‘വേദാധികാരനിരൂപണം’ എന്ന ചട്ടമ്പിസ്വാമികളുടെ പ്രൗഢമായ ഗവേഷണപ്രബന്ധം വായിച്ചുകേട്ട നടരാജഗുരു അദ്‌ഭുതംകൂറിയത്, ഇതെഴുതിയ കടലാസിന് തീപിടിച്ചില്ലല്ലോ എന്നാണ്. വേദത്തിന്റെ കുത്തകാധികാരത്തിനെതിരായ വെല്ലുവിളിയായിരുന്നു ആ ഗ്രന്ഥം. ധർമാധർമങ്ങൾ തിരിച്ചറിയാനുള്ള ഉപാധിയാണ് വേദമെങ്കിൽ ജിജ്ഞാസുവായ ഏതൊരാൾക്കും അത് പഠിക്കാൻ അർഹതയുണ്ടെന്നായിരുന്നു സ്വാമിയുടെ വാദം. ആര് അഭ്യസിച്ചാലും അതിന്റെ മഹിമയ്ക്ക് കുറവുവരില്ലെന്നും അദ്ദേഹം സമർഥിച്ചു.
കാവിവസ്ത്രം ധരിക്കാതെ സന്ന്യാസിയായി ജീവിച്ച സാമൂഹികവിപ്ലവകാരിയായിരുന്നു ചട്ടമ്പിസ്വാമികൾ. പരമ്പരാഗതമായ പല പിന്തിരിപ്പൻ ധാരണകളെയും അന്ധവിശ്വാസങ്ങളെയും ശാസ്ത്രീയമായ യുക്തിയിലൂടെ അദ്ദേഹം തിരുത്തി. ‘പ്രാചീനമലയാളം’ എന്ന കൃതിയിൽ കേരളോത്‌പത്തി സംബന്ധിച്ച പരശുരാമകഥയെയാണ് തിരസ്കരിക്കുന്നത്. സത്യാന്വേഷിയായ വിപ്ലവകാരിയെയാണ് സ്വാമിയുടെ കൃതികൾ കാട്ടിത്തരുന്നത്. കടുത്തദാരിദ്ര്യത്തോട്‌ പടവെട്ടി ബാല്യം പിന്നിട്ട അദ്ദേഹം പിന്നീട് പോരാടിയത് സാമൂഹികമായ ഉച്ചനീചത്വങ്ങളോടാണ്. ഇത്തരം വേർതിരിവുകൾ മനുഷ്യന്റെ ഭൗതികവും സാംസ്കാരികവുമായ പുരോഗതിക്ക് തടസ്സമാണെന്നും സമർഥിച്ചു. വേദാന്തവിചാരവും യോഗമാർഗാന്വേഷണവും ഗൃഹസ്ഥന്മാർക്കുമാകാം എന്നും നിർദേശിച്ചു.
ലോകമേ തറവാട് എന്ന സങ്കല്പത്തിലായിരുന്നു ജീവിതം. സമസ്ത ജീവജാലങ്ങളെയും സമസൃഷ്ടികളായി പരിഗണിച്ചു. മനുഷ്യൻ ഒറ്റജാതിയാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രമാണം. ജാതീയമായി താഴേക്കിടയിലുള്ളവരെ തൊട്ടുണ്ണുന്നതിന് മടിച്ചില്ല. ഉറുമ്പ്, പട്ടി, പൂച്ച തുടങ്ങിയ ജീവികളുമായി പങ്കുവെച്ചുമാത്രമേ ആഹാരം കഴിച്ചിരുന്നുള്ളൂ.
1892-ൽ എറണാകുളത്തുവെച്ച് കണ്ടപ്പോൾ ചിന്മുദ്രയെക്കുറിച്ച് സ്വാമി വിവേകാനന്ദന് സംശയനിവൃത്തിവരുത്തി. വിവേകാനന്ദൻ ചട്ടമ്പിസ്വാമികളെക്കുറിച്ച് ‘ഞാൻ കേരളത്തിൽ ഒരു സവിശേഷസന്ന്യാസിയെക്കണ്ടു’ എന്നാണ് പിന്നീട് രേഖപ്പെടുത്തിയത്. പ്രകൃതിയോടിണങ്ങി ജീവിക്കാൻ പഠിപ്പിച്ച അദ്ദേഹം പന്മനയിലെ കാവാണ് തന്റെ സമാധിസ്ഥാനമാക്കാനും മുൻകൂട്ടിത്തന്നെ നിർദേശിച്ചത്.