കോവിഡിന്റെ ദുരന്തകാലത്താണ് ഈ വർഷം ശ്രീനാരായണ ഗുരുദേവന്റെ സമാധിദിനം ആചരിക്കുന്നത്.  കൊറോണയിൽനിന്ന് മാനവരാശിക്ക് മോചനമില്ലേ എന്ന ചോദ്യത്തിന് ഒരുത്തരമേയുള്ളൂ-ഗുരുദേവൻ പഠിപ്പിച്ച പ്രകൃതിസംരക്ഷണത്തിലേക്കും ശുചിത്വത്തിലേക്കും മടങ്ങുക.  ഈ ദുരന്തങ്ങൾ മുൻകൂട്ടി കണ്ടുകൊണ്ടാണ് പരിസ്ഥിതിസംരക്ഷണത്തിന്റെയും ശുചിത്വത്തിന്റെയും പാഠങ്ങൾ ഗുരുദേവൻ പഠിപ്പിച്ചത്.
സഹോദരസമാജത്തിന്റെ വാർഷികസമ്മേളനത്തിൽ സഹോദരനയ്യപ്പനോട് ഗുരു പറഞ്ഞ വാക്കുകൾ നമ്മെ ചിന്തിപ്പിക്കുകയും വിഷമിപ്പിക്കുകയും ചെയ്യുന്നു. അതിപ്രകാരമായിരുന്നു: ‘‘ഒടുങ്ങാത്ത ആവശ്യങ്ങൾ മനുഷ്യർക്കല്ലാതെ വേറൊരു മൃഗത്തിനുമില്ല. അവർ ഭൂമുഖത്തെല്ലാം സംഹാരതാണ്ഡവമാടുന്നു. പോകുന്നിടത്തെല്ലാം ശൂന്യതയുടെ കരിനിഴൽ പരത്തുന്നു. മരങ്ങളെല്ലാം വെട്ടി നശിപ്പിക്കുന്നു". ഇന്ന് നാം നേരിടുന്ന പരിസ്ഥിതിപ്രശ്നങ്ങളെല്ലാം ഗുരു ദീർഘവീക്ഷണംചെയ്തിരുന്നുവെന്ന് ഈ വാക്യം വ്യക്തമാക്കുന്നു. നാം താമസിക്കുന്ന വീടും പരിസരവും ശുചിയായിരിക്കണമെന്നും വ്യക്തിശുചിത്വം പാലിക്കണമെന്നും ഗുരു ഉദ്‌ബോധിപ്പിച്ചിരുന്നു. എന്നാൽ, അത് കർമപഥത്തിലെത്തിക്കാൻ കൊറോണ എന്ന മഹാമാരി വേണ്ടിവന്നു. 

‘മറ്റുള്ളവരുടെ ഹൃദയത്തിൽ ജീവിക്കാൻ കഴിയുന്നതാണ് അമരത്വം’ എന്ന സിഗ്‌മണ്ട്‌ ഫ്രോയിഡിന്റെ വാക്കുകൾ നാരായണഗുരു സാക്ഷാത്കരിച്ചു. ഈ അർഥത്തിൽ മനുഷ്യവംശം നിലനിൽക്കുന്നിടത്തോളം ഗുരു അമരനായിരിക്കും. ഗുരുവിന്റെ മുമ്പിൽ രണ്ടുമണ്ഡലങ്ങളേ ഉണ്ടായിരുന്നുള്ളൂ. ഒന്ന് വസ്തുതകൾ നിരന്നുനിൽക്കുന്ന ദൈനംദിനജീവിതം. മറ്റേത് പരയെന്ന് വിളിക്കാവുന്ന പരമാർഥത്തിന്റെ മണ്ഡലം. വേദാന്തചിന്തയിൽ പരിഗണനയിലെടുക്കേണ്ടത് ആത്മനിഷ്ഠമായ ആധ്യാത്മതത്ത്വങ്ങൾ മാത്രമല്ല അദ്വൈതചിന്തയുടെതന്നെ ഭാഗമായിവരുന്ന സമത്വം, നീതി തുടങ്ങിയ മാനുഷികപ്രശ്നങ്ങളെയും അതിന്റെ പരിധിയിൽപ്പെടുത്തണമെന്നും ഗുരു മനസ്സിലാക്കി. 

മനുഷ്യനും മനുഷ്യനും തമ്മിൽ നീതിപൂർവമായ ഒരു ബന്ധമാണുണ്ടായിരിക്കേണ്ടത് എന്നതിൽ ഗുരുവിന് നിർബന്ധമുണ്ടായിരുന്നു. അദ്വൈതവേദാന്തത്തിന്‌ ഗുരു നൽകിയ ഏറ്റവും പുതിയ ഈ രൂപം അദ്വൈതത്തിന്റെതന്നെ അനുസിദ്ധാന്തമെന്ന തരത്തിലുള്ള ഒരു കർമപരിപാടിയിലേക്കാണ് നയിക്കുന്നത്. ശ്രീനാരായണസംസ്കാരം സമൂഹത്തിന്റെ വിവിധ തലത്തിലുള്ളവരെ വ്യത്യസ്തമായ രീതിയിലാണ് സ്വാധീനിച്ചിട്ടുള്ളത്. യുക്തിവാദികളിൽ ആ സംസ്കാരം ജാതി-മത പ്രസക്തിയില്ലാത്ത സംസ്കാരമായി. ആധ്യാത്മികപ്രവണത നേരത്തേതന്നെ സംസ്കാരമായിരുന്നവരിൽ അത് നവീകരിക്കപ്പെട്ട ഒരധ്യാത്മ സംസ്കാരമായി. സാഹിത്യാദിപ്രവണതകളിൽ വേരുറച്ചുപോയവരുടെ സംസ്കാരത്തിൽ അത്‌ കലയിലും സാഹിത്യത്തിലുമുള്ള നവോത്ഥാനത്തിന്റെ സംസ്കാരമായി. ശാസ്ത്രപ്രതിപത്തിയുള്ള പലർക്കും അതിന്‌ കൂടുതൽ ആക്കമുണ്ടാക്കാൻ പ്രേരണ നൽകി. അവകാശപ്രഖ്യാപനം ആഗ്രഹിക്കുന്നവർക്ക് അതൊരു സംഘടനാശക്തി വളർത്താനുള്ള സംസ്കാരമായും തീർന്നു.

ആ ദർശനം
ഗഹനമായ ദാർശനികസിദ്ധാന്തങ്ങൾ ലളിതമായ ഭാഷയിലൂടെയും കൊച്ചുകൊച്ചു ഉദാഹരണങ്ങളിലൂടെയും ഗുരുദേവൻ പഠിപ്പിച്ചു. ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന വചനം അദ്വൈതസിദ്ധാന്തമാണ്. ഗാന്ധിജി ശിവഗിരിയിൽവന്ന് ഗുരുദേവനുമായി ചർച്ചനടത്തിയപ്പോൾ ചാതുർവർണ്യത്തെ ന്യായീകരിച്ചുകൊണ്ട്, മുറ്റത്തുനിൽക്കുന്ന ഒരു മാവിനെ ചൂണ്ടിക്കാട്ടി അതിലെ ഇലകളെല്ലാം പല രൂപത്തിലുള്ളതാണല്ലോ എന്നുപറഞ്ഞു. എല്ലാ ഇലകളുടെയും ചാറിന്റെ രുചി ഒന്നാണെന്ന ഗുരുവിന്റെ മൊഴി ഗാന്ധിജിയുടെ വിശ്വാസങ്ങളെത്തന്നെ മാറ്റിമറിക്കാനിടയായി. ആത്മാവ് ശാശ്വതവും ശരീരം നശ്വരവുമാണ്. അന്ത്യഘട്ടത്തിൽ ഗുരു രോഗിയായി. ഗുരുവിനെ സന്ദർശിച്ച മഹാകവി ഉള്ളൂർ, ‘അങ്ങയുടെ യോഗശക്തികൊണ്ട് രോഗം മാറ്റിക്കൂടയോ’ എന്നുചോദിച്ചു. ‘ഇത്‌ കേവലം ശരീരമല്ലേ’ എന്നാണ് ഗുരു നൽകിയ മറുപടി. ഉണ്ടായതെല്ലാം നശിക്കുമെന്ന വേദാന്തരഹസ്യമാണ് ഈ ചെറുവാക്യത്തിലൂടെ ഗുരു അരുൾചെയ്തത്. ആത്മീയാചാര്യനും നവോത്ഥാനനായകനുമായ ശ്രീനാരായണഗുരുവിന്റെ ദർശനം വേദോപനിഷത്തുക്കളെ മാത്രമല്ല യോഗം, തന്ത്രം, ശൈവം തുടങ്ങിയ ദർശനങ്ങളെയും അടിസ്ഥാനമാക്കിയാണ് ആവിഷ്കരിച്ചിട്ടുള്ളത്. 

വിദ്യാഭ്യാസം
എല്ലാവിധ വികസനത്തിന്റെയും അടിത്തറ വിദ്യാഭ്യാസമാണെന്ന് ഗുരു അദ്ദേഹത്തിന്റെ കർമത്തിലൂടെ പഠിപ്പിച്ചു. വിഗ്രഹപ്രതിഷ്ഠയുടെ ഒരു ഘട്ടം കഴിഞ്ഞപ്പോൾ ഇനി അമ്പലങ്ങളല്ല, വിദ്യാലയങ്ങളാണ് വേണ്ടതെന്ന് ഗുരു അരുൾചെയ്തു. അമ്പലങ്ങളോടനുബന്ധിച്ച് ഗ്രന്ഥശാലകൾ തുറന്നു. വിദ്യകൊണ്ട് പ്രബുദ്ധരാവുക എന്ന് ആഹ്വാനംചെയ്ത ഗുരുവിന്റെ ആശയ സാക്ഷാത്കാരമാണ് കേരളസർക്കാർ ആരംഭിക്കുന്ന ശ്രീനാരായണ ഓപ്പൺ യൂണിവേഴ്‌സിറ്റി. 

(കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടറാണ് ലേഖകൻ)