Swami Prakashanandaശ്രീനാരായണഗുരു കണ്ടെത്തിയ ശിഷ്യനായിരുന്നു സ്വാമി പ്രകാശാനന്ദ. ഒരിക്കൽ ഗുരുദേവൻ കൊല്ലം ജില്ലയിലെ പിറവന്തൂർ ഗ്രാമത്തിലെ എലിക്കാട്ടൂർ കളത്തരാടി തറവാട്ടിലെത്തിയപ്പോൾ ‘നമുക്കിവിടെ ഒരാളുണ്ടല്ലോ’ എന്നുപറഞ്ഞു. അന്ന് ആർക്കും ഗുരുവചനത്തിന്റെ പൊരുൾ മനസ്സിലായില്ല. കാൽനൂറ്റാണ്ട് കഴിഞ്ഞപ്പോൾ കളത്തരാടി തറവാട്ടിൽനിന്ന്‌ ഗുരുദർശനംതേടി കുമാരൻ എന്ന യുവാവ് ശിവഗിരിയിലെത്തി. ഗുരുവചനത്തിന്റെ സാക്ഷാത്കാരമെന്നോണം അന്ന് ശിവഗിരിയിലെത്തിയ കുമാരനാണ് പിന്നീട് ശ്രീനാരായണധർമസംഘം ട്രസ്റ്റിന്റെ അധ്യക്ഷപദംവരെയെത്തിയ പ്രകാശാനന്ദ സ്വാമി.

കൊല്ലം പിറവന്തൂരിൽ രാമൻ-വെളുമ്പി ദമ്പതിമാരുടെ അഞ്ചുമക്കളിൽ ഇളയവനായി കൊല്ലവർഷം 1098 വൃശ്ചികമാസത്തിലെ അനിഴം നക്ഷത്രത്തിലാണ് കുമാരൻ ജനിച്ചത്. ശ്രീനാരായണഗുരു സമാധിയടയുമ്പോൾ കുമാരന് അഞ്ചുവയസ്സായിരുന്നു. ആദ്യമായി ശിവഗിരിയിലെത്തുമ്പോൾ 23-ഉം. അമ്മയിൽനിന്നാണ് ഭക്തിയുടെയും വ്രതാനുഷ്ഠാനങ്ങളുടെയും തീവ്രതയും ശ്രീനാരായണഗുരുദേവ കൃതികളുടെ നിത്യപാരായണവും ധ്യാനവും മനസ്സിലാക്കിയത്. അതിന്റെ പിൻബലത്തിലാണ് ഗുരുദർശനത്തിന്റെ പാതയിലൂടെ യാത്രയാരംഭിച്ചത്. ശിവഗിരിയിലെത്തിയ കുമാരന് മഹാസമാധിയിലെ പൂജാകാര്യങ്ങളിൽ സഹായിക്കുകയായിരുന്നു ആദ്യനിയോഗം.പിന്നീട് കന്യാകുമാരിമുതൽ നേപ്പാൾവരെ രണ്ടുവർഷത്തിലധികം നീണ്ട തീർഥയാത്രയിൽ ഇന്ത്യയിലെ ഒട്ടുമിക്ക തീർഥഘട്ടങ്ങളും ആശ്രമങ്ങളും സന്ദർശിക്കാനായി. ആധ്യാത്മികതയുടെ നിത്യത പ്രകാശിപ്പിച്ച കുമാരൻ 35-ാം വയസ്സിൽ സന്ന്യാസദീക്ഷ സ്വീകരിച്ച് സ്വാമി പ്രകാശാനന്ദയായി. ഗുരുദേവന്റെ മഹാസങ്കല്പമായിരുന്ന ശിവഗിരിയിലെ ബ്രഹ്മവിദ്യാലയം പ്രവർത്തനമാരംഭിച്ചത് സ്വാമി ധർമസംഘം ജനറൽ സെക്രട്ടറിയായിരുന്ന കാലത്താണ്.

മൗനവ്രതവും നിരാഹാരവും
1983 ഡിസംബർ നാലിനായിരുന്നു ഷഷ്ഠിപൂർത്തി. അതിനടുത്തദിവസംമുതൽ ദീർഘകാലത്തെ മൗനവ്രതത്തിലേക്ക് സ്വാമി പ്രവേശിക്കുകയായിരുന്നു. എട്ടുവർഷവും ഒമ്പതുമാസവും മൗനവ്രതം നീണ്ടു.
1995-ൽ സ്വാമി ആദ്യമായി ധർമസംഘം പ്രസിഡന്റായെങ്കിലും കാലാവധി തികയുമുമ്പ് ശിവഗിരിഭരണം സർക്കാർ ഏറ്റെടുത്തു. സന്ന്യാസിമാർക്കിടയിലെ ആന്തരികപ്രശ്നങ്ങളാണ് ഇടപെടലിലേക്ക് നയിച്ചത്. ഇതിനെതിരേ ശക്തമായ പ്രതിരോധമാണ് സ്വാമി തീർത്തത്. പ്രതിഷേധമായി കൂർക്കഞ്ചേരിയിൽനടന്ന യോഗത്തിൽ അടുത്തദിവസംമുതൽ സെക്രട്ടേറിയറ്റിനുമുന്നിൽ നിരാഹാരസത്യാഗ്രഹം ആരംഭിക്കുകയാണെന്ന് സ്വാമി പ്രഖ്യാപിച്ചു. പിന്നീടുള്ള നാളുകളിൽ ജനശ്രദ്ധ സെക്രട്ടേറിയറ്റിനുമുന്നിലേക്ക് തിരിഞ്ഞു. 16 ദിവസം അവിടെ സമരം തുടർന്നു. വലിയ പിന്തുണയാണ് എല്ലാവരിൽനിന്നും ലഭിച്ചത്. 16-ാം ദിവസം ബി.ജെ.പി. നേതാവ് എൽ.കെ. അദ്വാനി പ്രകാശാനന്ദയെ സന്ദർശിക്കാനെത്തി. അന്നുരാത്രി സ്വാമിയെ മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും അവിടെയും സമരം തുടർന്നു. 29-ാം ദിവസമാണ് സമരം അവസാനിച്ചത്.

ശിവഗിരിഭരണം തിരികെലഭിക്കാൻ സുപ്രീംകോടതിവരെ നീണ്ട നിയമപോരാട്ടത്തിനും സ്വാമി നേതൃത്വം നൽകി. കലുഷിതമായ അക്കാലയളവിൽ പലവിധ ഭീഷണികൾ നേരിടേണ്ടിയും പ്രതിബന്ധങ്ങൾ അതിജീവിക്കേണ്ടിയും വന്നു. ഒടുവിൽ ഗുരുനിയോഗംപോലെ ധർമസംഘം ട്രസ്റ്റിന്റെ അധ്യക്ഷസ്ഥാനം അദ്ദേഹത്തിന് തിരികെലഭിച്ചു. 2006 മുതൽ പത്തുവർഷം അദ്ദേഹം പ്രസിഡന്റായിരിക്കുമ്പോഴാണ് ശിവഗിരിയിലും അനുബന്ധസ്ഥാപനങ്ങളിലും ഇന്നുകാണുന്ന വികസനമുണ്ടായത്. ശിവഗിരി കൺവെൻഷൻ സെന്റർ, സ്ഥിരം തീർഥാടനപ്പന്തൽ, റിക്ഷാമണ്ഡപം, ശാരദാമഠം നടപ്പന്തൽ തുടങ്ങിയവ അക്കൂട്ടത്തിൽ ചിലതാണ്.ഉപരാഷ്ട്രപതി ഡോ. ഹമീദ് അൻസാരി, പ്രധാനമന്ത്രി നരേന്ദ്രമോദി, ടിബറ്റൻ ആത്മീയാചാര്യൻ ദലൈലാമ, സോണിയാഗാന്ധി, മായാവതി തുടങ്ങിയവർ സ്വാമി അധ്യക്ഷനായിരുന്ന കാലത്ത് ശിവഗിരിയിലെത്തി. 2013-ൽ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദി ശിവഗിരിയിലെത്തിയപ്പോൾ പ്രകാശാനന്ദയെ മുറിയിലെത്തി കണ്ടിരുന്നു. അന്ന് തുണികൊണ്ടുള്ള തലപ്പാവ് മോദിയെ അണിയിച്ചശേഷം,

ഇനി പ്രധാനമന്ത്രിയായിട്ടേ ഇങ്ങോട്ടുവരാവൂ എന്ന്‌ പറഞ്ഞാണ് യാത്രയാക്കിയത്. പ്രധാനമന്ത്രിയായശേഷം 2015-ൽ മോദി വീണ്ടും ശിവഗിരിയിലെത്തി. അന്ന് പ്രകാശാനന്ദയുടെ കാൽതൊട്ട് വന്ദിച്ചശേഷമാണ് മോദി ജനങ്ങളെ അഭിവാദ്യംചെയ്തത്.  ശിവഗിരി തീർഥാടന പ്ലാറ്റിനംജൂബിലി, ശ്രീശാരദാപ്രതിഷ്ഠാ ശതാബ്ദി, ദൈവദശകം രചനാശതാബ്ദി തുടങ്ങിയ ആഘോഷങ്ങൾ ലോകശ്രദ്ധയാകർഷിക്കുന്ന രീതിയിൽ സംഘടിപ്പിച്ചതും സ്വാമിയുടെ നേതൃത്വത്തിലാണ്. ഏഴുപതിറ്റാണ്ടിലേറെയായി ഗുരുസേവ ചെയ്യുകയെന്ന മഹാഭാഗ്യം ലഭിച്ചവർ ഏറെയില്ല. ശിവഗിരി മഠത്തിന്റെ ചരിത്രത്തിൽ പ്രകാശാനന്ദ സ്വാമിയുടെ സ്ഥാനം നിസ്തുലമാണ്.