ഗുരുവിനുവേണ്ടി സമർപ്പിച്ച പൗർണമിദിനം. ഗുരുപൂർണിമയ്ക്ക്‌ തൊട്ടുമുമ്പുള്ള പൂർണിമയാണ്‌ ബുദ്ധപൂർണിമ. അന്നാണ്‌ ബുദ്ധൻ ജനിച്ചതും അദ്ദേഹത്തിന്‌ ആത്മജ്ഞാനം സിദ്ധിച്ചതും. ചൈത്രത്തിലെ ചിത്രാപൂർണിമയാണ്‌ ബുദ്ധപൂർണിമയ്ക്ക്‌ മുമ്പുള്ളത്‌. നാലാമത്തെ പൂർണിമയാണ്‌ ശ്രാവണപൂർണിമ-സഹോദരീ സഹോദരബന്ധത്തിനുവേണ്ടിയാണ്‌ ഈ ദിവസം. മറ്റൊന്ന്‌ ശരത്‌പൂർണിമ. അന്നാണ്‌ കൃഷ്ണൻ ഗോപികമാരോടൊപ്പം നൃത്തംചെയ്ത പ്രേമാർദ്രമായ പൗർണമി. ഗുരുനാനാക്‌ ജനിച്ച ദിവസമാണ്‌ കാർത്തി പൂർണിമ.ഗുരുപൂർണിമ വ്യാസമഹർഷിക്കായി സമർപ്പിക്കപ്പെട്ടതാണ്‌. എല്ലാ പുരാണങ്ങളുടെയും കർത്താവ്‌. അദ്ദേഹം ജ്ഞാനത്തെ 18 പുരാണങ്ങൾ, നാലു വേദങ്ങൾ, എന്നിങ്ങനെ വർഗീകരിച്ചു. ആത്മീയപ്രഭാഷണം നടത്തുന്ന ആളുടെ ഇരിപ്പിടത്തെ ‘വ്യാസപീഠം’ എന്നാണ്‌ പറയുക. ജ്ഞാനത്തിന്റെ ഇരിപ്പിടമാണത്‌. മനുഷ്യരാശിയെ ദുഃഖത്തിൽനിന്ന്‌ മറികടക്കാൻ സഹായിച്ച മഹാത്മാക്കളിലൊരാളാണ്‌ വ്യാസൻ. ‘‘വ്യാസോച്ഛിഷ്ടം ജഗദ്‌സർവം’’ എന്നുപറയാറുണ്ട്‌. വ്യാസൻ സ്പർശിക്കാത്ത ഒരു വിഷയവുമില്ല എന്നർഥം.ഗുരുപൂർണിമ പുനരവലോകനത്തിന്റെ ദിവസമാണ്‌. ആത്മാന്വേഷിയുടെ നവവത്സരദിനമാണന്ന്‌. സ്വന്തം ആത്മീയവളർച്ചയിലുണ്ടായ ലാഭനഷ്ടങ്ങൾ വിലയിരുത്തുന്ന ദിവസം. പോയ ഒരുവർഷത്തിൽ നേടിയതിനെല്ലാം കൃതജ്ഞത പ്രകാശിപ്പിക്കുന്നതിനോടൊപ്പം, വരുന്നവർഷം ചെയ്യാനുള്ളത്‌ ചെയ്യാനുള്ള പ്രതിബദ്ധത ഊട്ടിയുറപ്പിക്കുകയും ചെയ്യുന്ന ദിവസം.ശിഷ്യൻ മനസ്സും ഗുരു ആത്മാവുമാണ്‌. മനസ്സ്‌ ആത്മാവിൽ ലയിക്കുമ്പോൾ ആഘോഷമുണ്ടാകുന്നു. ഗുരു ശരീരമല്ല; ആത്മാവാണ്‌. ജ്ഞാനമാണ്‌; ആത്മാവ്‌ ശരീരത്തിൽ പ്രകടീഭൂതമാകുന്നു എന്നുമാത്രം.
അജ്ഞതയിലാണ്ട മനസ്സ്‌ ഓരോരോ കൊച്ചുകാര്യങ്ങൾക്കുവേണ്ടി കേഴുകയാണ്‌. കാര്യം സാധിച്ചാലും ഇല്ലെങ്കിലും മനസ്സ്‌ കേഴും. ആത്മാവിനെ അന്വേഷിച്ചുകൊണ്ടുള്ള യാത്രയാണ്‌ മനസ്സിന്റേത്‌. ആത്മാവായ ഗുരു, അജ്ഞാനത്തെ അകറ്റി നമുക്ക്‌ ശാന്തിയും സന്തോഷവും തരുന്നു.
ഗുരുപൂർണിമയുടെ ദിവസമെങ്കിലും നിങ്ങൾ ഗുരുവിന്റെ ഭാഗമാണ്‌ എന്ന്‌ വിചാരിക്കൂ. ഈ മുഴുവൻ ലോകത്തെയും ഗുരുവിന്റെ കണ്ണിലൂടെ, ജ്ഞാനത്തിലൂടെ, ആത്മാവിലൂടെ കാണൂ! അപ്പോൾ എത്ര പൂർണരാണ്‌ നിങ്ങൾ എന്ന്‌ മനസ്സിലാകും.
കൃതജ്ഞതയുടെ ദിവസമായ ഗുരുപൂർണിമയുടെയന്ന്‌ ശിഷ്യനിൽ ഉദിക്കുന്നത്‌ സാധാരണ കൃതജ്ഞതയല്ല; അദ്വൈതത്തിൽ നിന്നുയരുന്ന കൃതജ്ഞതയാണ്‌. ഒരു സ്ഥലത്തുനിന്ന്‌ മറ്റൊരു സ്ഥലത്തേക്ക്‌ ഒഴുകുന്ന പുഴയല്ല, അത്‌-തന്നിൽത്തന്നെ ചലിക്കുന്ന സമുദ്രമാണ്‌. ഈ കൃതജ്ഞത നിറവിന്റെ പ്രതീകമാണ്‌.
‘‘മന്നാഥഃ ശ്രീ ജഗന്നാഥഃ
മദ്‌ഗുരുഃ ശ്രീ ജഗദ്‌ഗുരുഃ
മദാത്മാ സർവഭൂതാത്മാ
തസ്‌മൈശ്രീ ഗുരവേ നമഃ’’
‘‘മന്നാഥഃ ശ്രീ ജഗന്നാഥഃ, മദ്‌ഗുരുഃ ശ്രീ ജഗദ്‌ഗുരുഃ...’’ എന്നതിന്റെ അർഥം എന്റെ ഗുരു ഈ ലോകത്തിന്റെ മുഴുവൻ ഗുരുവാണ്‌ എന്നാണ്‌. ‘‘മദാത്മാ സർവഭൂതാത്മാ’’ എന്നാൽ എന്റെ ആത്മാവ്‌ ഓരോ ജീവന്റെയും ആത്മാവാണ്‌ എന്നാണ്‌. ‘‘തസ്മൈ ശ്രീ ഗുരവേ നമഃ’’ - ഈയൊരു തിരിച്ചറിവിലേക്കെത്തി ഞാൻ ഗുരുവിനെ നമിക്കുന്നു.