മിനി സരോജനിയമ്മയുടെ മുടിയൊതുക്കിക്കൊടുത്തു. അയഞ്ഞുപോയ കള്ളിമുണ്ട് ശരിക്കും ഉടുപ്പിച്ചു. കൈപിടിച്ച് വീട്ടിനകത്തുനിന്ന് പുറത്തേക്ക് കൂട്ടിക്കൊണ്ടുവന്നു. എപ്പോഴോ ഇരുവരുടെയും കണ്ണുനിറഞ്ഞു. സരോജിനി പറഞ്ഞു: 'ഇത് എനിക്ക് ദൈവംതന്ന പൊന്നുമോളാണ്'.

കാഞ്ഞങ്ങാട് തോയമ്മലിലാണ് 70 വയസ്സുപിന്നിട്ട ആ അമ്മ -പേര് സരോജിനി. മാവുങ്കാല്‍ സ്വദേശിയാണ് മിനി പി. ജോസഫ്. ഇരുവരും കണ്ടുമുട്ടിയിട്ട് ഒമ്പതു വര്‍ഷമാകുന്നു. അന്നുമുതല്‍ സരോജിനിക്ക് മിനി സ്വന്തം മകളാണ്. ഇരട്ട ആണ്‍കുട്ടികളുണ്ടായിരുന്നു സരോജിനിക്ക്. ഒമ്പതാം വയസ്സില്‍ ഇരുവരും പുഴയില്‍ മുങ്ങിമരിച്ചു. നഷ്ടപ്പെട്ട മക്കള്‍ക്കുപകരം വര്‍ഷങ്ങള്‍ക്കുശേഷം മകളായി മിനി വന്നു.

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ ഹെഡ്നഴ്സാണ് മിനി. നേരത്തേ പാലിയേറ്റീവ് കെയര്‍ വിഭാഗത്തില്‍ ജോലിചെയ്യുമ്പോഴാണ് സരോജിനിയമ്മയുടെ വീട്ടിലെത്തിയത്. ഇവരുടെയും ഭര്‍ത്താവിന്റെയും ആരോഗ്യസ്ഥിതിയറിയാനും അവശ്യമായ കാര്യങ്ങള്‍ ചെയ്തുകൊടുക്കാനും മിനി ഇടയ്ക്കിടെയെത്തും. കര്‍ഷകനായിരുന്നു കുഞ്ഞമ്പു. വീട്ടിലെ ദയനീയസ്ഥിതി മനസ്സിലാക്കിയ മിനി അവരുടെ വീട്ടുകാര്യങ്ങള്‍കൂടി നോക്കാന്‍ തുടങ്ങി. പതിയെ അവരുടെ 'മകളാ'യി. കുഞ്ഞമ്പു മൂന്നര വര്‍ഷംമുമ്പ് മരിച്ചു.

ബന്ധുക്കളായി ആരുമില്ല. എന്നാല്‍ സരോജിനിയമ്മയ്ക്ക് ഒരു ബുദ്ധിമുട്ടും അനുഭവിക്കേണ്ടിവന്നില്ല. എല്ലാ കാര്യങ്ങളും നോക്കാന്‍ മിനിയുണ്ട്. തോയമ്മല്‍ ദേശീയപാതയോരത്ത് ഭര്‍ത്താവിന് കുടുംബസ്വത്തായി കിട്ടിയ ഒന്നരസെന്റ് സ്ഥലത്താണ് സരോജിനിയമ്മയുടെ വീട്. ലോക്ഡൗണ്‍ കാലത്തും ഇവിടെ മുടക്കമില്ലാതെ പലചരക്കും പച്ചക്കറിയുമെല്ലാം എത്തും. തൊട്ടടുത്ത കടയില്‍ മിനി പറഞ്ഞേല്‍പ്പിച്ചിട്ടുണ്ട്. ഭര്‍ത്താവുകൂടി നഷ്ടപ്പെട്ട ജീവിതത്തില്‍ ഇനിയൊന്നും ബാക്കിയില്ലെന്നു തോന്നിയപ്പോഴും മിനി നല്‍കിയ സ്‌നേഹം സരോജിനിയെ ജീവിപ്പിക്കുന്നു, സന്തോഷം നല്‍കുന്നു.

Content Highlights: Salute The Heroes Covid19 Corona Virus Head nurse Mini caring Sarojiniyamma, Health