുബർട്ടി ഏജാണ്; പെൺകുട്ടി തിരളുകയും ആൺകുട്ടി വളരുകയും ചെയ്യുന്ന കാലം. ശരീരം പാകപ്പെട്ട കാലത്തുതന്നെ അവിടുത്തെ ആന്തരികബോധവും തിടപ്പെട്ടു. ഒരിക്കലൊഴികെ പിന്നീടെപ്പോഴും ആ ചൈതന്യത്തെ അഭിസംബോധന ചെയ്യുമ്പോൾ ആ പദം മതിയായിരുന്നു. നൂറിലേറെ ഇടങ്ങളിൽ അതങ്ങനെ എണ്ണിയെടുക്കാവുന്നതാണ്.
മലയാളിക്കൊരു അബദ്ധം പറ്റി; വേദപുസ്തകം പരാവർത്തനം ചെയ്തപ്പോൾ, ഇന്റിമേറ്റായ പദങ്ങളോടുള്ള ഒരു നിരുന്മേഷത കൊണ്ടായിരിക്കണം, യേശു വിളിച്ച ‘അബ്ബ’ എന്ന പദത്തിന് ‘പിതാവ്’ എന്ന സൂചകപദമാണ് ഉപയോഗിച്ചത്. ആ പദം ഒരു അനുരണനവും ഉള്ളിൽ സൃഷ്ടിക്കുന്നില്ല. പകരം, അച്ഛനെന്നോ അപ്പായെന്നോ ആയിരുന്നെങ്കിൽ എത്ര ഇഴയടുപ്പം കിട്ടിയേനെ. വല്ലപ്പോഴും സുവിശേഷം വായിക്കുമ്പോൾ ചെയ്യാവുന്ന ഒരു ഗൃഹപാഠം നേരത്തേ സൂചിപ്പിച്ച ആ നൂറോളം ഇടങ്ങളിൽ ഒരഞ്ചിടത്തിലെങ്കിലും നിങ്ങൾ നിങ്ങളുടെ അച്ഛനെ വിളിക്കാനുപയോഗിച്ച വാക്ക് ‘പിതാവി’നു പകരം ചേർക്കുക. ഉദാഹരണത്തിന്, തട്ടമിട്ടൊരു പെൺകുട്ടി വാപ്പച്ചി, വാപ്പച്ചി... എന്നാണ് തിരുത്തുന്നത്. അതിനുശേഷം ഈ പുസ്തകവും പഴയതല്ല, നിങ്ങളും പഴയതല്ല.
ഒന്നുകൂടി; ബലവാനായ ഒരച്ഛനെക്കുറിച്ചുമല്ല അയാൾ പറയാൻ ശ്രമിച്ചത് -omnipotent, മറിച്ച് സദാ കൂടെയുള്ളൊരാൾ -omnipresent. എല്ലാറ്റിനും പരിഹാരമോ ശമനമോ കല്പിച്ചുതരുന്നൊരാളായല്ല, മറിച്ച് ഓരോരോ വ്യസനങ്ങളിൽ പിറകിൽനിന്ന് കെട്ടിപ്പിടിച്ചു നിൽക്കുന്നൊരാളെപ്പോലെ. പിറകിൽനിന്ന് കെട്ടിപ്പിടിച്ചതുകൊണ്ടുമാത്രം കാണാതെപോയ നമ്മുടെ അച്ഛനെപ്പോലെ ഒരാൾ! ഇത്തരം ഒരു പരിസരത്തിലാണ് കർണൻ നല്ലൊരു ഉപമയാകുന്നത്. അനാഥനായി പരിഗണിക്കപ്പെടുകയും സൂതപുത്രനായി അവഹേളിക്കപ്പെടുകയും ചെയ്ത അയാളിലേക്ക് മറ്റൊരു ബോധത്തിന്റെ മിന്നലുണ്ടാവുന്നു: നീ
സൂര്യപുത്രനാണ്. ഇപ്പോൾ അയാളുടെ അച്ഛൻ എല്ലായിടത്തുമുണ്ട്.
ക്രിസ്മസ് രണ്ടുതരത്തിൽ വീക്ഷിക്കാവുന്നതാണ്. ഒന്ന്, ദൈവപുത്രൻ മനുഷ്യപുത്രനായതിന്റെ ഓർമ. പിള്ളക്കച്ചയിൽ പൊതിഞ്ഞ് പുൽത്തൊട്ടിയിൽ കിടത്തിയിരുന്ന ഒരു ശിശുവിനെ നിങ്ങൾ കാണും എന്ന മാലാഖമാരുടെ ദൂത് ഉയർത്തുന്ന അഭൂതവിസ്മയം. രണ്ട്, ദീർഘമായ അലച്ചിലുകളിലൂടെയും അന്വേഷണങ്ങളിലൂടെയും ഒരു മനുഷ്യപുത്രൻ പതുക്കെപ്പതുക്കെ താൻ ദൈവപുത്രനാണെന്ന് തിരിച്ചറിഞ്ഞ സത്യാന്വേഷണപരീക്ഷകളുടെ ആദ്യ അങ്കം എന്നനിലയിൽ. രണ്ടാമത്തേതായിരിക്കും നമ്മുടെ വർത്തമാനകാലത്തെ ഭാസുരമാക്കാനുള്ള നക്ഷത്രവിചാരം.