'നിരീക്ഷണകാലം കഴിഞ്ഞുവരുമ്പോള്‍ കൊറോണ ചികിത്സയ്ക്ക് ആരെങ്കിലും ഉണ്ടെങ്കില്‍ അപ്പോഴും എന്നെ അവിടെത്തന്നെ നിയോഗിക്കണം''-നഴ്‌സ് രേഷ്മയുടെ ഉറച്ചവാക്കുകള്‍ കേട്ടപ്പോള്‍ സഹപ്രവര്‍ത്തകര്‍ക്ക് ആവേശം അടക്കാനായില്ല. ഒപ്പം അഭിമാനവും.

പരിശോധനയില്‍ നെഗറ്റീവായി ആശുപത്രി വിടുമ്പോഴായിരുന്നു രേഷ്മയുടെ ഉറച്ച പ്രതികരണം. കോട്ടയം മെഡിക്കല്‍കോളേജില്‍ ചികിത്സയിലായിരുന്ന റാന്നിയിലെ ദമ്പതിമാരെ ശ്രുശ്രൂഷിക്കുമ്പോഴാണ് രോഗംപിടിപെട്ടത്. മാര്‍ച്ച് 12 മുതല്‍ 22 വരെയായിരുന്നു കൊറോണ ഐസൊലേഷന്‍ വാര്‍ഡില്‍ ഡ്യൂട്ടിയുണ്ടായിരുന്നത്. സ്വന്തം മാതാപിതാക്കളെപ്പോലെ അവരെ പരിചരിച്ചു.

ഡ്യൂട്ടി ടേണ്‍ അവസാനിച്ചശേഷം മാര്‍ച്ച് 23-ന് ചെറിയ പനി ഉണ്ടായി. കൊറോണ ലക്ഷണങ്ങള്‍ കണ്ടതിനാല്‍ സാംപിളെടുത്ത് പരിശോധനയ്ക്ക് അയച്ചു. കൊറോണ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. മാര്‍ച്ച് 24-ന് രോഗം സ്ഥിരീകരിച്ചു. 10 ദിവസമാകുമ്പോഴേക്കും രോഗമുക്തയായി. ആശുപത്രി വിട്ടസമയത്ത് മന്ത്രി കെ.കെ. ശൈലജ രേഷ്മയെ വിളിച്ച് സന്തോഷം പങ്കുവെച്ചു. എറണാകുളം തൃപ്പൂണ്ണിത്തുറ തിരുവാങ്കുളം സ്വദേശിനിയാണ് രേഷ്മ. ഭര്‍ത്താവ് ഉണ്ണിക്കൃഷ്ണന്‍ എന്‍ജിനിയറാണ്.

നമ്മള്‍ അതിജീവിക്കും

നമ്മുടെ ആശുപത്രികളില്‍ കൊറോണ ചികിത്സയ്ക്ക് എല്ലാ സൗകര്യങ്ങളുമുണ്ട്. ഒരുപാട് ജീവനക്കാര്‍ സന്നദ്ധതയോടെ ജോലിചെയ്യുന്നു. കേരളം കൊറോണയെ അതിജീവിക്കുകതന്നെ ചെയ്യും-രേഷ്മ

Content Highlights: We will overcome this,' says Kerala nurse who recovered from COVID-19