''കൊറോണക്കാലമാണെന്നോ സാമൂഹിക അകലം വേണമെന്നോ ഒന്നുമല്ല, വണ്ടികള്‍ ഇടിക്കാതെ ആ അച്ഛനെ എങ്ങനെ അപ്പുറത്തെത്തിക്കണം എന്നുമാത്രമായിരുന്നു അപ്പോള്‍ മനസ്സില്‍''- പറയുന്നത് ഇന്നലെ തൊട്ട് സമൂഹമാധ്യമത്തില്‍ വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോയിലെ സുപ്രിയയാണ്. കാഴ്ച ശക്തിയില്ലാത്ത വയോധികനെ റോഡ് കുറുകെ കടക്കാനും ബസില്‍ കയറാനും സുപ്രിയ സഹായിക്കുന്ന വീഡിയോയാണ് വൈറലായത്. ഇത്രയൊന്നും വൈറലാകുമെന്ന് താന്‍ സ്വപ്‌നത്തില്‍പ്പോലും കരുതിയില്ലെന്നും സുപ്രിയ പറയുന്നു. തന്നെ വൈറലാക്കിയ ആ ദിവസത്തെക്കുറിച്ച് മാതൃഭൂമി ഡോട്ട് കോമുമായി പങ്കുവെക്കുകയാണ് സുപ്രിയ. 

വൈറലാക്കിയ ആ ദിനം

രാവിലെ മുതല്‍ തുടങ്ങിയ അഭിനന്ദന വിളികളാണെന്നു പറഞ്ഞു തുടങ്ങുകയാണ് സുപ്രിയ. വൈകുന്നേരം കടയില്‍ നിന്നിറങ്ങി ഭര്‍ത്താവിനെ വിളിച്ചു. എന്നും തന്നെ ഭര്‍ത്താവാണ് വന്നുകൊണ്ടുപോവുക. അന്ന് ഇത്തിരി ജോലിത്തിരക്കുണ്ടെന്നും ഇറങ്ങി നടന്നോളൂ, ഇപ്പോഴെത്തുമെന്നും പറഞ്ഞു. അങ്ങനെ നടന്നു കുരിശുകവലയില്‍ എത്തിയപ്പോഴാണ് റോഡിനു നടുവില്‍ വടിയും കുത്തിപ്പിടിച്ച് ഒരു അച്ഛന്‍ നടക്കുന്നതു കണ്ടത്. അപ്പോള്‍ മറ്റൊന്നും ചിന്തിക്കാതെ ഓടിച്ചെന്നു. എങ്ങോട്ടാണ് പോകേണ്ടതെന്നു ചോദിച്ചു, അദ്ദേഹം പറഞ്ഞ സ്ഥലം ഇപ്പോള്‍ എനിക്ക് ഓര്‍മ കിട്ടുന്നില്ല. അവിടെ വണ്ടി നിര്‍ത്തുന്ന സ്ഥലമാണോ എന്നും അറിയില്ലായിരുന്നു. ചേട്ടന്‍ വരുമ്പോള്‍ വണ്ടിയില്‍ കയറ്റി ബസ് സ്റ്റാന്‍ഡിലാക്കാം എന്നാണ് ഓര്‍ത്തത്. അപ്പോഴാണ് ഒരു കെഎസ്ആര്‍ടിസി വന്നത്. കൈകാണിച്ചപ്പോള്‍ വണ്ടി നിര്‍ത്തുകയും ചെയ്തു. അച്ഛന്‍ ഇവിടെ തന്നെ നിന്നോളൂ, ഞാന്‍ കണ്ടക്ടറിനോടു പറഞ്ഞിട്ടു വരാം എന്നു പറഞ്ഞ് ഓടി, കാരണം ഇല്ലെങ്കില്‍ ബസ് നിര്‍ത്താതിരുന്നാലോ. ഒരച്ഛനുണ്ട് അദ്ദേഹത്തിനെ കയറ്റണം എന്നു കണ്ടക്ടറോടു പറഞ്ഞപ്പോള്‍ ശരി എന്നും പറഞ്ഞു. അങ്ങനെ അച്ഛനെ കൈപിടിച്ചു വരുന്നതുവരെ വണ്ടി അവിടെ നിര്‍ത്തിയിരുന്നു. 

ആ അച്ഛനെ കാണണമെന്നുണ്ട്

ആ അച്ഛനെ ശരിക്കും എനിക്കിപ്പോള്‍ കാണണമെന്നുണ്ട്. സ്ഥിരമായി അതുവഴി പോകുന്നയാളാണെന്നൊക്കെ പലരും പറയുന്നതു കേട്ടു. ആ അച്ഛനെയും അദ്ദേഹത്തിന്റെ വീട്ടുകാരെയുമൊക്കെ കണ്ടുസംസാരിക്കണം. അദ്ദേഹം കാരണമാണല്ലോ എന്നെ ഇപ്പോള്‍ നാലാള്‍ അറിയുന്നത്. 

വൈറലായെന്ന് അറിയുന്നതിങ്ങനെ

ചൊവ്വാഴ്ച്ച രാത്രി പത്തരയൊക്കെ ആയപ്പോഴാണ് സഹപ്രവര്‍ത്തക വിളിച്ച് ചേച്ചിയുടെ വീഡിയോ വൈറലായിട്ടുണ്ടല്ലോ എന്നു പറയുന്നത്. അപ്പോഴും എനിക്ക് കാര്യം പിടികിട്ടിയില്ല. ഭര്‍ത്താവിനോട് ഫെയ്സ്ബുക്കില്‍ വല്ല വീഡിയോയും പങ്കുവച്ചിട്ടുണ്ടോ എന്നൊക്കെ ചോദിച്ചു. അപ്പോഴാണ് ചേച്ചി ഔന്നും അറിഞ്ഞില്ലേ ഒരപ്പൂപ്പനെ ബസില്‍ കയറ്റി വിട്ടില്ലേ അതാരോ വീഡിയോ എടുക്കുന്നുണ്ടായിരുന്നു. അതിപ്പോള്‍ ലോകം മൊത്തം അറിഞ്ഞു. ചേച്ചി മാത്രം അറിഞ്ഞില്ലല്ലേ എന്നു പറഞ്ഞു. 

വീഡിയോ എടുത്തയാളോടും നന്ദി പറഞ്ഞു

വീഡിയോ എടുത്തത് ജോഷ്വാ എന്ന യുവാവായിരുന്നു. അവിടെ കടയില്‍ ജോലി ചെയ്യുകയാണ് അദ്ദേഹം. ബുധനാഴ്ച രാവിലെ ജോലിക്കു പോരുന്ന സമയത്ത് എന്നെ കണ്ട് ഈ പയ്യന്മാര്‍ ആ ചേച്ചിയല്ലേ അതെന്ന് പറയുന്നതു കേട്ടിരുന്നു. അങ്ങനെയാണ് ഇവരാകും വീഡിയോ എടുത്തതെന്നും നിനക്ക് നന്ദി പറയണോ എന്നും ഭര്‍ത്താവ് ചോദിക്കുന്നത്. അവരോടു പോയി നന്ദി പറഞ്ഞു. വീഡിയോ എടുത്തകാര്യം എന്നോടു പറയാന്‍ വേണ്ടി അവര്‍ താഴേക്ക് ഓടിവന്നിരുന്നു, അപ്പോഴേക്കും ഞാന്‍ വണ്ടിയില്‍ കയറി. ആ അച്ഛന്‍ റോഡില്‍ നില്‍ക്കുന്ന കണ്ടപ്പോള്‍ സങ്കടം തോന്നിയിരുന്നു അവരും പേടിച്ച് താഴേക്ക് വരാന്‍ നില്‍ക്കുമ്പോഴാണ് ഞാന്‍ വരുന്നതു കണ്ടതെന്ന്. അങ്ങനെ അടുത്തിരുന്നയാള്‍ വീഡിയോ എടുക്കാന്‍ പറയുകയായിരുന്നുവത്രേ. ഇത്രത്തോളം വൈറലാകുമെന്ന് അവരും കരുതിയിട്ടില്ല. 

അന്ന് മകന്‍ കളിയാക്കിയിരുന്നു

ഭര്‍ത്താവും മക്കളും മാതാപിതാക്കളുമൊക്കെ വളരെ സന്തോഷത്തിലാണ്. ഈ സംഭവം നടന്ന അന്ന് ഞാന്‍ വീട്ടില്‍പ്പോയപ്പോള്‍ ഇക്കാര്യം പറഞ്ഞിരുന്നു. അപ്പോള്‍ മകന്‍ കളിയാക്കുകയും ചെയ്തിരുന്നു, അമ്മ ബോര്‍ഡ് നോക്കി ശരിക്കുമുള്ള വണ്ടിയിലാണോ ആ അപ്പൂപ്പനെ കയറ്റിയതെന്നു ചോദിച്ചിട്ട്. ജോലി ചെയ്യുന്ന സ്ഥാപനവും സഹപ്രവര്‍ത്തകരുമൊക്കെ പിന്തുണയുമായി കൂടെയുണ്ട്-സുപ്രിയ പറയുന്നു. 

Content Highlights: viral lady supriya suresh sharing experience