‘അനന്തപുരജന്മാനം 
പന്മനഗ്രാമശായിനം 
ചട്ടമ്പിസ്വാമിനം വന്ദേ 
കേരളനവോത്ഥാനനായകം’
തിരുവനന്തപുരത്ത്‌ ജനിച്ച്‌, ഭാരതമഹിമയായ സന്ന്യാസപരമ്പരയ്ക്കു മകുടമായിത്തീർന്ന് കേരളനവോത്ഥാനത്തിന്റെ നായകത്വം വഹിച്ച് പന്മനഗ്രാമത്തിൽ മഹാസമാധിപൂകിയ ചട്ടമ്പിസ്വാമിതിരുവടികളെ വന്ദിക്കുന്ന ശ്ലോകമാണിത്. 1853 (1029 ചിങ്ങം 11 ഭരണിനക്ഷത്രം) മുതൽ 1924 (1099 മേടം 23) വരെയുള്ള എഴുപതുവർഷമായിരുന്നു സ്വാമികളുടെ ഭൂലോകവാസം. അതിനിടയിൽ അദ്ദേഹം നിറവേറ്റിയ മഹാകൃത്യങ്ങൾക്കു കണക്കില്ല. എന്നിട്ടും ഒന്നിന്റെയും ഉത്തരവാദിത്വമോ ഫലഭാഗമോ അദ്ദേഹം ഏറ്റതുമില്ല. അതിന്റെ കാരണം ചട്ടമ്പിസ്വാമികൾ സ്ഥിതപ്രജ്ഞനായിരുന്നു എന്നതാണ്. സ്ഥിതപ്രജ്ഞന്റേത് യജ്ഞകർമാനുഷ്ഠാനമാണ്. ലോകസംഗ്രഹം അഥവാ ഭുവനമംഗളമാണ് അതിന്റെ ലക്ഷ്യം. അതിനെപ്പറ്റി ഭഗവദ്ഗീതയിൽ ശ്രീകൃഷ്ണൻ വ്യക്തമാക്കിയിട്ടുണ്ട്.
‘കർമ ബ്രഹ്മോദ്ഭവം വിദ്ധി 
ബ്രഹ്മാക്ഷരസമുദ്ഭവം 
തസ്മാത് സർവഗതം ബ്രഹ്മ 
നിത്യം യജ്ഞേ പ്രതിഷ്ഠിതം’
കർമചലനങ്ങൾക്കെല്ലാം പരമകാരണകൂടസ്ഥമായ അക്ഷരബ്രഹ്മമായതുകൊണ്ട് സർവവ്യാപിയും നിത്യവുമായ ബ്രഹ്മം യജ്ഞരൂപമായ കർമത്തിൽ അധിഷ്ഠാനമായി വർത്തിക്കുന്നു. ബ്രഹ്മസാക്ഷാത്കാരം സിദ്ധിച്ചവരുടേതാണ് ഇങ്ങനെയുള്ള കർമാനുഷ്ഠാനം. അവർ മനുഷ്യരായും അതീതശക്തികളായും പ്രപഞ്ചത്തിൽ കാണപ്പെടും. സൂര്യനും ചന്ദ്രനും ജലവും വായുവും ആകാശവുമെല്ലാം ആരുടെയും പ്രശംസയോ നിന്ദയോ ഒന്നും നോക്കാതെ സ്വധർമം അനുഷ്ഠിക്കുന്നതിന്റെ പൊരുൾ ഇതാണ്. അതിന്റെ ഫലമായിട്ടാണ്‌ പ്രപഞ്ചത്തിന്റെ നിലനിൽപ്പ് സാധ്യമാകുന്നത്.
 ചട്ടമ്പിസ്വാമികൾ രൂപത്തിലോ പെരുമാറ്റത്തിലോ ഒരു അസാധാരണത്വവും പ്രകടിപ്പിച്ചില്ല. വെളുത്ത മുണ്ടുടുത്ത് കുടയുംചൂടിവരുന്ന ആ മനുഷ്യനെക്കണ്ടവർക്കെല്ലാം അദ്ദേഹം വെറും സാധാരണക്കാരനായിട്ടേ തോന്നിയുള്ളൂ. അതിനൊത്തവണ്ണംതന്നെ അദ്ദേഹം എല്ലാവരോടും ഇടപെടുകയും ചെയ്തു.
ലോകം തന്നെയായിരുന്നു കുടുംബം, സൃഷ്ടിജാലങ്ങൾ കൂടപ്പിറപ്പുകളും. ഭക്ഷണത്തിന്‌ സുഭിക്ഷതയോ കിടക്കാൻ സുഖസൗകര്യങ്ങളോ വേണമായിരുന്നില്ല. മത്സ്യമാംസങ്ങൾ പാകംചെയ്യാത്തതും മദ്യം ഉപയോഗിക്കാത്തതുമായ ഏതു വീട്ടിലുംനിന്ന് അദ്ദേഹം ഭക്ഷണം കഴിച്ചു. ദിവസങ്ങളോളം ആഹാരമില്ലാത്തതായിരുന്നു അദ്ദേഹത്തിന്റെ കുട്ടിക്കാലം. ദരിദ്ര നായർ ഭവനത്തിലായിരുന്നല്ലോ അദ്ദേഹത്തിന്റെ ജനനം. സ്വാമികൾ പറയുമായിരുന്നു: ‘‘പഴയമുറത്തിനു ചാണകവും പഴയവയറിനു ചോറും വല്ലപ്പോഴുമുണ്ടെങ്കിൽ അടയും; എപ്പോഴും വേണമെന്നില്ല.’’ ഭക്ഷണമുണ്ട് എങ്കിൽ ഉറുമ്പ്, പട്ടി, പൂച്ച എന്നിവയ്ക്കു കൊടുക്കാതെ അദ്ദേഹം കഴിക്കില്ല. കിടക്കാൻ കയറ്റുകട്ടിലുണ്ടെങ്കിൽ ധാരാളമായി. പക്ഷേ, ഉറങ്ങുന്ന മുറിയുടെ ജനൽവാതിലുകൾ അടച്ചിടുകയില്ല. ഇങ്ങനെയായതുകൊണ്ട് ചട്ടമ്പിസ്വാമികൾക്ക് ആതിഥ്യമേകാൻ ഭക്തർക്കോ ശിഷ്യർക്കോ ഒരു പ്രയാസവുമുണ്ടായില്ല.
എല്ലാവരോടും തുല്യനിലയിലേ പെരുമാറിയിട്ടുള്ളൂ, ലൗകികമട്ടിൽത്തന്നെ. കുട്ടികളോട് ഏറെ വാത്സല്യം. ശുചിത്വം, വ്യായാമം, വിനോദം, പഠനം, നല്ലശീലങ്ങൾ ഇവയെപ്പറ്റിയായിരുന്നു അവരോടുള്ള സംഭാഷണം. സ്ത്രീകളോടും പ്രത്യേകമായ വാത്സല്യമുണ്ടായിരുന്നു. അവർക്ക് പാചകവിധികൾ, ഗൃഹവൈദ്യം, ആരോഗ്യരക്ഷ എന്നിവ പഠിപ്പിച്ചുകൊടുത്തു. എന്നല്ല ചിലപ്പോഴെല്ലാം പാചകത്തിലും മറ്റും അവരെ സഹായിക്കുകയും ചെയ്തിരുന്നു.
സർവസാഹോദര്യവും സമത്വവും ദീക്ഷിച്ചിരുന്നതിനാൽ ജാതിചിന്ത തീണ്ടാത്തതായിരുന്നു മനസ്സ്. സമീപത്തെ ഈഴവഭവനങ്ങൾ കുട്ടിക്കാലത്തേ സ്വഭവനങ്ങളായിരുന്നു. ഡോ. പൽപ്പു, പെരുന്നെല്ലി കൃഷ്ണൻ വൈദ്യൻ, വെളുത്തേരി കേശവൻ വൈദ്യൻ മുതലായവരുടെ ഭവനങ്ങൾ ഇതിലുൾപ്പെടുന്നു. വാത്സല്യഭാജനങ്ങളെ സംബോധനചെയ്യുന്നതിൽ അദ്ദേഹത്തിന്റെ ഉദാരമായ സ്നേഹവായ്പ് പ്രകടമായിരുന്നു. ശ്രീനാരായണഗുരുവിനെ ‘എന്റെ നാണൻ’ എന്നും കുമാരനാശാനെ ‘എന്റെ തങ്കക്കുടം കുമാരൻ’ എന്നുമാണ് സ്വാമികൾ വിളിച്ചിരുന്നത്. ഇങ്ങനെ സംബോധനചെയ്യപ്പെട്ടവർ എണ്ണിയാൽ തീരില്ല. തനിക്കുണ്ടായ അനുഭവം സരസകവി മൂലൂർ പറഞ്ഞതിങ്ങനെ:
‘പുൽപായ ശിഷ്യനെക്കൊണ്ടരികിലിടുവിച്ചി-
‘ട്ടപ്പനേ! യിരി!' യെന്നു കല്പിച്ച വാക്യാമൃത
മിപ്പൊഴുമതേവിധമൊഴുകീടുന്നു, നിർവ്വി-
കല്പനാം മഹാമുനേ മാമകകർണ്ണങ്ങളിൽ’. 
ചട്ടമ്പിസ്വാമികൾക്ക് ധനത്തിലോ സ്വത്തിലോ ഒട്ടും ആഭിമുഖ്യമുണ്ടായിരുന്നില്ല. ധനം സൂക്ഷിക്കുകയോ കൊണ്ടുനടക്കുകയോ ചെയ്യുമായിരുന്നില്ല അദ്ദേഹം. തന്റെപേരിൽ ചാർത്തിക്കിട്ടിയ വൻഭൂസ്വത്തുക്കൾ വേണ്ടെന്നുവെച്ചു. മലയാറ്റൂർ കോടനാട്ട് തൊണ്ണൂറ് ഏക്കർ സ്ഥലം ഒരു ഭക്തൻ സ്വാമിയുടെപേരിൽ എഴുതിവെച്ചു. വിവരമറിഞ്ഞ സ്വാമികൾ ഭൂമി മുഴുവൻ പരിചാരകനായ പദ്മനാഭപ്പണിക്കർക്കു ദാനംചെയ്യുകയാണുണ്ടായത്.
കേരളം ഇന്നനുഭവിക്കുന്ന സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും അവസ്ഥ സൃഷ്ടിക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് അദ്വിതീയമാണ്. മഹാത്മാക്കളുടെ കർമാനുഷ്ഠാനങ്ങൾ അങ്ങനെയാണ്. അവർ ചെയ്യേണ്ടതു ചെയ്തിട്ട് അപ്രത്യക്ഷരാകും. ഭാവിതലമുറകൾ അതിന്റെ ഫലം അനുഭവിക്കും.
(കേരള സർവകലാശാലയിൽ 
മലയാളം പ്രൊഫസറും സെനറ്റ് അംഗവുമാണ് ലേഖകൻ)