തോപ്പുംപടി: ''അവര്‍ക്ക് ചായപ്പൊടീം, പഞ്ചസാരേം മേടിക്കാന്‍ കാശുവേണ്ടേ, എന്റെ കൈയിലൊള്ളത് പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ് ചോറിനൊപ്പം െവച്ചു'' -ദുരിതം പേമാരിയായി പെയ്യുന്ന കാലത്ത്, നന്മയുടെ വെളിച്ചമായിമാറിയ ആ പൊതിച്ചോറിനെക്കുറിച്ചാണ് കുമ്പളങ്ങിക്കാരി മേരി പറയുന്നത്. ചെല്ലാനത്തേക്ക് തയ്യാറാക്കിക്കൊടുത്ത പൊതിച്ചോറിനൊപ്പം നൂറിന്റെ ഒരു നോട്ടുകൂടി പൊതിഞ്ഞുവെച്ചത് മേരിയാണ്. കൈയില്‍ പണമുണ്ടായിട്ടല്ല മേരി അതു ചെയ്തത്.

കുമ്പളങ്ങിയില്‍ കാറ്ററിങ് സ്ഥാപനത്തിലായിരുന്നു മേരിക്ക് ജോലി. ഭര്‍ത്താവ് സെബാസ്റ്റ്യന് വഞ്ചിനിര്‍മാണം. ലോക്ഡൗണ്‍ തുടങ്ങിയശേഷം രണ്ടുപേര്‍ക്കും പണിയില്ല. കഴിഞ്ഞയാഴ്ച തൊഴിലുറപ്പില്‍ മേരിക്ക് ഏതാനും ദിവസം മാത്രം പണികിട്ടി. അതില്‍നിന്നു കിട്ടിയ പണത്തില്‍ 200 രൂപ അവര്‍ മാറ്റിവെച്ചു. ചെല്ലാനത്ത് വെള്ളം കയറിയപ്പോള്‍ നാട്ടുകാര്‍ ദുരിതത്തിലാണെന്നറിഞ്ഞു. അവര്‍ക്ക് ചോറുപൊതി കൊടുക്കണമെന്ന് വാര്‍ഡ് മെമ്പര്‍ രത്തനാണ് പറഞ്ഞത്. ''പിന്നെയൊന്നും നോക്കീല്ല, ചോറു മാത്രം പോരെന്ന് എനിക്കു തോന്നി. ഒന്നുമില്ലാത്തവര്‍ക്കാണ് ചോറുകൊടുക്കേണ്ടത്. അവര്‍ക്ക് ഒരു ചായ കുടിക്കണ്ടേ. അതുകൊണ്ട് നൂറുരൂപ പ്ലാസ്റ്റിക് കടലാസില്‍ പൊതിഞ്ഞ് കറിയോടൊപ്പം െവച്ചു. അപ്പോള്‍ ഒരു സമാധാനം'' - നിഷ്‌കളങ്കമായി മേരി ചിരിച്ചു.

ഭര്‍ത്താവ് സെബാസ്റ്റ്യന് ഇപ്പോഴും പണിയില്ല. മേരിക്കും ജോലിയില്ല. നാളെ എന്തെന്ന് ഒരു നിശ്ചയവുമില്ല. പൊതിച്ചോറുകള്‍ കണ്ണമാലി പോലീസിനാണു കൈമാറിയത്. അവരാണ് അത് നാട്ടുകാര്‍ക്കു വിതരണം ചെയ്തത്. ബാക്കിവന്ന ഒരു ചോറുപൊതി പോലീസുകാരന്‍ തുറന്നുനോക്കിയപ്പോഴാണ് നോട്ട് കണ്ടത്. സംഭവം 'മാതൃഭൂമി' റിപ്പോര്‍ട്ട് ചെയ്തു.

ആരാണ് പൊതിച്ചോറില്‍ നോട്ടുവെച്ചതെന്ന് ആര്‍ക്കുമറിയില്ലായിരുന്നു. പത്രത്തില്‍ വാര്‍ത്തവന്നതോടെ, മേരിയുടെ മകന്‍ സെബിന്‍ അമ്മയുടെ ചിത്രം സാമൂഹിക മാധ്യമത്തില്‍ പോസ്റ്റുചെയ്യുകയായിരുന്നു. വിവരമറിഞ്ഞ് ചെല്ലുമ്പോള്‍, ഒന്നും സംഭവിക്കാത്ത മട്ടിലായിരുന്നു മേരി. ചെല്ലാനത്തുകാരുടെ ദുരിതത്തെക്കുറിച്ചാണ് അപ്പോഴും അവര്‍ പറഞ്ഞത്. കണ്ണമാലിയില്‍നിന്ന് പോലീസുകാരെത്തി മേരിക്ക് ചെറിയ ഉപഹാരം നല്‍കി.