'റിയാസ് ആളൊരു ഭീകരനായിരുന്നു. ഫാറൂഖ് കോളേജില്‍ എസ്.എഫ്.ഐ. നേതാവ്. യൂണിയനിലെ യു.യു.സി... പ്രതിഷേധം, സമരം, ജയില്‍... എല്ലാത്തിനും മുന്നിലുണ്ടായിരുന്നു. പക്ഷെ ഇപ്പോള്‍ ആളാകെ മാറി. കൂടുതല്‍ സൗമ്യനായി'- കടലുണ്ടി പുഴയ്ക്ക് മീതെയുള്ള തൂക്കുപാലത്തിലൂടെ നടക്കുമ്പോള്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, തന്റെ സുഹൃത്തിന്റെ കോളേജ് കാലം ഓര്‍ത്തെടുത്തു. പി.എ. മുഹമ്മദ് റിയാസ് ഇപ്പോള്‍ ഡി.വൈ.എഫ്.യുടെ അഖിലേന്ത്യ പ്രസിഡന്റാണ്. മുനവ്വറലി തങ്ങള്‍ യൂത്ത് ലീഗിന്റെ സംസ്ഥാന അധ്യക്ഷനും. രാഷ്ട്രീയത്തില്‍ വ്യത്യസ്ത ചേരികളിലാണെങ്കിലും ഇരുവരും അടുത്ത സുഹൃത്തുക്കളാണ്. കോഴിക്കോട് ഫാറൂഖ് കോളേജില്‍ റിയാസ് സീനിയറും മുനവ്വറലി ജൂനിയറുമായിരുന്നു.
പാലത്തിന് അപ്പുറത്തായി ഇരുവരെയും കാത്ത് നിരവധി പേരുണ്ട്. കേരള രാഷ്ട്രീയത്തിലെ രണ്ട് യുവജന നേതാക്കളെ ഒരുമിച്ച് കണ്ടതിന്റെ അമ്പരപ്പ് ചിലരുടെ മുഖത്ത്. തൂക്കുപാലം കടന്നെത്തിയപ്പോള്‍ ഇരുവരെയും കാത്തുനിന്നത് സെല്‍ഫി ക്യാമറകളായിരുന്നു. എല്ലാ ക്യാമറയ്ക്ക് മുന്നിലും രണ്ടാളും നിറപുഞ്ചിരിയോടെ പോസ് ചെയ്തു.
'ഫാറൂഖ് കോളേജില്‍ എം.എസ്.എഫിന്റെ നേതൃസ്ഥാനത്ത് മുനവ്വറലി തങ്ങളുണ്ടായിരുന്നില്ല. എന്നാല്‍, ശ്രദ്ധയോടെ കാര്യങ്ങള്‍ നോക്കുമായിരുന്നു. പാണക്കാട് എന്ന വലിയ കുടുംബത്തില്‍ നിന്ന് വരികയാണെന്ന ഭാവമൊന്നും തങ്ങള്‍ കാണിച്ചിരുന്നില്ല. അന്നും ഇന്നും സൗമ്യന്‍,'- റിയാസ് തങ്ങളെ ഓര്‍ത്തെടുത്തു.
ഇരുവരും നേരെ നടന്നിറങ്ങിയത് കടലുണ്ടിപ്പുഴയുടെ കരയിലേക്കായിരുന്നു. മുനവ്വറലി തങ്ങള്‍ ചെറുപ്പം തൊട്ട് കാണുന്ന പുഴ. കാറ്റും കൊണ്ട് ഈ പുഴയോരത്ത് എത്രയോ തവണ ഇരുന്നിട്ടുണ്ട്.
'ജീവിതത്തിലെ വലിയ അധ്യായമാണ് ഈ പുഴ. നീന്താന്‍ പഠിച്ചത് ഇവിടെ നിന്നാണ്. ജീവിതത്തിലെ എല്ലാ നിമിഷങ്ങള്‍ക്കും ഈ പുഴയും സാക്ഷിയാണ്'- മുനവ്വറലി തങ്ങള്‍ ഓര്‍മകളിലേക്ക് തിരികെ നടന്നു.
കടലുണ്ടിപ്പുഴയുടെ കാറ്റ് റിയാസും ആസ്വദിച്ചുതുടങ്ങിയിട്ടുണ്ട്. പതുക്കെ റിയാസ് പറഞ്ഞുതുടങ്ങി. 'ഞങ്ങള്‍ ഫാറൂഖില്‍ ഒരുമിച്ചായിരുന്നുവെന്ന് ആര്‍ക്കും അറിയില്ല. അഞ്ചുവര്‍ഷം മുമ്പ് ഫെയ്‌സ്ബുക്കില്‍ ഒരുമിച്ചുള്ള ഒരു ചിത്രം പങ്കുവെച്ചിരുന്നു. അന്നാണ് പലര്‍ക്കും ഞങ്ങള്‍ക്കിടയിലെ സൗഹൃദം മനസ്സിലായത്. കോളേജ് വിട്ടതിനുശേഷം സ്ഥിരമായി കാണാറൊന്നുമില്ല. എന്നാല്‍, ഇടയ്ക്കിടെ വിളിക്കും. മുനവ്വറലി തങ്ങള്‍ യൂത്ത് ലീഗിന്റെ സംസ്ഥാന പ്രസിഡന്റായപ്പോഴും യുവജനജാഥ നടത്തിയപ്പോഴുമൊക്കെ ഞാന്‍ വിളിച്ചിരുന്നു. അതുപോലെ എന്റെ ജീവിതത്തിലെ വിശേഷ സമയങ്ങളില്‍ അദ്ദേഹവും വിളിക്കാറുണ്ട്'. കടലുണ്ടിപ്പുഴയുടെ ഓരത്തൂടെ നടക്കുമ്പോള്‍ രണ്ടുപേരും ആ പഴയ കോളേജ് നാളുകളിലേക്ക് തിരിച്ചുപോയതുപോലെ.
നീണ്ട നിശ്ശബ്ദതയ്ക്കുശേഷം മുനവ്വറലി തങ്ങളോട് പെരുന്നാളിന്റെ ഓര്‍മകളെക്കുറിച്ച് ചോദിച്ചു.
'ഏറ്റവും സന്തോഷം നല്‍കുന്ന ദിവസമായിരുന്നു പെരുന്നാള്‍. ബാപ്പ (മുഹമ്മദലി ശിഹാബ് തങ്ങള്‍) മുഴുവന്‍ സമയവും വീട്ടിലുണ്ടാകുമെന്നതാണ് ഈ ദിവസത്തിന്റെ പ്രത്യേകത. പെരുന്നാള്‍ നിസ്‌കാരം കഴിഞ്ഞാല്‍ ഞാനും ഉപ്പയും എല്ലാ കുടുംബവീടുകളിലേക്കും പോകും. പാണക്കാട് കുടുംബത്തിലെ എല്ലാവരും തറവാട്ടില്‍ ഒരുമിച്ച് കൂടുകയും ചെയ്യും. ബാപ്പയുടെ ബാല്യകാലസുഹൃത്തുക്കളും അന്ന് വീട്ടില്‍ തന്നെയുണ്ടാവും. പുതിയ കുപ്പായം, പുതിയ ചെരുപ്പ്, നല്ല ഭക്ഷണം അങ്ങനെയൊക്കെയായിരുന്നു പെരുന്നാള്‍'.
ഒപ്പം റിയാസും ചേര്‍ന്നു. 'ഉപ്പ പോലീസിലായിരുന്നു. അതുകൊണ്ട് തന്നെ കുട്ടിക്കാലത്തെ പെരുന്നാളുകളൊക്കെ പോലീസ് ക്വാര്‍ട്ടേഴ്‌സിലായിരുന്നു. ബാപ്പ പുതിയ കുപ്പായം മേടിച്ച് തരും. വീട്ടില്‍ ബിരിയാണിയുമുണ്ടാകും. രാവിലെ 11 മണി മണി ആകുമ്പോഴേക്കും സുഹൃത്തുക്കളും കുടുംബക്കാരുമെല്ലാം വീട്ടിലെത്തും. ഇതൊക്കെയാണ് പെരുന്നാളിന്റെ സന്തോഷങ്ങള്‍'.
എന്നുമുതലാണ് റിയാസിന്റെ ജീവിതത്തില്‍ മുണ്ട് സ്ഥിരമായത്? ചോദ്യം പൂര്‍ത്തിയാകും മുമ്പ് ഉത്തരവുമെത്തി. 'ചെറുപ്പത്തില്‍ മുണ്ടിനോട് അത്ര പ്രിയമുണ്ടായിരുന്നില്ല. സ്‌കൂളിലും കോളേജിലൊക്കെ പാന്റ്‌സ് തന്നെയായിരുന്നു വേഷം. പിന്നീട് രാഷ്ട്രീയത്തിലൊക്കെ സജീവമായപ്പോള്‍ മുണ്ടും കൂടെ കൂടി. പക്ഷേ പാന്റിനെ ഇപ്പോഴും കൈവിട്ടിട്ടില്ല'.
മുനവ്വറലി തങ്ങള്‍ക്ക് രാഷ്ട്രീയമായി പാരമ്പര്യമുണ്ട്. കുടുംബത്തിലെ എല്ലാവരും ലീഗിന്റെ നേതൃസ്ഥാനത്തുള്ളവര്‍. എന്നാല്‍, റിയാസിന്റെ കാര്യം വ്യത്യസ്തമാണ്. ഒരു പോലീസ് കമ്മീഷണറുടെ മകന്‍ എങ്ങനെ രാഷ്ട്രീയത്തില്‍ സജീവമായി. അങ്ങനെ ആര്‍ക്കും തോന്നാവുന്ന ഒരു സംശയം.
'ഉപ്പയുടെ കുടുംബത്തിലും രാഷ്ട്രീയപ്രവര്‍ത്തകരുണ്ട്. ഉപ്പയുടെ എളാപ്പ കെ.പി.സി.സി. പ്രസിഡന്റായിരുന്നു, മൊയ്തീന്‍ കുട്ടി സാഹിബ്. അമ്മാവന്‍ കോഴിക്കോട് എം.പി.യായിരുന്നു, സെയ്ദ് മുഹമ്മദ്. അങ്ങനെയൊരു കുടുംബപശ്ചാത്തലത്തില്‍ നിന്നാണ് ഉപ്പയുടെ വരവ്. തൃശ്ശൂര്‍ കേരളവര്‍മ കോളേജില്‍ പഠിക്കുമ്പോള്‍ ഉപ്പ കെ.എസ്.യു.വിന്റെ നേതാവായിരുന്നു'.
ഉപ്പ പോലീസായത് കൊണ്ട് സമരരംഗത്ത് നിന്ന് തല്ല് കിട്ടിയത് കുറവുണ്ടായിരുന്നോ? ചോദ്യം കേട്ട് റിയാസും തങ്ങളും പൊട്ടിച്ചിരിച്ചു. 'തല്ല് കിട്ടുന്ന കാര്യത്തിലൊന്നും ഒരു ഇളവും ഉണ്ടായിരുന്നില്ല. വേറെയൊരു കാര്യം ഉപ്പ റിട്ടയര്‍ ചെയ്യുന്ന സമയത്ത് ഞാന്‍ ഒരു മാസം ജയിലിലായിരുന്നു. അതുപോലെ ഉപ്പ രാഷ്ട്രപതിയുടെ അവാര്‍ഡ് സ്വീകരിക്കാന്‍ കുടുംബവുമായി പോയപ്പോഴും സമരം കാരണം അതില്‍ പങ്കെടുക്കാനായില്ല'.
സൂര്യന്‍ അസ്തമിക്കാനൊരുങ്ങുന്നു. അതിനിടയില്‍ കൂടെയുള്ള ഫോട്ടോഗ്രാഫറുടെ ഒരപേക്ഷ. 'സൂര്യന്‍ ഇപ്പോ മറയും. അതിനുമുമ്പ് നിങ്ങളുടെ ഒരു ഫോട്ടോയെടുക്കണം'. ഇരുവരും എണീറ്റു. അസ്തമയസൂര്യനെ സാക്ഷിയാക്കി തോളില്‍ കൈയിട്ട് ചേര്‍ന്നുനിന്ന് ചിരിച്ചു.
ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്
Content Highlights: Syed Munawar Ali Shihab Thangal and P. A. Mohammed Riyas, Ramadan 2020