ലോകം ദർശിച്ച അത്യസാധാരണനായ മഹർഷീശ്വരനാണ് ചട്ടമ്പിസ്വാമികൾ. വേഷത്തിലോ ഭാവത്തിലോ യാതൊരു അസാധാരണത്വവുമില്ല. ഇരിപ്പിലും നടപ്പിലും നാട്ടിൻപുറത്തുകാരൻ. കൊട്ടാരത്തിലും കുടിലിലുമുള്ളവരോട് സമഭാവന. ഉറുമ്പുമുതൽ ഇങ്ങോട്ടുള്ള സകലജീവികളുമായും ഹൃദയസംവാദം. സർവത്തിലും അപാരമായ കാരുണ്യവായ്പ്. പ്രപഞ്ചാത്മാവുമായി ഐക്യപ്പെട്ടതുനിമിത്തമുള്ള ഏകത്വബോധം. അഖണ്ഡസച്ചിദാനന്ദഘനാനുഭൂതിധന്യത.
ജ്ഞാനസ്വരൂപനായ, വിദ്യാധിരാജനായ ഈ പരമാചാര്യന്റെ ശിഷ്യസഞ്ചയം അതിവിപുലം. പ്രത്യക്ഷമായ തീർഥപാദസമ്പ്രദായത്തിനപ്പുറവും അതിന്റെ വിശാലത. കേരളത്തിൽ ഗൃഹസ്ഥശിഷ്യരുടെ ഇത്രവലിയ പരമ്പര മറ്റേതെങ്കിലും ഗുരുവര്യനുള്ളതായി അറിയാൻകഴിയില്ല.

വീടും നാടും വെടിഞ്ഞ്, ലോകഭോഗങ്ങളുടെ വേരറുത്ത്, വീണിടം വിഷ്ണുലോകമായിക്കാണുന്ന സന്ന്യാസികളായ ശിഷ്യരുടെ നിരയെ കവിഞ്ഞുനിൽക്കുന്നു ചട്ടമ്പിസ്വാമികളുടെ ഗൃഹസ്ഥശിഷ്യപരമ്പര. അത് സ്വാമികളുടെ അനുഗ്രഹശക്തിയാൽ തലമുറയിൽനിന്ന് തലമുറയിലേക്ക്‌ നീണ്ടുപോകുന്നു. വീടുപേക്ഷിക്കാതെ, കുടുംബം വെടിയാതെ ലോകത്തിന്റെ നടുവേ ചരിച്ചുകൊണ്ട് എന്നാൽ, അതിൽ പറ്റിനിൽക്കുന്ന മനസ്സിനെ പൂർണമായും അടർത്തിമാറ്റി, സ്വധർമാനുഷ്ഠാനത്തിലൂടെ മുന്നേറുന്ന മുമുക്ഷുക്കളുടെ ഏകാന്തയാത്രകൾ. അവരിൽ പലരും ഇന്നും അപ്രസിദ്ധർ. എങ്കിലും സുകൃതികൾ.
എഴുത്തച്ഛനുശേഷം ജടിലമായിത്തീർന്ന ഒരു സമൂഹത്തെ ഉടച്ചുവാർത്ത്‌ ഇളക്കിപ്രതിഷ്ഠിച്ച  മറ്റൊരാളെയും നമുക്ക് കാണാൻ കഴിയില്ല. വാക്കിലൂടെയായിരുന്നില്ല, പ്രവൃത്തിയിലൂടെയായിരുന്നു സ്വാമികൾ സകലതും സാധിച്ചത്‌. ഒരു നിശ്ശബ്ദവിപ്ലവത്തിന്റെ സർവലക്ഷണങ്ങളും ദർശിക്കാനാകുന്നുണ്ട് ചട്ടമ്പിസ്വാമികൾ ആവിഷ്കരിച്ചുഫലിപ്പിച്ച നവോത്ഥാനപ്രവർത്തനങ്ങളിൽ.

തിരുവനന്തപുരം കണ്ണമൂലയിലെ ഉള്ളൂർക്കോട്ടുഭവനത്തിൽ 1853-ൽ ജനിച്ച സ്വാമികൾക്ക് ഔപചാരികവിദ്യാഭ്യാസം നേടാനുള്ള സാഹചര്യമുണ്ടായില്ല. അത്രയും ദരിദ്രമായിരുന്നു ചുറ്റുപാടുകൾ. എന്നിട്ടും ഈശ്വരാനുഗ്രഹവും ഗുരുലാഭവും അനന്യസാധാരണമായ കഠിനപരിശ്രമവുംകൊണ്ട് അദ്ദേഹം വിദ്യാധിരാജനായി. ശ്രീനാരായണഗുരുവിന്റെ ഭാഷയിൽ പറഞ്ഞാൽ, സർവജ്ഞനും ഋഷിയും ഉത്ക്രാന്തനും സദ്ഗുരുവും പരിപൂർണ കലാനിധിയുമായി. അറിവിന്റെ അവതാരവും പരിപൂർണതയുടെ പര്യായവുമായ ചട്ടമ്പിസ്വാമികൾ സനാതനധർമത്തിന്റെ മൂർത്തീഭാവവുമായിരുന്നു. പ്രപഞ്ചാത്മാവുമായി താദാത്മ്യം പ്രാപിച്ചിരുന്ന അദ്ദേഹത്തിന്റെ ശരീരവും സന്നിധിയും ഇതരപ്രാണികൾക്കെല്ലാം പരമശാന്തി കൈവരിക്കാനുള്ള തപഃസ്ഥാനമായിരുന്നു.

അനാചാരങ്ങളെ സദാചാരങ്ങളെന്ന്‌ കരുതിപ്പോന്ന കേരളീയർക്കുമുന്നിൽ സന്മാർഗം തുറന്നുകൊടുക്കുകയാണ് ചട്ടമ്പിസ്വാമികൾ ഒന്നാമത്‌ ചെയ്തത്. പുരോഹിതരുടെ അടിമകളായിരുന്ന അബ്രാഹ്‌മണരെ സ്വാതന്ത്ര്യത്തിലേക്കുനയിക്കുന്ന വിപ്ലവംനടത്താൻ അദ്ദേഹത്തിന്‌ സാധിച്ചു. ആധ്യാത്മികജ്ഞാനം ആഹാരംപോലെ അത്യന്താപേക്ഷിതമാകയാൽ അത്‌ നിഷേധിക്കുന്ന ഏതൊരു ശക്തിയോടും പൊരുതാൻ ഓരോ മനുഷ്യനും ബാധ്യസ്ഥനാണെന്ന് ഉദ്‌ബോധിപ്പിക്കുകയും ചെയ്തു. ഈ അസാധാരണമഹർഷീശ്വരൻതന്നെയാണ് ജാതിവ്യവസ്ഥയുടെ ഉല്ലംഘകനായ ആദ്യത്തെ കേരളീയമഹർഷി.
കേരളത്തിൽ ആദ്യമായി ആധ്യാത്മിക വിദ്യാഭ്യാസസമ്പ്രദായം നടപ്പാക്കിയ ആചാര്യസത്തമനും ചട്ടമ്പിസ്വാമികൾതന്നെ. ആ ആധ്യാത്മിക വിദ്യാഭ്യാസസമ്പ്രദായമാണ് തീർഥപാദസമ്പ്രദായം. തനിക്ക് ചിന്മുദ്രയുടെ രഹസ്യം പകർന്നുതന്ന ഈ അദ്‌ഭുതമനുഷ്യനെ ഗ്രഹിച്ചിട്ടാണ് സ്വാമി വിവേകാനന്ദൻ ‘Here I met a remarkable man’ എന്ന്‌ രേഖപ്പെടുത്തിയത്‌.
ആ മഹാനുഭാവൻ 1099 മേടം 23-ന് (1924 മെയ് 5) മഹാസമാധി പ്രാപിച്ചു. ‘മേടം 23-ാം തീയതിയാകട്ടെ, അന്നുഞാൻ നിശ്ചമായി തെക്കോട്ടുവരും’ -ചട്ടമ്പിസ്വാമികളുടെ ഈ പ്രവചനം അക്ഷരംപ്രതി ഫലിച്ചു. കട്ടിലിൽനിന്ന് എഴുന്നേറ്റ് പത്മാസനത്തിലിരുന്ന് കൈകൾ മടിയിൽ കൂട്ടിപ്പിണച്ചുവെച്ചാണ് അദ്ദേഹം സമാധിപൂകിയത്. അനായാസവും അതിദുർലഭവുമായ യോഗിയുടെ മരണം. അതറിഞ്ഞ മഹാകവി ഉള്ളൂർ എസ്. പരമേശ്വരയ്യർ രചിച്ച രണ്ടുശ്ലോകങ്ങൾ ഇങ്ങനെ:
പോയീ നമുക്കൊരെതിരറ്റ ഗുരുപ്രവീരൻ
പോയീ ജഗത്തിനൊരു ജംഗമരത്നദീപം
പോയീ മുമുക്ഷജനതയ്ക്കൊരു മാർഗദർശി
പോയീ കലാലതികകൾക്കൊരുപാഘ്നശാഖീ

പ്രത്യങ്മുഖർക്ക് പരിചിത്പര ചിത്‌സ്വരൂപം
പ്രത്യക്ഷമാക്കിനവിഭോ! പരിപക്വഹൃത്തേ!
പ്രത്യഗ്രശങ്കര! ഭവാന്റെ ചരിത്രമെന്നും
പ്രത്യക്ഷരം പരിപാവനമായി വിളങ്ങും.
(കാസർകോട് കേന്ദ്രസർവകലാശാലാ മലയാളവിഭാഗം തലവനാണ് ലേഖകൻ)