തിരുമേനിയുടെ വേർപാട് വേദനാജനകമാണ്. ആത്മീയ  ഔന്നത്യത്തിലും സാധാരണക്കാരോട് അവർക്ക്  മനസ്സിലാകുന്ന ഭാഷയിൽ അദ്ദേഹം സംസാരിച്ചു. ലാളിത്യത്തോടെ പെരുമാറി. നിഷ്കളങ്കതയും  നൈർമല്യവും തിരുമേനിയുടെ സ്വഭാവസവിശേഷതകളായിരുന്നു. ഋഷിതുല്യമായ ജീവിതം. സംഭാഷണപ്രിയനായ തിരുമേനി ഓരോ മാസവും തുടർച്ചയായ കുറച്ചുദിവസങ്ങളെങ്കിലും പൂർണ മൗനം അനുഷ്ഠിക്കുമായിരുന്നു. കുട്ടികളോട് പ്രത്യേക വാത്സല്യമായിരുന്നു.  70-ാം പിറന്നാൾ വളരെ വിപുലമായി ആഘോഷിക്കാൻ സഭ തീരുമാനമെടുത്തിരുന്നു. എന്നാൽ, അതൊന്നും വേണ്ടെന്ന് തീർത്തുപറഞ്ഞുകൊണ്ട് അദ്ദേഹം ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങളെ അതിഥികളായി വിളിച്ചുവരുത്തി അവർക്ക് കലാപരിപാടികൾ അവതരിപ്പിക്കാൻ  അവസരമൊരുക്കി. ഒരുപാട് മണിക്കുറുകൾ  അവർക്കൊപ്പം െചലവഴിക്കുകയും ആഹാരം കഴിക്കുകയും സമ്മാനം നൽകുകയും ചെയ്തത് ഓർക്കുന്നു. 

വലിയ വായനശീലമുള്ളയാളും സാഹിത്യത്തിലുംമറ്റും  അതിയായ താത്പര്യമുള്ള വ്യക്തിയുമായിരുന്നു തിരുമേനി. മാധ്യമപ്രവർത്തകയായിരിക്കുമ്പോഴാണ് ഇതേക്കുറിച്ച്  മനസ്സിലാക്കുന്നത്. ഒരിക്കൽ ആർട്ടിസ്റ്റ് നമ്പൂതിരിയുമായി ഞാൻ  അഭിമുഖം നടത്തിയിരുന്നു. അതുകണ്ടശേഷം തിരുമേനി  ആർട്ടിസ്റ്റ് നമ്പൂതിരിയെക്കുറിച്ചും  മാതൃഭൂമിയിൽവന്ന അദ്ദേഹത്തിന്റെ വരകളെക്കുറിച്ചും എം.ടി.യുടെ നോവലുകളെക്കുറിച്ചും വളരെ വിശദമായി  അസാധാരണ നിരീക്ഷണപാടവത്തോടെ  എന്നോട് സംസാരിച്ചു. സത്യത്തിൽ ഇക്കാര്യങ്ങളിലെ അദ്ദേഹത്തിന്റെ അറിവ് അദ്‌ഭുതപ്പെടുത്തുന്നതായിരുന്നു. അതിനുമുമ്പ്‌ പുസ്തകങ്ങളെക്കുറിച്ചൊന്നും അങ്ങനെ സംസാരിച്ചിരുന്നില്ല. പിന്നീട് കാണുമ്പോഴെല്ലാം എഴുത്തിനെക്കുറിച്ചും  സാഹിത്യകാരൻമാരെക്കുറിച്ചുമെല്ലാം  അദ്ദേഹം ചർച്ച ചെയ്യുമായിരുന്നു, തൃശ്ശൂരും അതിന് വടക്കോട്ടുമുള്ള മേഖലകളിൽനിന്നുള്ള  എഴുത്തുകാരെക്കുറിച്ചായിരുന്നു ഏറെയും പറഞ്ഞിരുന്നത്.  എപ്പോഴും സാധാരണക്കാരുടെ ഭാഷയിലാണ് അദ്ദേഹം സംസാരിച്ചിരുന്നതെങ്കിലും  തിരുമേനിയുടെ അഗാധമായ അറിവും പാണ്ഡിത്യവും മനസ്സിലാക്കാൻ കഴിയുന്നത് ഇത്തരം സന്ദർഭങ്ങളിലായിരുന്നു.      

വസ്ത്രങ്ങളും യാത്രകളിൽ ലഭിച്ച സമ്മാനങ്ങളും മാത്രമായിരുന്നു  ആകെയുള്ള സമ്പാദ്യം. രോഗാവസ്ഥയിലായിരിക്കുമ്പോൾ ആശുപത്രിയിൽവെച്ച് പ്രിയപ്പെട്ട ഒട്ടേറെപ്പേർക്ക്  അതെല്ലാം നൽകി. അദ്ദേഹത്തിന്റേതായി  മറ്റൊന്നും  മരണസമയത്ത് ഉണ്ടായിരുന്നില്ല. മനുഷ്യസ്നേഹത്തിന്റെയും സമത്വത്തിന്റെയും പ്രതീകമായിരുന്നു ബാവ.  എല്ലാവരെയും സമഭാവനയോടെകണ്ട് അവരെ ചേർത്തുനിർത്തുകയും അവർക്കുവേണ്ടി പദ്ധതികൾ നടപ്പാക്കുകയുംചെയ്തു. പരുമല കാൻസർ സെന്ററും രോഗികൾക്കുളള സൗജന്യചികിത്സാസഹായപദ്ധതിയായ സ്നേഹസ്പർശവും സേവനപാതയിലെ പ്രധാന കാൽവെപ്പുകളാണ്.

സഹായത്തിന്റെ കരങ്ങൾ

ബിജു ഉമ്മൻ (ഓർത്തഡോക്‌സ് സഭാ സെക്രട്ടറി)

അനുകമ്പയുടെ ആൾരൂപമായിരുന്നു കാതോലിക്കാബാവ. നിഷ്‌കളങ്കത, തുറന്ന മനസ്സ്, ലളിതജീവിതം, പാവങ്ങളോടുള്ള കരുണ ഇത് നാലും മുഖമുദ്രയാക്കിയ ജീവിതം. തിരുമേനി രോഗബാധിതനായി ചികിത്സയിലിരിക്കുന്ന സമയം, കോവിഡ് ബാധിച്ച് മരിച്ച ഒരാളുടെ മകൾക്ക് ഫീസടയ്ക്കാൻ പണമില്ല. എം.ബി.ബി.എസിന് പഠിക്കുന്നകുട്ടിയാണ്. ഇതറിഞ്ഞപ്പോൾ തന്റെ അക്കൗണ്ടിലുണ്ടായിരുന്ന പണം പഠിക്കുന്ന കോളേജിലേക്ക് അയച്ചുകൊടുത്തു. മനുഷ്യരുടെ  പ്രയാസങ്ങൾ അദ്ദേഹത്തിന്റെ ഹൃദയത്തിൽതട്ടിയാൽ അവരെ ഉള്ളുതുറന്നു സഹായിക്കുമായിരുന്നു. 

അരയ്ക്കുതാഴെ തളർന്ന ഒരാളുടെവീട് പ്രളയത്തിൽ തകർന്നപ്പോൾ എട്ടരലക്ഷംരൂപ ചെലവാക്കി വീടുനിർമാണത്തിന് മുൻകൈയെടുത്തു. മൂന്നാഴ്ചമുമ്പായിരുന്നു വീടിന്റെ താക്കോൽദാനം. അന്ന് തന്റെസമ്മാനമായി പുതിയ  വീൽച്ചെയർ വാങ്ങി എത്തിച്ചുകൊടുത്തു. നിശ്ശബ്ദമായി ജീവകാരുണ്യപ്രവർത്തനങ്ങൾ ചെയ്യുന്ന സ്വഭാവം. ഒന്നും മനസ്സിൽ വെക്കാതെ തുറന്നുപറയുന്നതായിരുന്നു ശീലം. അതുകൊണ്ടുതന്നെ അദ്ദേഹം ഏറെ തെറ്റിദ്ധരിക്കപ്പെട്ടു.