കോഴിക്കോട്: തങ്കുപൂച്ചേയെന്ന ഒറ്റ വിളിയില്‍ കേരളം ഏറ്റെടുത്തിരുന്നു സായി ടീച്ചറെ. അസാധാരണ കാലത്തെ  അസാധാരണ പ്രവേശനോത്സവത്തില്‍ കുട്ടികളെ ടി.വിക്ക്  മുന്നിലും മൊബൈലിന് മുന്നിലുമെല്ലാം പിടിച്ചിരുത്തി കോഴിക്കോട് മുതവടത്തൂര്‍ വി.വി.എല്‍.പി.സ്‌കൂളിലെ ഈ ടീച്ചര്‍. വലിയ സ്വീകാര്യതയ്‌ക്കൊപ്പം ട്രോളര്‍മാരുടെ കൂട്ടമായ അക്രമത്തിനും ഇരയാകേണ്ടി വന്നൂവെങ്കിലും ആദ്യ ദിവസം തന്നെ തന്നെ കുട്ടികളും  രക്ഷിതാക്കളും ഏറ്റെടുത്തതിന്റെ സന്തോഷത്തിലാണ് ടീച്ചര്‍. വലിയ പിന്തുണയ്ക്കും വൈറല്‍ പരിവേഷത്തിനുമപ്പുറം ശമ്പളം ലഭിക്കാന്‍ കൂടി പിന്തുണ വേണമെന്ന് അഭ്യര്‍ഥിക്കുകയാണ് ഈ മിടുക്കി ടീച്ചര്‍

അഭിമാനത്തോടെ പറയട്ടെ ഞാനും ഒരു അധ്യാപികയാണ്. എന്ന് പറഞ്ഞ് ഏപ്രില്‍ 29 ന് സായി ടീച്ചര്‍ പോസ്റ്റ് ചെയ്ത ഫെയ്സ് പോസ്റ്റും പുതിയ സാഹചര്യത്തില്‍ വൈറലാവുകയാണ്. എയ്ഡഡ് സ്‌കൂളില്‍ അംഗീകാരം കാത്തിരിക്കുന്നു. ശമ്പളം എന്നെങ്കിലും കിട്ടും എന്ന പ്രതീക്ഷയില്‍. എങ്കിലും ഈ മഹാമാരി യുടെ സാഹചര്യത്തില്‍ നൃത്തം പഠിപ്പിച്ചു സ്വരൂപിച്ച തുക ഞാനും സര്‍ക്കാരിലേക്കു നല്‍കുന്നു, പൂര്‍ണ്ണമനസ്സോടെ.എന്നതായിരുന്നു സായി ടീച്ചറുടെ പോസ്റ്റ്. 

ടീച്ചറെ സോഷ്യല്‍ മീഡിയയില്‍ ട്രോളുന്നവര്‍ ഇതുകൂടി അറിയണമെന്നും ഇതിന് കൂടി പിന്തുണ വേണമെന്നും ടീച്ചറെ അഭിനന്ദിച്ചുവരുന്ന കമന്റുകളില്‍ പലരും വ്യക്തമാക്കുന്നുണ്ട്. വലിയ കളിയാക്കലിന് ഇരയാകേണ്ടി വന്നുവെങ്കിലും വീട്ടുകാരുടേയും സുഹൃത്തുക്കളുടേയും അകമഴിഞ്ഞ പിന്തുണ ഏറെ സന്തോഷം  നല്‍കുന്നുണ്ട് സായി ടീച്ചര്‍ക്ക്. കഥപറഞ്ഞ് പാട്ടുപാടി ഡാന്‍സ്  കളിച്ചുതന്നെയാണ് ഒന്നാംക്ലാസില്‍ പഠനം തുടങ്ങേണ്ടത്. പൂച്ചയും എലിയും കുരങ്ങന്‍മാരുമൊക്കെ അവരുടെ പ്രിയപ്പെട്ട കഥാപാത്രങ്ങളുമാണ്. അപ്പോള്‍  ഇങ്ങനെയല്ലാതെ എങ്ങനെ ക്ലാസെടുക്കണമെന്നാണ് ട്രോളര്‍മാരുടെ ഉപദേശമെന്നും സായി ടീച്ചറെ പിന്തുണച്ച് കൊണ്ട് പലരും ചോദിക്കുന്നുണ്ട്.

കുട്ടികള്‍ പഠിക്കട്ടെ അവര്‍ക്ക് ഇഷ്ടമുള്ള രീതിയില്‍. അവരെയെങ്കിലും നമുക്ക് ട്രോളില്‍ നിന്ന് മാറ്റി നിര്‍ത്താം