സ്വരൂപിന് നൃത്തം ചെയ്യാന്‍ ഒരു കാല്‍ മതി. ഫാഷന്‍ മേഖലയിലേക്ക് കാലെടുത്തു വെച്ച അവന് മുന്നോട്ടു പോകാന്‍ കരുത്തനായ മനസും ചിരിക്കുന്ന മുഖവും മതി. ജയിച്ചവനേ തോല്‍ക്കാന്‍ പേടിയുള്ളൂ, ജീവിതത്തില്‍ തോറ്റ താന്‍ എന്തിന് പേടിക്കണം. ഈ ചങ്കുറപ്പാണ് ഇന്ന് കാണുന്ന സ്വരൂപ്.
നൃത്തത്തെ സനേഹിച്ച, സിനിമയെ നെഞ്ചോട് ചേര്‍ത്ത് നിര്‍ത്തിയ, ഫാഷനെ ജീവിതത്തിന്റെ ഭാഗമാക്കാന്‍ കൊതിച്ച സ്വരൂപിന്റെ ജീവിതത്തെ തകര്‍ത്തത് എതിരെ വന്ന വാഹനമോടിച്ചയാളുടെ നിമിഷ നേരത്തെ അശ്രദ്ധയാണ്. കത്തിയെരിഞ്ഞ ബൈക്കില്‍ നിന്ന് രക്ഷപ്പെടുത്തിയെങ്കിലും 60 കഷണങ്ങളായി തകര്‍ന്ന ഉടഞ്ഞുപോയ കാല്‍ മുറിച്ചു മാറ്റാതെ നിവൃത്തിയുണ്ടായിരുന്നില്ല. മരുന്നു മാറി കുത്തിവെച്ചെങ്കിലും തന്റെ ജീവനെടുക്കൂ എന്നു പറഞ്ഞ സ്വരൂപ് ഇന്ന് നമ്മുടെ മുന്നില്‍ അതിജീവനത്തിന്റെ കരുത്തുറ്റ മാതൃകയാണ്.
കല്പറ്റയിലെ സ്വരൂപ് ജനാര്‍ദനന്‍ നൃത്തം ചെയ്യുന്നതു കണ്ടാല്‍ നിങ്ങള്‍ ഇമവെട്ടാതെ നോക്കി നില്‍ക്കും. ആത്മവിശ്വാസം തുളുമ്പുന്ന സംസാരം മനസുപതറിയവന് താങ്ങാകും. ഒരു കാല്‍ മുറിച്ച് മാറ്റി നാലാം മാസം മുതല്‍ നൃത്തത്തേയും ഫാഷനേയും ചേര്‍ത്ത് നിര്‍ത്തി അവന്‍ പുറത്തിറങ്ങി. ചങ്ക് കൂട്ടുകാരുടെ തോളോട് ചേര്‍ന്ന് വീണ്ടും ലോകം കാണാനിറങ്ങി. കണ്ടറിയണം സ്വരൂപിന്റെ ചങ്കുറപ്പ്.