യേശുക്രിസ്തുവിന്റെ ജീവിതകാലത്തിനു മുമ്പുതന്നെ ഗ്രീക്കുകാർ ശാസ്ത്രത്തിലും തത്ത്വശാസ്ത്രത്തിലും മറ്റും പ്രഗല്‌ഭരായിരുന്നു. അങ്ങനെയൊരു അഹങ്കാരം അവർക്കും ഉണ്ടായിരുന്നു. വാദപ്രതിവാദത്തിൽ മറ്റുള്ളവരെ തോൽപ്പിക്കുക എന്നതായിരുന്നു അക്കാലത്തെ പാണ്ഡിത്യത്തിന്റെ അളവുകോൽ. അവസാനഘട്ടത്തിൽ ഗ്രീസിൽനിന്നുള്ള ചില പണ്ഡിതർ യേശുവിനെ സന്ദർശിക്കാനെത്തി. അവരെ സ്വീകരിച്ച യേശുക്രിസ്തു താൻ ആരാണെന്നു സ്വയം പരിചയപ്പെടുത്താൻ ഒരു ഉപമ ഉപയോഗിച്ചു. (യോഹന്നാൻ പന്ത്രണ്ടാം അധ്യായം). ‘ഒരു ഗോതമ്പുമണി നിലത്തുവീണ് അഴുകുന്നില്ലെങ്കിൽ, അത് അതേപടിയിരിക്കും; അഴുകുന്നെങ്കിലോ വളരെ ഫലം പുറപ്പെടുവിക്കും.’ ഒരു ധാന്യമണിയുടെ ഉറപ്പുള്ള പുറന്തോട് അഴിയുമ്പോഴാണല്ലോ, അതിന്റെ ഉള്ളിൽനിന്ന് അനേകം മുളകൾ ഉണരുകയും അതിൽ ഓരോന്നിലും കതിർക്കുലകൾ ഉണ്ടാവുകയും ചെയ്യുന്നത്. ഈ ഗ്രാമീണ ഉപമയിലൂടെ ഗ്രീക്കുകാരുടെ പാണ്ഡിത്യത്തെ പൊള്ളയാണെന്നും അത് ഫലം പുറപ്പെടുവിക്കാത്തതാണെന്നും സൂചിപ്പിക്കുക മാത്രമല്ല, സമൂഹത്തിനുവേണ്ടി സ്വയം ഇല്ലാതായാൽ മാത്രമേ ഫലദായകവും ജനോപകാരപ്രദവുമാകൂ എന്ന് വ്യക്തമാക്കുകയുമായിരുന്നു യേശുദേവൻ
സഹനത്തിന്റെ രുചി മധുരമാണെന്ന് ഇന്ന് ആരെങ്കിലും അഭിപ്രായപ്പെട്ടാൽ അയാൾക്ക് ചിത്തഭ്രമമാണെന്ന് തീർപ്പാക്കാൻ ഒട്ടേറെപ്പേരുണ്ടാകും. ഉന്നതമായ തത്ത്വങ്ങൾ യാഥാർഥ്യമാക്കിയ രാഷ്ട്രപിതാവിന് വെടിയേറ്റപ്പോൾ, ‘‘ഹേ റാം’’ എന്ന പുഞ്ചിരിയോടെയുള്ള പ്രതികരണവും അതികഠിനമായ പീഡകൾക്കുശേഷം, ‘‘എല്ലാം പൂർത്തിയായി’’ എന്ന് യേശുക്രിസ്തു കുരിശിൽ മൊഴിഞ്ഞ് അന്ത്യശ്വാസം വലിച്ചതും സഹനത്തിന്റെ രുചി മധുരമാണെന്നതിന്റെ ചുരുക്കപ്പട്ടികയാണ്. തനിക്കുബോധ്യമുള്ള വിശ്വാസത്തെ സ്വന്തമാക്കിയതിന് ലഭിച്ച ഉന്നതസ്ഥാനമാണ് ദേവസഹായം പിള്ളയ്ക്ക് നൽകപ്പെടുന്ന വിശുദ്ധപദവി. സഹനത്തിൽ യേശുവിന്റെ പീഡാനുഭവത്തിന്റെ ചെറിയ പതിപ്പായിരുന്നു കഥാപുരുഷൻ. 
സാധാരണഗതിയിൽ സന്ന്യസ്തർക്കും വൈദികർക്കും ആവൃതിവാസികൾക്കുമെല്ലാം മാറ്റിെവക്കപ്പെട്ടുന്ന ‘വിശുദ്ധ പദവി’ കുടുംബജീവിതം നയിച്ച ഒരു വ്യക്തിക്ക് സമർപ്പിക്കുന്നുവെന്നത് സഭാചരിത്രത്തിൽത്തന്നെ വിരളമാണ്. സാധാരണക്കാരായ നമ്മുടെ ജീവിതത്തിൽ ഒരു വ്യക്തിക്കോ തത്ത്വത്തിനോ വേണ്ടി സസന്തോഷം സഹനം ഏറ്റെടുക്കണമെന്ന് വെറും നാൽപ്പതുവർഷം ജീവിച്ച ദേവസഹായം പിള്ളയുടെ തിരുശേഷിപ്പുകൾ സൂക്ഷിച്ചിട്ടുള്ള കോട്ടാർ ശബരിയാർ കോവിലെ കബറിടത്തിൽനിന്ന് സുഖഭോഗങ്ങൾക്കു പിന്നാലെ പായുന്ന ലോകത്തോട് ആഹ്വാനം ചെയ്യുന്നു.