21 വയസ്സുവരെയാണ് സ്വാമി ജന്മനാട്ടിൽ ചെലവഴിച്ചത്. പൂർവാശ്രമത്തിൽ കുമാരൻ എന്ന പേരിൽ അറിയപ്പെട്ടിരുന്ന അദ്ദേഹം പുനലൂർ ചന്തയിൽ കാർഷികോത്‌പന്നങ്ങൾ വിൽക്കാൻ പോയതായിരുന്നു. മടങ്ങിവരാത്തതുകൊണ്ട് നാട്ടിലെല്ലാം തിരഞ്ഞു. ശിവഗിരിയിൽ കാണുമെന്ന് മകന്റെ മനസ്സറിയുന്ന അമ്മ പറഞ്ഞു. ശിവഗിരിയിൽ തിരക്കിച്ചെന്നവരോട് തന്റെ വഴി ഗുരുധർമപ്രചാരണമാണെന്ന് അദ്ദേഹം വ്യക്തമാക്കുകയായിരുന്നു.   പ്രകാശാനന്ദസ്വാമിയുടെ സമകാലികരൊന്നും നാട്ടിൽ ജീവിച്ചിരിപ്പില്ല. കർഷകകുടുംബമായിരുന്ന കുന്നത്തുവീട്ടിൽ നാരായണൻ-വെളുമ്പി ദമ്പതിമാരുടെ അഞ്ചുമക്കളിൽ ഇളയവനായിരുന്നു അദ്ദേഹം. ശ്രീനാരായണഗുരുദേവന്റെ ഭക്തരായിരുന്ന അച്ഛനമ്മമാരുടെ പാത പിൻതുടർന്ന് തീരേ ചെറുപ്പത്തിൽത്തന്നെ കുമാരൻ ശ്രീനാരായണദർശനങ്ങളിൽ ആകൃഷ്ടനായി. ചെറുപ്പത്തിൽ നല്ലൊരു കർഷകനായിരുന്നു. ഇന്ന് യു.പി.സ്കൂളായി മാറിയ കളത്താരടി സ്കൂളിൽ ഏഴാംക്ലാസുവരെയാണ് അദ്ദേഹം പഠിച്ചത്.

സഹോദരങ്ങളെല്ലാം നേരത്തേ മരിച്ചു. ജന്മവീട് പൊളിച്ചുമാറ്റിയ സ്ഥലത്ത് മൂത്ത സഹോദരിയുടെ മകൻ ദിനമണിയും കുടുംബവും താമസിക്കുന്നു. മറ്റുസഹോദരങ്ങളുടെ മക്കളും ചെറുമക്കളുമൊക്കെ അധികം ദൂരത്തല്ലാതെ താമസിക്കുന്നുണ്ട്. ആരോഗ്യപ്രശ്നങ്ങളുണ്ടാകുന്നതുവരെ അദ്ദേഹം കുടുംബക്ഷേത്രമായ പിറവന്തൂർ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ചടങ്ങുകളിൽ പങ്കെടുക്കാനെത്തുമായിരുന്നു. അടുത്ത ബന്ധുക്കളുടെ വീടുകളിലെ ചടങ്ങുകളിലും പങ്കെടുക്കാനായി ജന്മദേശത്തെത്തും. അപ്പോഴെല്ലാം വിവിധ സമുദായനേതാക്കൾ ഉൾപ്പെടെയുള്ളവർ അദ്ദേഹത്തെ കാണാനെത്തും. എല്ലാവരോടും സ്നേഹപൂർവമായിരുന്നു പെരുമാറ്റം - പുതുക്കിപ്പണിത കുടുംബവീട്ടിലെ ഇപ്പോഴത്തെ താമസക്കാരനായ സഹോദരീപുത്രൻ ദിനമണി പറഞ്ഞു. ശിവഗിരി മഠാധിപതിയായപ്പോഴും അദ്ദേഹത്തിന്റെ നവതി ആഘോഷവേളയിലും നാട്ടുകാർ ഊഷ്മളമായ സ്വീകരണം ഒരുക്കിയിരുന്നു.  നാടിന്റെ വികസനകാര്യത്തിലും അദ്ദേഹം ശ്രദ്ധാലുവായിരുന്നു. കമുകുംചേരിയിൽ കല്ലടയാറിനുകുറുകെ പാലം വേണമെന്ന് ആദ്യം തന്നോട് ആവശ്യപ്പെട്ടത് പ്രകാശാനന്ദസ്വാമിയായിരുന്നുവെന്ന് കെ.ബി. ഗണേഷ്‌കുമാർ എം.എൽ.എ. പറഞ്ഞു. പാലം യാഥാർഥ്യമായപ്പോൾ ഉദ്ഘാടനവേളയിൽ മഠാധിപതിയായിരുന്ന സ്വാമിയെ പങ്കെടുപ്പിച്ചിരുന്നു. 

ശ്രീനാരായണഗുരുദേവന്റെ ഭക്തരായിരുന്ന അച്ഛനമ്മമാരുടെ പാത പിൻതുടർന്ന് 
തീരേ ചെറുപ്പത്തിൽത്തന്നെ കുമാരൻ ശ്രീനാരായണദർശനങ്ങളിൽ ആകൃഷ്ടനായി