വിശുദ്ധരുടെ ജീവിതം പകർത്തിയെഴുതിയ പുസ്തകങ്ങൾ ചെറിയപ്രായംമുതൽ വായിക്കാനിടയായിട്ടുണ്ട്. പാറ്റാഗുളിക മണക്കുന്ന പഴയ തകരപ്പെട്ടിക്കുള്ളിൽ ബാലരമയ്ക്കും അമർചിത്രകഥകൾക്കുമൊപ്പം അവയ്ക്കും സ്ഥാനമുണ്ടായിരുന്നു. വിശുദ്ധരുടെ പടം കവർചിത്രമായുള്ള കുഞ്ഞിപ്പുസ്തകങ്ങൾ... പുണ്യാളൻമാരുടെ ഏത് പുസ്തകം വായിച്ചാലും അതിനെല്ലാം ഒരേ തുടക്കവും ഒടുക്കവും. വിശുദ്ധ വായനകളിലെ ഈ ആവർത്തന സ്വഭാവം എന്നെ മടുപ്പിച്ചിരുന്നു.

കുറച്ചുകൂടി ഗൗരവവായനയിലേക്ക് കടക്കുന്ന കാലത്താണ് ഇതിന്റെ കാരണം മനസ്സിലാകുന്നത്. വിശുദ്ധരുടെ ജീവിതത്തിലെ ചില ഏടുകൾമാത്രം ധ്വനിപ്പിച്ച് അവരെ പുണ്യാത്മാവായി വാഴ്ത്തുന്ന രചനാരീതി. എഴുതുന്നവരാകട്ടെ സ്ഥിരമായി ഈ ശൈലി പിന്തുടരുന്നവരും. യഥാർഥത്തിൽ വിശുദ്ധർ നടന്നുപോയ കല്ലും മുള്ളും നിറഞ്ഞ വഴികളെ വിസ്മരിക്കും, അല്ലെങ്കിൽ വിശുദ്ധവിശേഷണങ്ങളുടെയോ അദ്‌ഭുതാധിക്യങ്ങളുടെയോ ധാരാളിത്തംകൊണ്ട് അവരുടെ തെളിമയുള്ള യഥാർഥജീവിതം തമസ്‌കരിക്കും. ഈ ദുർബല രചനകളിൽ വിശുദ്ധരുടെ പച്ചയായ ജീവിതപ്പേജുകൾ പരിമിതമായിരിക്കും.

ദൈവദാസനായി വാഴ്ത്തപ്പെട്ട മോൺസിഞ്ഞോർ റൈനോൾഡ്‌സിനെ ദിവ്യകാരുണ്യഭക്തനായാണ് വിശ്വാസിസമൂഹം ഉയർത്തിക്കാട്ടാൻ ശ്രമിക്കുന്നത്. എഴുത്തുകാരനെന്ന നിലയിൽ എന്നെ അദ്ദേഹത്തിലേക്ക് ആകർഷിച്ചത് സഹജീവികളോടുള്ള കാരുണ്യവും അനുകമ്പയുമാണ്, അനാഥരുടെ ജീവിതത്തിനുവേണ്ടി സ്വയം സമർപ്പിച്ച ഈ പുരോഹിതനിൽ ക്രിസ്തുവിന്റെ ജീവിതത്തുടർച്ചയുണ്ട്. ഇതുതന്നെയാണ് ‘അശരണരുടെ സുവിശേഷം’ എന്ന നോവലിനുള്ള പ്രേരണയും. 

ദൈവദാസനായി ഉയർത്തപ്പെട്ട റൈനോൾഡ്‌സച്ചന്റെ കൗമാരജീവിതത്തിന് അടിത്തറപാകിയത് മാന്നാനം കുന്നും പുണ്യജന്മം ചാവറപിതാവുമാണ്. വ്യക്തിപരമായി പിതാവിനെ കൂടുതൽ അടുത്തറിയാനും പഠിക്കാനും അനുഭവിക്കാനും കാരണമായത് ‘അശരണരുടെ സുവിശേഷം’ എന്ന എന്റെ നോവൽ ആണെന്നതിനാലാണ് ആമുഖമായി ഇത്രയും സൂചിപ്പിച്ചത്.

ബൈബിളിൽ ‘കാദോഷ്’ എന്ന ഹീബ്രു വാക്കാണ് വിശുദ്ധിയെ സൂചിപ്പിക്കാൻ ഉപയോഗിച്ചിരിക്കുന്ന മൂലപദം. വിശുദ്ധിയുടെ വഴിച്ചാലിന്റെ ഉറവിടം ദൈവമാണെന്നുള്ള ഒരർഥമാണ് ഈ പദം മുന്നോട്ടുവയ്ക്കുന്നത്.
ബൈബിൾ ദൈവത്തെ നിർവചിക്കുന്നത് സ്‌നേഹമെന്നാണ്. ദൈവം സ്‌നേഹമാകുന്നു എന്ന് വി. യോഹന്നാൻ എഴുതുന്നു. ചുരുക്കത്തിൽ നമുക്ക് വിശുദ്ധിയെ സ്‌നേഹവുമായുള്ള നിരന്തരസമ്പർക്കവും സഹവാസവും എന്നുവിളിക്കാം. സ്‌നേഹത്തിന്റെ അഭാവത്തിൽ എല്ലാം ഫലരഹിതങ്ങളെന്നാണ് ബൈബിൾ പഠിപ്പിക്കുന്നത്. സ്‌നേഹത്തിന് മൂന്ന് ഭാവങ്ങൾ... ദൈവത്തോട്, മനുഷ്യനോട്, പ്രകൃതിയോടും സർവജീവജാലങ്ങളോടും. ചാവറപിതാവിന്റെ ജീവിതത്തിലുടനീളം സ്‌നേഹത്തിന്റെ ഈ മൂന്നുഭാവങ്ങളും നിറഞ്ഞിരുന്നു.

അദ്ദേഹത്തിന്റെ ജനനവും ബാല്യവുമൊക്കെ രേഖപ്പെടുത്തുമ്പോൾ പകലോമറ്റം കുടുംബത്തിന് മാർത്തോമാ ശ്ലീഹായിലേക്കുള്ള വഴികൾക്കാണ് ചരിത്രസൂചകങ്ങൾ പ്രാധാന്യം നൽകിയത്. ഒരാളെ രൂപപ്പെടുത്തുന്നതിൽ ജന്മനാടിന്‌ വിശേഷാൽ ഒരു പങ്കുവഹിക്കാനുണ്ടാകും. കുട്ടനാട് എന്ന ഗ്രാമഭൂമികയും അവിടത്തെ കർഷകരായ ജനങ്ങളുടെ അധ്വാനശീലവും നിശ്ചയദാർഢ്യവും വിത്തുപാകുന്നതുമുതൽ വിളവെടുക്കുന്നതു വരെയുള്ള നിതാന്തജാഗ്രതയും ക്ഷമാപൂർവമായ കാത്തിരിപ്പും, പ്രകൃതിദുരന്തങ്ങളെ അതിജീവിക്കുന്ന ദൈവസ്‌നേഹവും ഭക്താഭ്യാസങ്ങളും ചാവറപിതാവിന്റെ വിശുദ്ധജീവിതത്തിന്‌ എത്രമേൽ സഹായകരമായിട്ടുണ്ടെന്നത് അദ്ദേഹത്തിന്റെ വഴിയാഴം പിന്തുടരുന്നവർക്ക് മനസ്സിലാകുന്നതാണ്.

ഭൂമിയിലെ ഏറ്റവും ശ്രേഷ്ഠമായ തൊഴിൽ കൃഷിയാണ്. സ്‌നേഹത്തിന്റെ മൂന്നുഭാവങ്ങളും അതിലടങ്ങിയിട്ടുണ്ട്. അതായത്, മണ്ണിനോടും മനുഷ്യനോടും മറ്റു ജീവജാലങ്ങളോടുമുള്ള സ്‌നേഹം, കൃഷി പ്രകൃതിയുടെ തുടർച്ചയും പകർപ്പെഴുത്തുമാണ്. ബാല്യത്തിൽ കർഷകരിൽനിന്ന്‌ ലഭിച്ച കൃഷിയുടെ ഈ നീതിബോധമാവാം പിൽക്കാലത്ത് ചാവറപിതാവ് തന്റെ ആശ്രമപരിസരങ്ങളിൽ ഫലവൃക്ഷങ്ങൾ നട്ടുകൊണ്ട്‌ പിന്തുടർന്നത്. കൃഷിയോടും പ്രകൃതിയോടും ആവാസവ്യവസ്ഥയോടും അദ്ദേഹം പുലർത്തിയിരുന്ന മമതയുടെ അടയാളങ്ങളായിരുന്നു ഈ മരങ്ങൾ. 

ചാവറപിതാവിൽ കാണുന്ന മറ്റൊരു പ്രത്യേകത ഇതര മതങ്ങളോടുള്ള കരുതലും സ്‌നേഹവുമാണ്. ആശ്രമം സ്ഥാപിക്കാനുള്ള ശ്രമത്തിൽ അദ്ദേഹം ഒരുപാടുസ്ഥലങ്ങൾ സന്ദർശിക്കുന്നുണ്ട്. കുന്നിൻപ്രദേശങ്ങളിലൂടെയായിരുന്നു യാത്രകളിലധികവും. വാഹനസൗകര്യം കുറവായിരുന്ന അക്കാലത്തെ യാത്രകളുടെ ക്ലേശം പുതുതലമുറയ്ക്ക് എത്രത്തോളം മനസ്സിലാകുമെന്നത് സംശയമാണ്. കഠിനവഴികൾക്കും അലച്ചിലുകൾക്കുമൊടുവിൽ കണ്ടെത്തിയ പുല്ലരിക്കുന്ന് കുമാരനെല്ലൂർ ഭഗവതിയുടെ സങ്കേതമാണെന്നറിഞ്ഞ് അതിൽനിന്ന്‌ സ്വമേധയാ പിന്മാറുന്നത് നളാഗമത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹം മതങ്ങളെയെല്ലാം ഒരേപോലെ സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്തിരുന്നു. ജാതിയുടെ ഉച്ചനീചത്വങ്ങൾ ഏറെ നിലനിന്നിരുന്ന ഒരു കാലഘട്ടത്തിൽ സമൂഹത്തിലെ പാർശ്വവത്‌കരിക്കപ്പെട്ട ജനങ്ങൾക്കുവേണ്ടിയാണ് അദ്ദേഹം പ്രവർത്തിച്ചിരുന്നത്.

എഴുത്തുകാരനെന്നനിലയിൽ എനിക്കേറെ സന്തോഷം പകർന്നുനൽകുന്നത് അദ്ദേഹത്തിന്‌ ഭാഷയോടുള്ള അനന്തസ്‌നേഹമായിരുന്നു. ചതുരവടിവിലുള്ള അക്ഷരങ്ങൾ മലയാളിക്ക് പരിചയപ്പെടുത്തിയത് അദ്ദേഹമായിരുന്നു. സെമിനാരി ജീവിതത്തിൽ രാത്രി പത്തുമണിയോളം നീണ്ടുനിൽക്കുന്ന ജപധ്യാനങ്ങളും പഠനങ്ങളുമുണ്ടാകും. ചില ദിവസങ്ങളിൽ അർധരാത്രിവരെ അതു നീണ്ടുനിൽക്കും. ഇത്രയേറെ തിരക്കാർന്ന ഒരു മതാത്മകജീവിതത്തിനിടയിൽ അദ്ദേഹം കാവ്യരചനകൾക്കും സാഹിത്യത്തിനും നേരംകണ്ടെത്തിയെന്നത് നമ്മളെ അദ്‌ഭുതപ്പെടുത്തുന്നതാണ്. എഴുത്തും എഴുത്തുപകരണങ്ങളും ആർഭാടമായിരുന്ന ഒരു കാലംകൂടിയായിരുന്നത്.
 അച്ചുകൂടം സ്ഥാപിക്കാൻ അദ്ദേഹം നടത്തുന്ന പോരാട്ടങ്ങൾ ‘മുദ്രാലയം’ എന്ന തലക്കെട്ടോടെ നളാഗമത്തിലെ എട്ടാം അധ്യായത്തിൽ വിവരിക്കുന്നുണ്ട്. മാന്നാനത്തെ അദ്ദേഹത്തിന്റെ മരപ്രസ്സിൽ തൊടുന്ന ഏതൊരാളും അതിന്റെ തപം അറിയേണ്ടതാണ്. നസ്രാണി ദീപിക, കർമലകുസുമം തുടങ്ങിയവയിലൂടെ മലയാളിയെ വായനയിലേക്ക് നയിച്ച അക്ഷരസ്‌നേഹി 1846-ലാണ് സംസ്‌കൃത പാഠശാല ആരംഭിക്കുന്നത്. ലത്തീൻ, സുറിയാനി, തമിഴ്, സംസ്‌കൃതം, പോർച്ചുഗീസ്, ഇറ്റാലിയൻ തുടങ്ങി ഒട്ടേറെ ഭാഷകൾ അദ്ദേഹത്തിനറിയാമായിരുന്നു.

കേരളത്തിലെ എല്ലാ റീത്തുകൾക്കും ഒരുപോലെ സ്വീകാര്യനായ അപൂർവം വൈദികശ്രേഷ്ഠരിലൊരാളായിരുന്നു ചാവറപിതാവ്. 1865-ൽ വികാരി ജനറലായിരിക്കുമ്പോൾ ചാവറ പിതാവെഴുതിയ ‘ഇടവകതോറും വിദ്യാലയങ്ങൾ ആരംഭിച്ചില്ലെങ്കിൽ പള്ളിമുടക്ക് കൽപ്പിക്കുമെന്ന’ സർക്കുലർ ഇത്തരുണത്തിൽ അദ്ദേഹത്തിന്‌ ഭാവിതലമുറയുടെ വിദ്യാഭ്യാസത്തോടുള്ള ദീർഘവീക്ഷണത്തിന്റെ ചരിത്രരേഖയാണ്.
 കേരളത്തിന്റെ സവിശേഷ കാലയളവിൽ ഒട്ടേറെ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിക്കുകയും പരിവർത്തന നായകൻ എന്നറിയപ്പെടുകയും ചെയ്യേണ്ട ഒരാൾ സഭയ്ക്കുവേണ്ടി ജീവിതം സമർപ്പിച്ച വിശുദ്ധൻ എന്ന പദവിയുടെ മഹത്ത്വത്തിലേക്കുമാത്രം ചുരുക്കപ്പെട്ടുപോകുന്നത് വിശുദ്ധജീവിതം പകർത്തപ്പെട്ടതിൽ വന്നിട്ടുള്ള പോരായ്മയാണ്.

പ്രതിരോധങ്ങളെ അതിജീവിച്ചുകൊണ്ട്‌ ഒരു നവകാലത്തിനുവേണ്ടി പോരാടിയ ഈ പുണ്യാത്മാവിനെ ക്രിസ്ത്യാനികളുടെ പുണ്യവാൻ എന്നതിനെക്കാൾ കേരളത്തിന്റെ ഇരുണ്ടകാലത്തിലെ നവോത്ഥാന നായകൻ എന്ന നിലയിലാവണം പുതുതലമുറയിലേക്ക്‌ പകർന്നുകൊടുക്കേണ്ടത്. അപ്രകാരമുള്ള പകർന്നുകൊടുക്കലിൽനിന്നേ, തിരിതെളിച്ച് രൂപക്കൂടിനുമുന്നിൽ മുട്ടുകുത്തുന്നവരിൽ അദ്ദേഹത്തിന്റെ വഴികളുടെ തുടർച്ചയുണ്ടാവുകയുള്ളൂ.
ആവാസവ്യവസ്ഥിതിയോടു ചേർന്ന്‌ ഒരു മരം... നിലവിലെ വ്യവസ്ഥിതികളോടു പോരാടാനുള്ള അക്ഷരവെളിച്ചം... തിന്മയെ പ്രതിരോധിക്കാൻ ഒരുപിടി കവിത... നന്മ നിറയുന്ന വാക്കുകൾ... ചാവറപ്പിതാവിന്റെ വഴികൾ... അതിനൊരു തുടർച്ച...തൊട്ടുമുത്തി നിറംമങ്ങിയ രൂപക്കൂടിനുമുന്നിൽ സ്വകാര്യവ്യഥകളുടെ ഭാണ്ഡം അഴിക്കുന്നതിനൊപ്പം അതിനുള്ളിൽ നിൽക്കുന്ന പുണ്യാവാന്റെ പാതയറിയാനും പാഥേയമൊരുക്കാനുമാകട്ടെ ഇനിയുള്ള ശ്രമങ്ങൾ.