നാളെ ജോൺ ഹെൻറി ന്യൂമനെ വിശുദ്ധനായി പ്രഖ്യാപിക്കുകയാണ്. ലോകമെങ്ങും ആദരിക്കപ്പെടുന്ന എഴുത്തുകാരനും പണ്ഡിതനുമാണദ്ദേഹം. ആംഗല സാഹിത്യത്തിൽ അദ്ദേഹത്തിനുള്ള സ്ഥാനം അദ്വിതീയമാണ്.1801 ഫെബ്രുവരി 21-ാം തീയതി ലണ്ടനിൽ പിറന്ന കർദിനാൾ ന്യൂമന്റെ പിതാവ് ജോൺ ന്യൂമൻ എന്ന ബാങ്കറായിരുന്നു. മൂന്നു സഹോദരന്മാരും മൂന്നു സഹോദരിമാരും അടങ്ങുന്ന ഒരു കുടുംബത്തിലെ പ്രഥമജാതനായിരുന്നു ജോൺ ഹെൻറി. ദൈവത്തെ ഒഴിവാക്കിക്കൊണ്ട് സുകൃതജീവിതം നയിക്കാൻ ശ്രമിക്കുന്ന ബുദ്ധിപരമായ ഒരുതരം സന്ദേഹവാദത്തിൽ അവൻ അഭയം കണ്ടെത്തി. ആത്മകഥയിലെ വാക്കുകളിൽ ‘സത്‌സ്വഭാവിയായി ജീവിക്കാൻ ഞാനാഗ്രഹിച്ചു. മതാനുയായിയായിട്ടല്ല. ദൈവത്തിനോ ക്രിസ്തുവിനോ എന്റെ ഭാവനയിൽ സ്ഥാനമുണ്ടായിരുന്നില്ല. അമ്മാതിരി ആശയങ്ങൾക്ക് എന്റെ യുക്തിബോധവുമായി പൊരുത്തപ്പെടാൻ സാധിച്ചില്ല. ദൈവത്തെ സ്‌നേഹിക്കുക എന്ന സങ്കല്പവുമായി യോജിക്കുന്നതും ദുഷ്‌കരമായിരുന്നു.’ 1816-ൽ സംഭവിച്ച ‘മാനസാന്തരം’ ഈ ധാരണകളെയൊക്കെ തകിടംമറിച്ചു. ജോൺ ഹെൻറിക്ക്‌ 15 വയസ്സുമാത്രമുള്ളപ്പോഴാണത്. ഫലമോ ? ദൈവത്തിന്റെ സാന്നിധ്യത്തിലാണ് താൻ എന്ന ഉത്തമബോധ്യം അദ്ദേഹത്തെ നിരന്തരം അനുയാത്രചെയ്യാൻ തുടങ്ങി.  1824-ൽ ജോൺ ഹെൻറി തിരുപ്പട്ടം സ്വീകരിച്ച് വൈദികനായി. തുടർന്ന് താൻപഠിച്ച ഓക്‌സ്‌ഫഡ് സർവകലാശാലയുടെ കീഴ്ഘടകമായ സെയ്‌ന്റ്‌ മേരീസ് ഇടവകയുടെ ചുമതലക്കാരനായി നിയമിക്കപ്പെട്ടു. അദ്ദേഹത്തിന്റെ പ്രസിദ്ധമായ പള്ളിപ്രസംഗങ്ങളുടെ തുടക്കം അവിടെ ആയിരുന്നു. പ്രശസ്തിയോ പ്രാമാണ്യമോ ഒന്നും അദ്ദേഹം ആഗ്രഹിച്ചില്ല. എന്താണ് മനുഷ്യവ്യക്തി ? എന്താണ് അയാളുടെ നിയതി? ഈ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുക അതായിരുന്നു ലക്ഷ്യം. 

ലീഡ് കൈൻഡ്‌ലി ലൈറ്റ്  
1832-ൽ ക്ഷീണിതനും രോഗിയുമായ ഒരു സുഹൃത്തിനോടൊപ്പം മധ്യധരണ്യാഴിയിലൂടെ നടത്തിയ യാത്രയ്ക്കിടയിൽ ന്യൂമൻ പെട്ടെന്നു രോഗഗ്രസ്തനായി. അദ്ദേഹം മരിക്കാൻ പോവുകയാണെന്ന് പരിചാരകന് തോന്നി. ‘ഇല്ല ഞാൻ മരിക്കുകയില്ല’ എന്ന്‌ ആവർത്തിച്ചു പറഞ്ഞ അദ്ദേഹം പരിചാരകനെ ആശ്വസിപ്പിച്ചു. സുഖംപ്രാപിച്ചശേഷം അദ്ദേഹം യാത്രതുടർന്നു. കത്തോലിക്കാവിശ്വാസം ആശ്ലേഷിക്കണം എന്ന ആഗ്രഹം അദ്ദേഹത്തിൽ വേരുറപ്പിച്ച് വളർന്നു. പലേർമോയിൽനിന്നു മർസേയിൽസിലേക്കുള്ള ഒരു ബോട്ടുയാത്രയ്ക്കിടയിലാണ് ‘ലീഡ് കൈൻഡ്‌ലി ലൈറ്റ്’ എന്ന തന്റെ ഏറ്റവും പ്രശസ്തമായ കാവ്യം രചിച്ചത്. 1845 ഓക്ടോബർ 9-ാം തീയതി ഫാ. ഡോമിനിക് ബാർബിയേറി ന്യൂമനെ കത്തോലിക്കാസഭയിലേക്ക് സ്വീകരിച്ചു.