ടച്ചിടല്‍ കാലത്ത് ഈ അധ്യാപകന്‍ വിശ്രമിച്ചിട്ടേയില്ല.രാവിലെ 5.30-ന് ഉണരും.ആറു മണിയോടെ മുഖാവരണങ്ങളുമായി വീട്ടില്‍നിന്നിറങ്ങും. കോളനികള്‍, ആശുപത്രികള്‍, പോലീസ് സ്റ്റേഷനുകള്‍,കശുവണ്ടി ഫാക്ടറികള്‍, നിരത്തുകള്‍, മത്സ്യ ബന്ധന ഹാര്‍ബറുകള്‍, സ്‌ക്കൂളുകള്‍ എന്നു വേണ്ട ആളുകളെ കാണുന്നയിടങ്ങളിലെല്ലാം വിതരണം ചെയ്യും. കൊറോണ ബോധവത്കരണ ക്ലാസ്സുകള്‍ നടത്തും. ലഘുലേഖകള്‍ അച്ചടിച്ച് വിതരണം ചെയ്യും. ജനതാ കര്‍ഫ്യൂ ദിവസമായ മാര്‍ച്ച് 22 മുതല്‍ ഇപ്പോള്‍ വരെ ഇതാണ് ശീലം.

കൊല്ലം ശങ്കരമംഗലം ഹയര്‍സെക്കന്‍ഡറി സ്‌ക്കൂളിലെ ഹൈസ്‌ക്കൂള്‍ വിഭാഗം സാമൂഹികശാസ്ത്ര അധ്യാപകനും സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ ചുമതലക്കാരനുമായ കുരീപ്പുഴ ഫ്രാന്‍സിസ് ഇതുവരെ രണ്ടു ലക്ഷത്തിലേറെ മാസ്‌കുകള്‍ സൗജന്യമായി നല്‍കിയിട്ടുണ്ട്.മാസ്‌കുകള്‍ നിര്‍ബന്ധമാക്കുന്നതിന് മുമ്പു തന്നെ വിതരണം തുടങ്ങിയതാണ്. മുഖാവരണങ്ങള്‍ ധരിക്കുന്നതെങ്ങനെയാണ്, എങ്ങനെ കൈ കഴുകണം, സാനിറ്റൈസര്‍ ഉപയോഗിക്കണം എന്നെല്ലാം കോളനികളിലും മറ്റും പോയി പഠിപ്പിക്കുകയും ചെയ്തു.

അടച്ചിടലിന്റെ ആദ്യദിവസങ്ങളില്‍ ആഹാരം പോലും കഴിക്കാതെയായിരന്നു യാത്ര. ബൈക്കിലും ഓട്ടോറിക്ഷയിലുമായി നാലായിരത്തോളം കിലോമീറ്ററുകള്‍ യാത്ര ചെയ്തിട്ടുണ്ട് ദേശീയ അധ്യാപക അവാഡ് ജേതാവായ ഇദ്ദേഹം. എല്‍.ഐ.സി. പോളിസിയുടെ കാലാവധി തീര്‍ന്നപ്പോള്‍ കിട്ടിയ നാലു ലക്ഷം രൂപയും കോവിഡ് കാലത്തെ സേവനങ്ങള്‍ക്ക് ഉപയോഗിച്ചു. കൂടാതെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 25000 രൂപ ജില്ലാ കളക്ടറെ ഏല്‍പ്പിക്കുകയും ചെയ്തു.

വീടിനടുത്തുള്ള മൂന്നു തയ്യല്‍ തൊഴിലാളികളെ ഏല്‍പ്പിച്ച് മാസ്‌കുകള്‍ തുന്നിയെടുക്കുകയായിരുന്നു. തികയാതെ വന്നപ്പോള്‍ എറണാകുളത്ത് പോയി മൊത്തവ്യാപാരികളില്‍ നിന്ന് റെഡിമെയ്ഡ് മുഖാവരണങ്ങള്‍ വാങ്ങുകയും ചെയ്തു. ഇതിന് പുറമേ സാനിറ്റൈസര്‍, സോപ്പ്, ഹാന്‍ഡ് വാഷ് എന്നിവയും വിലയ്ക്ക് വാങ്ങി സൗജന്യമായി വിതരണം ചെയ്തിട്ടുണ്ട്. സ്‌കൂളിലെ ചില വിദ്യാര്‍ഥികള്‍ക്ക് പഠനത്തിന് സൗകര്യം ഇല്ലന്ന്  മനസിലാക്കിയ കുരീപ്പുഴ ഫ്രാന്‍സിസ് കഴിഞ്ഞ മാസത്തെ ശമ്പളം അവര്‍ക്കായി മാറ്റി വെച്ചു. ആറ് ടെലിവിഷനുകളാണ് എസ്.പി.സിയുടെ പേരില്‍ വാങ്ങി നല്‍കിയത്.

 

പ്രളയ ബാധിതര്‍ക്കും മനസ്സറിഞ്ഞ് സഹായം

മികച്ച അധ്യാപകനുള്ള ദേശീയ അവാര്‍ഡ് ഉള്‍പ്പെടെ അധ്യാപന, സന്നദ്ധ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നിരവധി അവാര്‍ഡുകള്‍ ലഭിച്ചിട്ടുള്ള ഈ അധ്യാപകന്‍ സമൂഹത്തില്‍ സഹായഹസ്തവുമായി എത്തുന്നത് ആദ്യമായിട്ടല്ല. കഴിഞ്ഞ രണ്ട് തവണത്തെ പ്രളയ സമയത്തും ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങായിരുന്നു. പ്രളയ ബാധിത പ്രദേശങ്ങളായ കുട്ടനാട്, ചെങ്ങന്നൂര്‍, പെരിങ്ങാലം എന്നിവിടങ്ങളില്‍ ലോറികളില്‍ അവശ്യസാധനങ്ങളെത്തിച്ചു. വെള്ളം കയറി നശിച്ച സ്‌കൂളുകള്‍ ശുചീകരിക്കാനും മുന്നിലുണ്ടായിരുന്നു. നിര്‍ദ്ധനരായ കുടുംബങ്ങള്‍ക്ക് തന്നാല്‍ കഴിയുന്ന തരത്തില്‍ അരിയും, പലവ്യഞ്ജന കിറ്റുകളും വാങ്ങി നല്‍കാറുമുണ്ട്.

സ്‌കൂള്‍ വിട്ടാല്‍ പെട്ടെന്ന് വീടുപിടിക്കുന്ന ശീലമില്ല, ഫ്രാന്‍സിസ് മാഷിന്. സ്‌കൂള്‍ മുറ്റത്ത് പച്ചക്കറിത്തോട്ടമുണ്ടാക്കുക, ചെടികള്‍ നട്ടുപിടിപ്പിക്കുക, ദേശീയ പാതയോരത്ത് മരങ്ങള്‍ നടുക...കുട്ടികളേയും കൂട്ടി ഇതൊക്കെ ചെയ്തിട്ടേ വീട്ടിലേക്ക് പോകുകയുള്ളൂ.
2015 ലാണ് മികച്ച അധ്യാപകനുള്ള ദേശീയ അവാര്‍ഡ് തേടി എത്തിയത്. ശൂരനാട് ഗവ.എച്ച്.എസ്.എസ്സിലെ ഹെഡ്മിസ്ട്രസായ വത്സലകുമാരിയാണ് ഭാര്യ. ഏക മകന്‍ നീരജ് സൂര്യ പ്ലസ്ടു വിദ്യാര്‍ഥിയാണ്.

സ്വാതന്ത്ര്യ സമരസേനാനി കൗമുദി ടീച്ചറുടെ ജിവചരിത്രമായ 'കൗമുദി ടീച്ചര്‍ ത്യാഗത്തിന്റെ നിലാവ്' അടക്കം മൂന്നു പുസ്തകങ്ങള്‍ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

Content Highlights: Kerala school teacher Francis has distributed more than 200000 face masks Covid19 CoronaVirus