പോയ നൂറ്റാണ്ടിൽ, ആധ്യാത്മിക പ്രഭാവംകൊണ്ട് അസാധാരണമായ വിപ്ലവം സൃഷ്ടിച്ച്, രണ്ടാം വിവേകാനന്ദനെന്നും അഭിനവ പാർഥസാരഥിയെന്നുമൊക്കെയുള്ള വിശേഷണങ്ങളാൽ അറിയപ്പെടുന്ന സ്വാമി ചിന്മയാനന്ദൻ മഹാസമാധിയടഞ്ഞിട്ട് കാൽനൂറ്റാണ്ടായി. ഭൗതികശരീരം വെടിഞ്ഞെങ്കിലും ആ സ്വാധീനം ഇന്നും അദ്ദേഹത്തിന്റെ ലക്ഷക്കണക്കിനുള്ള അനുയായികളിൽ സചേതനമാണ്.
ആധ്യാത്മികരംഗത്ത് വൈവിധ്യമാർന്ന പരിപാടികൾ ആവിഷ്കരിച്ച് ജാതിമതചിന്തകൾക്കതീതമായ വേദാന്ത വിചാരങ്ങൾക്ക് ഊന്നൽ നൽകി, എല്ലാ വിഭാഗത്തിലുമുള്ളവരെയും സമാശ്ലേഷിക്കുന്ന, ഒരു വിഭാഗീയതയ്ക്കും ഇടംകൊടുക്കാതെയുള്ള സാർവജനീനമായ പരിപാടികൾക്കാണ് സ്വാമിജി രൂപംകൊടുത്തത്. ആധുനികലോകത്തിന് ചിന്മയാനന്ദസ്വാമികളുടെ ഏറ്റവും ശ്രദ്ധേയമായ സംഭാവനയെന്തെന്ന് ചോദിച്ചാൽ, ഒരുപക്ഷേ, അതിനുത്തരം ‘ഭഗവദ്ഗീതയുടെ ജനകീയവത്‌കരണം’ എന്നതായിരിക്കും.

ഭഗവദ്ഗീതയെ തന്റെ വിശ്വവിഖ്യാതമായ ഗീതാജ്ഞാനയജ്ഞത്തിലൂടെ ലോകസമക്ഷം അവതരിപ്പിച്ചത് സ്വാമി ചിന്മയാനന്ദയാണ്. സ്വാമിജിയുടെ ഈ പ്രവൃത്തി അന്നത്തെ കാലഘട്ടത്തിൽ (ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാർധത്തിന്റെ തുടക്കത്തിൽ) വലിയ എതിർപ്പുകൾക്കിടയാക്കിയിരുന്നു. എന്നാൽ, വിപ്ലവാത്മകമായ ഒരു ദൗത്യം നെഞ്ചിലേറ്റി, നിശ്ചയദാർഢ്യത്തോടെ മുന്നേറിക്കൊണ്ട് അദ്ദേഹം എല്ലാ വെല്ലുവിളികളെയും വിജയകരമായി അതിജീവിച്ചു. യാഥാസ്ഥിതികർ സൃഷ്ടിച്ച പ്രതിബന്ധങ്ങൾ അദ്ദേഹത്തിന് കൂടുതൽ കൂടുതൽ വീര്യം നൽകി. ഒരു അസാധാരണ ക്രാന്തദർശിയുടെ ദീർഘദൃഷ്ടിയോടെ അദ്ദേഹം ഗീതാപ്രചാരസപര്യ അഭംഗുരം മുന്നോട്ടുകൊണ്ടുപോയി. അതിന്റെ ഫലമായാണ് ഇന്ന് കൈവന്നിരിക്കുന്ന ഗീതയുടെ ആഗോള സ്വീകാര്യത.1993-ൽ സമാധിയടയുംവരെ ഈ ദൗത്യനിർവഹണത്തിൽ അദ്ദേഹം ദൃഢവ്രതനായിരുന്നു. മാത്രമല്ല, നാലു ദശാബ്ദത്തിലേറെ നീണ്ടുനിന്ന ആ ദൗത്യത്തിനിടയിൽ, തന്റെ കാലശേഷവും ഇത് തുടർന്നുകൊണ്ടുപോകുന്നതിനായുള്ള എല്ലാ ഒരുക്കങ്ങളും ചെയ്തു. 

1964-ൽ മുംബൈയിൽ പവ്വായിയിൽ സാന്ദീപനി സാധനാലയ എന്ന പേരിൽ ആരംഭിച്ച വേദാന്ത അക്കാദമി നൂറുകണക്കിന് സാധകരെ, ഉപനിഷത്തും ഭഗവദ്ഗീതയും ഇതിഹാസപുരാണങ്ങളുമൊക്കെ എല്ലാ സൗകര്യങ്ങളും നൽകി സൗജന്യമായി പഠിപ്പിച്ച് വേദാന്ത പ്രചാരകരാക്കി, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അയയ്ക്കുന്നു. ഇത്തരത്തിലുള്ള നൂറുകണക്കിന് പ്രവർത്തകരാണ് ഇപ്പോൾ മിഷന്റെ കുടക്കീഴിലുള്ളത്. 
സാന്ദീപനിയിൽ ദ്വിവർഷ കോഴ്‌സ് പൂർത്തിയാക്കിയവർ ബിരുദവും ബിരുദാനന്തരബിരുദവും വിവര സാങ്കേതികവിദ്യാവിദഗ്ധരുമൊക്കെയാണ്. കോഴ്‌സിനുശേഷം അവർക്ക് യാതൊരു ബാധ്യതയുമില്ല, വേണമെങ്കിൽ അവർക്ക് തിരിച്ച് വീട്ടിലേക്കുപോകാം, സാധാരണജീവിതം നയിക്കാം. താത്‌പര്യമുള്ളവർക്ക്‌ മാത്രം മിഷനിൽ തുടർന്ന് പൂർണസമയ പ്രവർത്തകരാകാം. ഇതിനൊക്കെയുള്ള പൂർണസ്വാതന്ത്ര്യം നൽകിയാണ് ചിന്മയാനന്ദസ്വാമികൾ അദ്ദേഹത്തിന്റെ ഹൃദയവിശാലതയിൽ ഈ സ്ഥാപനവും കെട്ടിപ്പടുത്തത്.യുഗപ്രഭാവനായ ചിന്മയാനന്ദസ്വാമിയുടെ കാലശേഷം ചിന്മയപ്രസ്ഥാനം നേടിയത് അഭൂതപൂർവമായ വളർച്ചയാണ്. ആ മഹാ തപസ്വിയുടെ സങ്കല്പങ്ങൾ ഇന്നും സാക്ഷാത്കരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്.
(കേരള ഘടകം ചിന്മയമിഷൻ മേധാവിയാണ് ലേഖകൻ)