‘അല്ല പരാജിതനല്ല ഞാൻ’

ക്ഷേത്രപ്രവേശനമില്ലാതെതന്നെ, ആത്മീയൗന്നത്യമുള്ള ഒരു ഭക്തന്‌ ഈശ്വരസാക്ഷാത്‌കാരമാവാം. സ്കൂൾപടി കാണാതെ വിദ്യനേടി മഹാന്മാരായവർ എമ്പാടും! ‘പാഴായിപ്പോകുന്ന വർഷങ്ങൾ’ എന്നാണ്‌ മാധവിക്കുട്ടി സ്കൂൾകാലത്തെ നിർവചിച്ചത്‌. അതുകൊണ്ട്‌ യേശുദാസിനെപ്പോലെ ജാതിമതാതീതനായ ഒരു ഭക്തന്, മഹാഗായകന് ഈ ‘പൊരുൾ’ സാധകം ചെയ്തെടുക്കാനായില്ല എന്നുവരുമോ? ക്ഷേത്രാനുഷ്ഠാനങ്ങൾ പലയിടത്തും പലമട്ടിലാണ്‌. ശബരിമലയുടെ ‘ബാണി’യല്ല ഗുരുവായൂരിന്‌ എന്ന്‌ ഏത്‌ തന്ത്രിയെക്കാളും നിശ്ചയമുണ്ടാവും യേശുദാസിന്ന്‌.യേശുദാസിനെപ്പോലെ ഇത്രയും ദൈവാനുഗ്രഹത്താൽ ‘ശപിക്കപ്പെട്ട’ ഒരു ഗായകനെയും കേരളം കേട്ടിട്ടുണ്ടാവില്ല. ‘നാദബ്രഹ്‌മ’ത്തിലില്ലാത്തത്‌ എവിടെയുണ്ട്‌? തന്നെ വിലക്കിയ ഇടങ്ങളിൽ ‘ഒന്നു കടത്തിവിടേണമേ’ എന്ന അപേക്ഷയുമായി ചെല്ലാൻ കലാകാരന്റെ ‘അഹന്ത’ മുതിരാൻപാടില്ല! കാരണം എല്ലാരും പറയുമ്പോലെ യേശുദാസ്‌ ‘മലയാളിയുടെ സ്വകാര്യ അഹങ്കാരമാണ്‌’!
‘അല്ല പരാജിതനല്ല ഞാൻ സംഗീത-
സ്വർലോകഗംഗയിതിൽമുങ്ങിടുമ്പോൾ’.
(കാട്ടുകുരങ്ങ്‌)
എന്ന്‌ ഭാസ്കരൻ മാസ്റ്റർ എഴുതിക്കൊടുത്തത്‌ തനിക്കുവേണ്ടിയായിരുന്നു എന്ന്‌ യേശുദാസ്‌ മറന്നുപോയോ?
പി.കെ. ദയാനന്ദൻ, മേരിക്കുന്ന്‌, കോഴിക്കോട്‌

മാതൃകയാകേണ്ടയാൾ
മലയാളികൾ മുഴുവൻ തങ്ങളുടെ സ്വകാര്യ അഹങ്കാരമായി ഹൃദയത്തിൽ പ്രതിഷ്ഠിച്ചുപോരുന്ന യേശുദാസ്‌ ഏതെങ്കിലും ഒരു ആരാധനാലയത്തിൽ അപേക്ഷ നൽകി ദർശനത്തിന്‌ കാത്തിരിക്കേണ്ട ആളായിരുന്നില്ല. യേശുദാസ്‌ ഒരു മതത്തിന്റെയും ആളാകാതെ, എല്ലാ മതങ്ങളെയും സമഭാവേന ദർശിക്കുന്ന, എല്ലാ മതങ്ങളിലെയും ഈശ്വരൻ ഒന്നാണെന്ന്‌ കരുതുന്ന, ഒരു മതത്തിനും പിടികൊടുക്കാത്ത, എല്ലാ മലയാളികളുടെയും (വേണമെങ്കിൽ എല്ലാ മനുഷ്യരുടെയും) അഭിമാനമായ ഒരു മനുഷ്യനാകണം യേശുദാസ്‌ എന്നാണാഗ്രഹം.
തനിക്ക്‌ മാത്രമായി ഒരിളവ്‌ അനുവദിക്കണമെന്ന അദ്ദേഹം അപേക്ഷിച്ചതോടെ ഏവർക്കും മാതൃകയാകേണ്ട, മതത്തെക്കാൾ മനുഷ്യത്വത്തിൽ വിശ്വസിച്ചിരുന്ന, കാലങ്ങളായി അദ്ദേഹത്തെ മനസ്സിൽവെച്ച്‌ ആരാധിക്കുന്ന മലയാളികൾ അദ്‌ഭുതത്താൽ ‘ഗാനഗന്ധർവൻ’ എന്നു പേരിട്ടുവിളിച്ച യേശുദാസ്‌ എന്ന വിഗ്രഹമാണ്‌ ഉടഞ്ഞുവീണത്‌.
കെ.സി. ഉദയകുമാർ, മേയ്ക്കാട്‌, കാരയ്ക്കാട്ടുകുന്ന്‌

ക്ഷേത്രാചാരങ്ങൾ വ്യത്യസ്തം
മറ്റ് ക്ഷേത്രങ്ങൾക്കില്ലാത്ത പല പ്രത്യേകതകളും ഗുരുവായൂർ ക്ഷേത്രത്തിനുണ്ട്. മേൽശാന്തിമാരെ തിരഞ്ഞെടുക്കുന്നത് പന്നിയൂർ, പെരുവനം, ശുകപുരം ഗ്രാമങ്ങളിൽ നിന്നുള്ളവരെ മാത്രമാണ്. ഗുരുവായൂർ ഏകാദശി ദിവസം ജാതി, മത ഭേദമെന്യേ ആർക്കും ക്ഷേത്രത്തിൽ ദർശനം നടത്താം. എല്ലാത്തിന്റെയും അവസാനവാക്ക് തന്ത്രിയാണ്. മുൻമന്ത്രി വയലാർരവിയുടെ പേരക്കുട്ടിയുടെ വിവാഹം ക്ഷേത്രത്തിൽവെച്ച് നടത്തിയതിന്‌ പുണ്യാഹവകയിൽ പിഴ അടയ്ക്കേണ്ടിവന്നിട്ടുണ്ട്. കുപ്പായമഴിക്കാൻ വിസമ്മതിച്ച നേപ്പാൾ രാജാവിനെയും ഇന്ത്യൻ പ്രസിഡന്റ് സെയിൽസിങ്ങിനെയും ക്ഷേത്രത്തിൽ  പ്രവേശിപ്പിക്കാതെ തിരിച്ചയച്ചിട്ടുണ്ട്. 
ഗുരുവായൂർ ദേവസ്വം ആര്യസമാജത്തിന്റെ സർട്ടിഫിക്കറ്റ് മാത്രമേ സ്വീകരിക്കുകയുള്ളൂ. അത് ഒരു കീഴ്‌വഴക്കമാണ്. ക്ഷേത്രം വെറും ഒരു ആരാധനാലയം മാത്രമല്ല. താന്ത്രികവിധിപ്രകാരം പ്രതിഷ്ഠ നടത്തി പൂജകൾ കഴിക്കുന്ന സജീവ ഈശ്വരസ്രോതസ്സുകളാണ്. അത് പിക്‌നിക് കേന്ദ്രങ്ങളല്ല.
പി.എസ്. ലീലാകൃഷ്ണൻ, കൊയിലാണ്ടി

പാടിയാൽ കണ്ണൻ ഓടിയെത്തും
എങ്കിലും ഗുരുവായൂർ ക്ഷേത്രനട ഇന്നും ഈ അനുഗൃഹീത ഗായകന്‌ അപ്രാപ്യമെന്ന വസ്തുത ഏതു മനുഷ്യസ്നേഹിയെയും ദുഃഖത്തിലാഴ്‌ത്തും. ശബരിമലയിലും മൂകാംബികക്ഷേത്രത്തിലും ദർശനം നടത്താമെന്നിരിക്കെ ഗുരുവായൂരിലെ വിലക്ക്‌ പിടികിട്ടുന്നില്ല. ഗുരുവായൂർ ഭാരവാഹികളോട്‌ ഒന്നേ പറയേണ്ടതുള്ളൂ, ‘കണ്ണാ നീ എവിടെ’ എന്നു തുടങ്ങുന്ന ആ ഭക്തിഗാനം യേശുദാസ്‌ എവിടെനിന്ന്‌ ആലപിച്ചാലും ഗുരുവായൂർ കണ്ണൻ സന്നിധാനത്തിൽ നിന്നിറങ്ങി ഓടി അദ്ദേഹത്തിനടുത്തെത്തും.
ചമ്പാടൻ ഭാസ്കരൻ, ചെന്നൈ