വടക്കാഞ്ചേരി: ഓൺലൈൻ പഠനം എങ്ങനെ പോകുന്നുവെന്ന് അറിയാനാണ് അഞ്ജലിയെ വേലൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ പ്രിൻസിപ്പൽ വിളിച്ചത്. എന്നാൽ ക്ഷേമാന്വേഷണത്തിനിടയിൽ അഞ്ജലിയുടെ അമ്മ തങ്കമണി പങ്കു വെച്ചത് ലോക്ഡൗണിൽ വഴിമുട്ടിയ ജീവിതത്തെക്കുറിച്ചായിരുന്നു.

മുണ്ടത്തിക്കോട് കുംഭാര കോളനിയിൽ മൺപാത്ര നിർമാണക്കാരാണ് ഇവർ. മൺപാത്രങ്ങൾ ചെലവില്ലാത്തതിനാൽ ചൂളയ്ക്ക് വയ്ക്കുന്നില്ല. ആറുമാസമായി ജീവിതം വഴിമുട്ടിയ ഇവരുടെ ദുരിതം മനസ്സിലാക്കിയതോടെ പ്രിൻസിപ്പലും സ്‌കൂളിലെ അധ്യാപകരും ജീവനക്കാരും പി.ടി.എ.യുമായി ആലോചിച്ച് ഇവർക്കായി മൺപാത്ര ചലഞ്ച് സംഘടിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു.

അങ്ങനെ സ്‌കൂൾ അധികൃതർ ആവശ്യപ്പെട്ട പ്രകാരം ചട്ടികളും കലവും കൂജകളും മറ്റുമായി കുംഭാര കോളനിയിൽ നിന്ന് അഞ്ജലിയുടെ അച്ഛൻ തങ്കുട്ടനും അമ്മ തങ്കമണിയും സഹോദരൻ അഭിനന്ദനും സ്‌കൂളിലെത്തി. കോവിഡ് മാനദണ്ഡങ്ങൾ പൂർണമായി പാലിച്ച് നേരത്തെ വാട്‌സ് ആപ്പ് ഗ്രൂപ്പിലൂടെ ഓരോരുത്തർക്കും അനുവദിച്ച സമയത്ത് അധ്യാപകരും ജീവനക്കാരുമെത്തി. ആവശ്യമുള്ള ഇനങ്ങൾ തിരഞ്ഞെടുത്തു. പി.ടി.എ. ഭാരവാഹികളും എത്തിയിരുന്നു. ഇതിനു പുറമേ പ്ലസ് വൺ ഏകജാലകത്തിനെത്തിയ രക്ഷിതാക്കളും ചലഞ്ചിൽ സഹായിച്ചു. ആദ്യദിവസമായ തിങ്കളാഴ്ചതന്നെ അയ്യായിരത്തിലധികം രൂപയുടെ മൺപാത്രങ്ങൾ വിറ്റുപോയി. ചൊവ്വാഴ്ചയും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. മൺഗ്ളാസുകൾക്കും കൗതുക വസ്തുക്കൾക്കും ആവശ്യക്കാർ ഏറെയായിരുന്നു. ബുധനാഴ്ചയും വിപണനം തുടരും.

ആറു മാസമായി ഒന്നും വിൽക്കാനാകാതെ പ്രയാസപ്പെടുകയായിരുന്ന കുടുംബത്തിന് ആശ്വാസമായിരുന്നു ചലഞ്ചിലെ മികച്ച വിൽപ്പന.

ഇവരുടെ കൈവശമില്ലാത്ത ഇനങ്ങളും ചലഞ്ചിനെത്തിയവർ ആവശ്യപ്പെട്ടതോടെ കോളനിയിൽ പോയി കൈവശമുള്ളവരിൽ നിന്ന് അവ വാങ്ങി എത്തിച്ചു കൊടുക്കാനും ഇവർ മടിച്ചില്ല. ഇതിനിടയിൽ സ്‌കൂളിലെ കൊമേഴ്‌സ് അധ്യാപിക പ്ലസ് ടുവിന് മികച്ച വിജയം നേടിയ 29 വിദ്യാർഥികൾക്ക് സമ്മാനിക്കാനായി പൂച്ചട്ടികൾക്ക് ഓർഡർ നൽകി. എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസറായ മെർലിൻ ബെൻസിഗർ എൻ.എസ്.എസിന്റെ പരിപാടികളിൽ സമ്മാനം നൽകാൻ 50 മൺപാത്രങ്ങളും.

പ്രിൻസിപ്പൽ സി.എഫ്. ജോൺജോഫിയാവട്ടെ എല്ലാ ക്ലാസുകളിലേക്കും ഓരോ മൺകൂജയ്ക്കും ഓർഡർ കൊടുക്കാൻ മുന്നോട്ടുവന്നതോടെ ചലഞ്ച് സൂപ്പർ ഹിറ്റായി.