ഈശ്വരനെ നേർക്കുനേർ അറിയുകയായിരുന്നു ഭാരതത്തിന്റെ ജീവിതാദർശം. വിശ്വാസവും സങ്കല്പങ്ങളും ഇവരുടെ യുക്തിയുടെ മുന്നിൽ മുട്ടുമടക്കി പിൻവാങ്ങി. വിശേഷബുദ്ധിയും യുക്തിഭദ്രതയുമുള്ള ഒരു ജീവിതശൈലി നമുക്ക് സമ്മാനിച്ച ഗുരുപരമ്പരകൾ ഭാരതത്തിന് എന്നും അഭിമാനമായിരുന്നു. കേരളത്തെ ആകമാനം വെളിച്ചത്തിലേക്ക് നയിച്ച ശ്രീനാരായണ ഗുരുദേവന്റെ മഹാജയന്തി ആഘോഷവും സമാധിദിനാചരണവും ആർഷ പാരമ്പര്യത്താൽ ഭക്തമനസ്സുകളിൽ ആഹ്ലാദവും പ്രാർഥനയും നിറയ്ക്കുന്ന പുണ്യദിവസങ്ങളാണ്. 

അധഃസ്ഥിതരുടെ സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ ഉന്നമനത്തിനായി ഗുരുദേവൻ ഉഴുതുമറിച്ച കളത്തിൽ അക്രമത്തിന്റെയും വൈരുധ്യത്തിന്റെയും വേർതിരിവിന്റെയും വിഭാഗീയതയുടെയും സാമ്രാജ്യം പണിതുയർത്തി ഇവിടെ പലരും. സവർണമേധാവിത്വം എന്ന ജീർണതയെ പിഴുതെറിഞ്ഞ് ആധ്യാത്മിക വിദ്യയുടെ സമത്വവും സാഹോദര്യവും ജാതിമത ഭേദമെന്യേ എല്ലായിടത്തും എത്തിച്ച് മാനവരാശി ഒന്നടങ്കം ആത്മസാഹോദര്യത്തോടെ വാഴുകയും ഉയരുകയും വേണമെന്ന് ഗുരുദേവൻ നിർദേശിച്ചു. ചാതുർവർണ്യത്താൽ മനുഷ്യരെ ഉയർന്നവനെന്നും താഴ്ന്നവനെന്നും പരിധി കല്പിച്ച് അകറ്റിനിർത്തിയതിന്റെ ഫലമായി ഇന്ന് അഖണ്ഡഭാരത സ്വത്വം വീണ്ടെടുക്കാൻ മുറവിളികൂട്ടുന്നു ചിലർ. ഗുരുവിന്റെ ആധ്യാത്മികതയെ ബൂർഷ്വാസിസദാചാര നിയമമെന്നുപറഞ്ഞ് തള്ളിക്കളഞ്ഞ് ഗുരുവിന്റെ അദ്‌ഭുത സിദ്ധികളെയും സാധാരണക്കാരന്റെ വിശ്വാസത്തെയും അന്ധവിശ്വാസമെന്ന് പുച്ഛിച്ച് അവഹേളിക്കുന്നു മറ്റു ചിലർ. 

ബോധമുള്ളവനേ സ്വർഗമുള്ളൂ. ഉറങ്ങുന്നവനും മരിച്ചവനും ദൈവവുമില്ല, സ്വർഗവുമില്ല. മരിച്ചവന്റെ സ്വർഗത്തിനുവേണ്ടി ഉണർവിനെ ഉറക്കുന്ന വിശ്വാസം കേവലം യുക്തിശൂന്യമായ അന്ധത മാത്രം. മതവിശ്വാസം നമ്മെ കൂടിവന്നാൽ സ്വർഗംവരെയെത്തിക്കും. കാരണം, മതം പരിമിതമായ അർഥത്തിലും പ്രയോഗത്തിലും സാമൂഹികമായ ഒരാവശ്യമാണ്. മറിച്ച് ആധ്യാത്മികത പരിണാമചക്രത്തിലെ ബോധത്തിന്റെ ഒരു ഉയർന്ന അവസ്ഥയാണ്. സർവ സമാശ്ലേഷിയായ അദ്വൈത ദർശനത്തിലാണ് ഇതിന്റെ പരിസമാപ്തി. പണ്ടേ കണ്ടെത്തിയ ഈ പരിപൂർണതയിലേക്ക്‌ നമ്മെ നയിക്കുന്ന യുക്തിയും ശാസ്ത്രവും ഭാരതത്തിൽ അന്നും ഇന്നും ഒന്നുതന്നെ. എന്നിലെ എന്നിലേക്ക്‌, അവനവനിലെ കേന്ദ്രത്തിലേക്ക്‌, പൂർണതയിലേക്ക്‌ ബോധത്തിലേക്ക്‌ ഉണർന്ന ഗുരുവിന്റെ കൃതികളിൽ ഉപനിഷത്തുക്കളിലെ ആശയങ്ങളുടെ ആവർത്തനം വരെ കാണാനാവും. ഈ അടിത്തറയിൽനിന്ന് നോക്കുമ്പോൾ ചാതുർവർണ്യത്തിനുമുമ്പേ ഉണ്ടായിരുന്ന ഋഷിമാരുടെ, ബുദ്ധന്മാരുടെ പരമ്പരയിൽ വരുന്ന ഒരു മഹാത്മാവാണ് ശ്രീനാരായണ ഗുരുദേവൻ എന്ന് സമ്മതിച്ചേപറ്റൂ.

(സെക്രട്ടറി, ആലുവാ അദ്വൈതാശ്രമം)