വിശ്വപൗരന്‍ ഇബ്രാഹീം നബിയുടെ അമരസ്മരണകള്‍ അയവിറക്കി സ്ഫുടം ചെയ്ത മനസ്സുമായി വിശ്വാസിവൃന്ദം ഇന്ന് ബലിപെരുന്നാള്‍ ആഘോഷിക്കുകയാണ്.

ഒരേ മണ്ണില്‍ ഒരുമയുടെ ഓര്‍മപ്പെടുത്തലുമായി ഭാഷ, ദേശ, വര്‍ണലിംഗ വ്യത്യാസങ്ങളില്ലാതെ സാഹോദര്യത്തിന്റെ സന്ദേശം വിളമ്പുന്ന അറഫാ സംഗമത്തിന് പിന്നാലെയാണ് പെരുന്നാള്‍ വന്നെത്തുന്നത്. എവിടെയും തല്‍ബിയത്തിന്റെയും പ്രാര്‍ഥനയുടെയും ധ്വനികള്‍, കണ്‍തടങ്ങളില്‍ ആത്മീയതയുടെ അശ്രുകണങ്ങള്‍.

ദൈവമാര്‍ഗത്തില്‍ ചെയ്യേണ്ട ധര്‍മസമരത്തിന്റെ മാതൃക ഇബ്രാഹീം നബിയില്‍നിന്നു പഠിക്കാനാണു വിശുദ്ധ ഖുര്‍ആന്‍ വിശ്വാസികളോട് ആഹ്വാനം ചെയ്യുന്നത്: ''അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ജിഹാദ് ചെയ്യേണ്ടതു പ്രകാരം നിങ്ങള്‍ ജിഹാദ് ചെയ്യുക. അവന്‍ നിങ്ങളെ ഉത്കൃഷ്ടരായി തിരഞ്ഞെടുത്തിരിക്കുന്നു. മതകാര്യത്തില്‍ ഒരു പ്രയാസവും നിങ്ങളുടെമേല്‍ അവന്‍ ചുമത്തിയിട്ടില്ല. നിങ്ങളുടെ പിതാവായ ഇബ്രാഹീമിന്റെ മാര്‍ഗമത്രേ അത്. മുന്‍പും (മുന്‍വേദങ്ങളിലും) ഇതിലും (ഈ വേദത്തിലും) അവന്‍ (അല്ലാഹു) നിങ്ങള്‍ക്കു മുസ്ലിങ്ങളെന്നു പേരു നല്‍കിയിരിക്കുന്നു. റസൂല്‍ നിങ്ങള്‍ക്കു സാക്ഷിയായിരിക്കാനും നിങ്ങള്‍ ജനങ്ങള്‍ക്കു സാക്ഷികളായിരിക്കാനും വേണ്ടി. ആകയാല്‍ നിങ്ങള്‍ നമസ്‌കാരം മുറപോലെ നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും അല്ലാഹുവിനെ മുറുകെപ്പിടിക്കുകയും ചെയ്യുക. അവനാണു നിങ്ങളുടെ രക്ഷാധികാരി. എത്ര നല്ല രക്ഷാധികാരി! എത്രനല്ല സഹായി!'(22:78).

ഇസ്ലാമിലെ അടിസ്ഥാനഘടകങ്ങളിലൊന്നായ ഹജ്ജ് കര്‍മത്തിലെ ആരാധനകള്‍ ഇബ്രാഹീം നബിയുടെയും കുടുംബത്തിന്റെയും പ്രതീകം കൂടിയാണ്. ഹജ്ജിനായി മക്കയിലെത്തിച്ചേരുന്ന ലക്ഷക്കണക്കിന് വിശ്വാസികള്‍ ബലികര്‍മം നടത്തിയും സ്വഫാ മര്‍വാ മലകള്‍ക്കിടയില്‍ നടന്നും ആ മഹത്തുക്കളുടെ ത്യാഗങ്ങള്‍ അനുസ്മരിക്കമ്പോള്‍ നാം പള്ളികളില്‍ തക്ബീര്‍ മുഴക്കിയും പെരുന്നാള്‍ നമസ്‌കാരം നിര്‍വഹിച്ചും ബലി നടത്തിയുമെല്ലാം ആ ത്യാഗനിര്‍ഭരമായ ജീവിതസ്മരണകള്‍ അയവിറക്കുന്നു.

പരീക്ഷണങ്ങളില്‍ പതറാതെ ത്യാഗോജ്ജ്വലമായ ജീവിതം കാണിച്ചുതന്ന ഇബ്രാഹീം നബിയാണ് ഈ കെടുതി കാലത്തും വിശ്വാസിയുടെ മാതൃകയാകേണ്ടത്. പൂര്‍ണസമര്‍പ്പണത്തിന്റെ പ്രതീകമായിരുന്ന ഇബ്രാഹീം നബി അല്ലാഹുവിന്റെ പ്രീതിക്കായി സര്‍വം സമര്‍പ്പിക്കാന്‍ സന്നദ്ധനായി. ഭാര്യ ഹാജറയെയും പുത്രന്‍ ഇസ്മാഈലിനെയും മക്കയില്‍ ഉപേക്ഷിച്ചു പോരാന്‍ അല്ലാഹു ആവശ്യപ്പെട്ടപ്പോള്‍ മറ്റൊന്നാലോചിക്കാതെ മരുഭൂമിയില്‍ അവരെ തനിച്ചാക്കി നാഥന്റെ ആജ്ഞയനുസരിക്കാന്‍ അവിടുന്നു തയ്യാറായി.

പരീക്ഷണങ്ങളില്‍ വെപ്രാളപ്പെടാതെ ദൈവിക കല്പനയെ അക്ഷരംപ്രതി അംഗീകരിച്ചതാണ് ലോക ജനതയ്ക്ക് അല്ലാഹു സംസം പോലും നല്‍കാന്‍ കാരണമായതെന്നാണ് പണ്ഡിത മതം.

വിധിയെ വിധിയായി കാണാന്‍ നമുക്കാവണം. തന്നെ പടച്ച് പരിപാലിക്കുന്ന സ്രഷ്ടാവില്‍ എല്ലാം സമര്‍പ്പിച്ചാല്‍ അവന് ദൈവംതന്നെ മതി. 'അല്ലാഹുവിന്റെ അടിമയ്ക്ക് അല്ലാഹു മാത്രം മതിയായ വനല്ലേ...' എന്ന ഖുര്‍ആന്‍ വാക്യം ഇതാണ് വിളിച്ചോതുന്നത്.

തുടര്‍ന്ന് വാര്‍ധക്യകാലത്തു ലഭിച്ച പ്രിയ പുത്രനെ ബലി നല്‍കണമെന്ന ദൈവികനിര്‍ദേശം വന്നപ്പോള്‍ നബി അതിനു സന്നദ്ധനായി. പരീക്ഷണത്തില്‍ ഇബ്രാഹീം നബി വിജയിച്ചു. പിതാവിന്റെയും പുത്രന്റെയും ത്യാഗസന്നദ്ധതയില്‍ സംതൃപ്തനായ അല്ലാഹു പുത്രനു പകരം ഒരാടിനെ ബലിയറക്കാന്‍ വിധിച്ചുകൊണ്ട് ഇരുവരെയും അനുഗ്രഹിക്കുകയായിരുന്നു.

ആ ത്യാഗമാണ് ഓരോ ബലിപെരുന്നാളിനും ഉള്ഹിയ്യത് (ബലികര്‍മം) നടത്തി നാം അനുസ്മരിക്കുന്നത്. ദൈവിക കല്പനയ്ക്ക് മുമ്പില്‍ പകച്ചു നില്‍ക്കാത്ത ശുദ്ധ മനസ്‌കനായ ഇബ്രാഹീമിനെയാണ് ഇവിടെ നാം കാണുന്നത്.

ആര്‍ത്തലച്ച പേമാരിക്കുമുമ്പില്‍ ഇന്നു വിറങ്ങലിച്ച് നില്‍ക്കുകയാണ് കേരളം. ഒരു വര്‍ഷം മുമ്പുണ്ടായ പ്രളയത്തിന്റെ നടുക്കത്തില്‍നിന്ന് കരകയറും മുമ്പ് അതേ വ്യാപ്തിയോടെയും ഭീകരതയോടെയും നമ്മെ വീണ്ടും പരീക്ഷിക്കാനെത്തിയിരിക്കുകയാണ്. ഇബ്രാഹീം നബിയുടെ ത്യാഗപാഠങ്ങള്‍ ഇവിടെയും നാം കൈമുതലാക്കണം. മാനവ ഐക്യത്തിന്റെ വിളംബരമാണ് ഹജ്ജ് എങ്കില്‍ മറ്റൊരു 'ഐക്യ കേരളം' പണിയാന്‍ ഈ പ്രളയവേളയിലും നമുക്ക് കഴിയണം. കൈമെയ് മറന്നു ദുരിതാശ്വാസ ഏകോപനത്തിന് എല്ലാം ദൈവത്തിലര്‍പ്പിച്ച് നാം മുന്നേറണം. നമ്മുടെ ഐക്യവും സാഹോദര്യവും ദുരന്തമുഖത്തുമാത്രം മറനീക്കി പുറത്തുവരേണ്ടതല്ല. മത, രാഷ്ട്രീയ, ജാതി, ഭേദമന്യേ രാജ്യത്തെയും അതിലെ സകല ജനവിഭാഗങ്ങളെയും ഒന്നായി കാണാനും അതിലൂടെ വ്യത്യസ്ത മത വിഭാഗങ്ങള്‍ക്കിടയില്‍ സഹവര്‍ത്തിത്വത്തിന്റെ പുതിയ അധ്യായങ്ങള്‍ രചിക്കാനും എല്ലാവര്‍ക്കും കഴിയണം.

അതായിരിക്കട്ടെ, ഈ പെരുന്നാള്‍ നല്‍കുന്ന വലിയ സന്ദേശം...