''എന്നും രാത്രി ഒരു മൂന്നുമണിയൊക്കെ ആവുമ്പോൾ ഉണ്ണി എഴുന്നേൽക്കും, പിന്നെ ഒരു കള്ളച്ചിരിയോടെ ഞാൻ അടുത്തുണ്ടെന്ന് ഉറപ്പിച്ച് തിരികെ കിടന്നുറങ്ങും''- ഉണ്ണിയെ അച്ഛനമ്മമാർക്കു തിരികെ നൽകിയതിനു ശേഷമുള്ള ആദ്യരാത്രിയാണ്.. കളിചിരികളോടെ അവനൊപ്പമുണ്ടായിരുന്ന ദിവസങ്ങൾ ഓർക്കുകയാണ് ഡോ.മേരി അനിത. കോവിഡ് പോസിറ്റീവായ ദമ്പതികളുടെ കുഞ്ഞിനെ ആരും നോക്കാനില്ലാത്ത സാഹചര്യത്തിൽ നിറഞ്ഞ മനസ്സോടെ ഏറ്റെടുക്കുകയായിരുന്നു മേരി അനിതയിലെ അമ്മ മനസ്സ്.

unni kuttan
എല്‍വിനെ അമ്മ ഷീനയെത്തി കൂട്ടിക്കൊണ്ടുപോകുമ്പോള്‍
കുഞ്ഞിനെ പിരിയുന്ന ദുഃഖത്തില്‍ വിതുമ്പുന്ന മേരി അനിത

ഭിന്നശേഷിക്കാരായ കുട്ടികളെ മുഖ്യധാരയിലേക്കെത്തിക്കുന്നതുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന മേരി അനിതയ്ക്ക് ഇത് മറ്റൊരു സ്നേഹത്തിൽ ചാലിച്ച അനുഭവമായി മാറി. കോവിഡ് മുക്തരായി വന്ന മാതാപിതാക്കൾക്ക് ഹൃദയം നുറുങ്ങുന്ന വേദനയോടെ മേരി അനിതയും മക്കളും കുഞ്ഞിനെ കൈമാറുന്ന ദൃശ്യങ്ങളും നോവുപടർത്തിയിരുന്നു. നഴ്സുമാരായി ജോലി ചെയ്യുന്ന ഷീന- എൽദോസ് ദമ്പതികളുടെ എൽവിൻ എന്ന കുഞ്ഞിന് ഒരുമാസക്കാലത്തേക്ക് അമ്മയായി മാറിയതിന്റെ വിശേഷങ്ങൾ മാതൃഭൂമി ഡോട്ട് കോമുമായി പങ്കുവെക്കുകയാണ് മേരി അനിത.

ഉണ്ണി അരികിലെത്തുന്നത് ഇങ്ങനെ...

ക്ലിനിക്കൽ സൈക്കോളജിസ്റ്റാണ് ഞാൻ.  കഴിഞ്ഞ പന്ത്രണ്ടു വർഷമായി ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങളെ മുഖ്യധാരയിലേക്കു കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുകയാണ്. അവർക്കു വേണ്ടിയാണ് സൈക്കോളജി പഠിച്ചതുപോലും. വെള്ളിയാഴ്ച്ച മാത്രമാണ് ക്ലിനിക്കിൽ ഇരിക്കുന്നത്. ഡിസാസ്റ്റർ മാനേജ്മെന്റിന്റെ ഒരു ഗ്രൂപ്പിൽ അംഗമാണ് ഞാൻ. കോവി‍‍ഡ്, മഴക്കാല ദുരിതങ്ങൾ തുടങ്ങിയവയൊക്കെ അപ്രതീക്ഷിതമായി വരുന്ന സമയമാണല്ലോ, അപ്പോൾ‌ എല്ലാ സ്ഥലങ്ങളുമായി പെട്ടെന്ന് ആശയവിനിമയം നടത്താനുള്ള വാട്സാപ് ഗ്രൂപ്പാണത്. അതിൽ പെട്ടെന്നാണ് ഒരു ചോദ്യം വന്നത് കോവി‍‍ഡ് പോസിറ്റീവായ മാതാപിതാക്കളുടെ ആറുമാസം പ്രായമായ കുഞ്ഞിന് ഒരു ബൈസ്റ്റാൻഡറിനെ കിട്ടാൻ വഴിയുണ്ടാകുമോ എന്നു ചോദിച്ച്. പെട്ടെന്നു തന്നെ ഞാൻ തയ്യാറാണെന്നു മറുപടി പറഞ്ഞു.

അവർ കരുതിയത് ഞാൻ വളന്റിയർമാരെ നൽകാമെന്നാണ് പറഞ്ഞതെന്നാണ്. അപ്പോഴും എനിക്ക് കാര്യത്തിന്റെ ഗൗരവം പിടികിട്ടാത്തതുകൊണ്ടാണോ സമ്മതം മൂളിയതെന്നാണ് അവർ കരുതിയത്. മാത്രമല്ല ക്വാറന്റൈൻ സൗകര്യങ്ങൾ ഒരുക്കുന്നതും ഭക്ഷണവിതരണവുമായൊക്കെ ബന്ധപ്പെട്ട് ധാരാളം പ്രവർത്തനങ്ങൾ ചെയ്യുന്നതുകൊണ്ട് ഇതിനു സമയം കിട്ടുമോ എന്നായിരുന്നു അവർക്കൊക്കെ സംശയം. ഇതിനേക്കാളെല്ലാം വലുതാണ് ആ കുഞ്ഞിനെ പോസിറ്റീവ് ആകാതെ രക്ഷിക്കുന്നത് എന്നെനിക്കു തോന്നി. പോസിറ്റീവായ അച്ഛനുമമ്മയ്ക്കുമൊപ്പം കഴിയുന്ന നെഗറ്റീവായ കുഞ്ഞിനെ എത്രയുംപെട്ടെന്ന് അവിടെനിന്നും മാറ്റുക എന്നതു മാത്രമായിരുന്നു മനസ്സിൽ.

പതിനാലിന് രാത്രിയാണ് എനിക്ക് ഇതുസംബന്ധിച്ച വിളിവരുന്നത്. അന്നുതന്നെ കുഞ്ഞിനെ ഏറ്റെടുക്കാൻ ഞാൻ തയ്യാറാണെന്ന് അറിയിക്കുകയായിരുന്നു. പക്ഷേ നിയമപരമായ ചില കടമ്പകൾ കൂടി കഴിയേണ്ടതുണ്ടായിരുന്നു. മാത്രമല്ല കുഞ്ഞിന്റെ ആദ്യത്തെ ഫലം മാത്രമാണ് നെഗറ്റീവായിരുന്നത്. രണ്ടാമത്തെ റിസൽട്ട് വന്നിരുന്നില്ല. ഹൈ റിസ്ക് ഗ്രൂപ്പിൽ പെടുന്നതു കൂടി ആയതുകൊണ്ട് ആശങ്കകളേറെയുണ്ടായിരുന്നു. പക്ഷേ മാതാപിതാക്കൾ ക്വാറന്റൈനിൽ പോകുമ്പോൾ കുഞ്ഞിനെ നോക്കാൻ ആരുമില്ലാത്ത സാഹചര്യമായിരുന്നു. മാതാപിതാക്കളുടെ അച്ഛനമ്മമാർ പ്രായമേറിയവരായതുകൊണ്ട് അവർ നിസ്സഹായരായിരുന്നു. മറ്റു ബന്ധുക്കളാരും സഹകരിച്ചുമില്ല. അങ്ങനെ കളമശ്ശേരി മെഡിക്കൽ കോളേജ് ഒരുക്കിയ ക്വാറന്റൈനിലേക്ക് മാറുകയായിരുന്നു.

Doctor Mary Anitha who took care specially abled child when covid19 affected parents in treatment
എൽവിൻ മേരി അനിതയ്ക്കൊപ്പം

കുഞ്ഞിന്റെ രണ്ടാം ടെസ്റ്റ് പത്തൊമ്പതാം തീയതിയാണ് ചെയ്യേണ്ടിയിരുന്നത്. രണ്ടാമത്തെ ടെസ്റ്റ് നെഗറ്റീവായാൽ വീട്ടിൽ നിന്നാരെങ്കിലും വരും, പോസിറ്റീവായാൽ അമ്മയ്ക്കൊപ്പം വിടാം എന്നു കരുതി ഒരാഴ്ച്ച മുന്നിൽക്കണ്ടാണ് വീട്ടിൽ നിന്നു പോരുന്നത്. ഇരുപതിന് കുഞ്ഞിന്റെ റിസൽട്ട് നെഗറ്റീവായപ്പോഴും ബന്ധുക്കൾ ആരും വരാതിരുന്ന സാഹചര്യത്തിൽ കുഞ്ഞിനെ ഞാൻ തന്നെ നോക്കിക്കൊള്ളാമെന്നു പറഞ്ഞു. പിന്നീട് ശിശുക്ഷേമസമിതിയുമായി സംസാരിച്ചതിനുശേഷം കുഞ്ഞിനെ എനിക്കു കൈമാറുകയായിരുന്നു. ഇരുപത്തിമൂന്നിന് ഡിസ്ചാർജായി എന്റെ വീടിനടുത്തുള്ള ഫ്ളാറ്റിൽ‌ എനിക്കും കുഞ്ഞിനും ക്വാറന്റൈൻ സൗകര്യം ഒരുക്കുകയായിരുന്നു. ഇപ്പോൾ ഓർക്കുമ്പോൾ ഒരു സ്വപ്നം പോലെ തോന്നുന്നു. എനിക്ക് ഇങ്ങനെ ചെയ്യാൻ കഴിഞ്ഞതെങ്ങനെയാണ് എന്നോർത്ത്.

ഒരുമാസം എനിക്ക് അവനും അവനു ഞാനും മാത്രം...

വന്ന ആദ്യദിവസം ചുറ്റുപാടൊക്കെ നോക്കിയതിനുശേഷം പിന്നെ കരച്ചിലായിരുന്നു. ഞാനും ആകെ പ്രയാസപ്പെട്ടു അന്ന്. മുലപ്പാൽ മാത്രം കുടിക്കുന്ന ഒരു കുഞ്ഞാണ്, മറ്റൊന്നും അന്നു കഴിച്ചിട്ടില്ല. പതിയെ ഫോർമുല മിൽക്കും കുറുക്കുമൊക്കെ കൊടുത്തു. എന്റെ കളിക്കും ചിരിക്കുമൊക്കെ പ്രതികരിക്കാൻ തുടങ്ങി. കുഞ്ഞിനോട് എപ്പോഴും സംസാരിച്ചു കൊണ്ടിരിക്കുകയും ചെയ്യും. ഉറക്കത്തിൽപ്പോലും ഇടയ്ക്ക് എഴുന്നേൽക്കുമ്പോൾ പാതി കണ്ണുതുറന്നു നോക്കും. ഞാൻ അരികിൽ ഉണ്ടെന്ന് ഉറപ്പിച്ച് ഒരു ചെറിയ ചിരി സമ്മാനിച്ച് കിടന്നുറങ്ങും. പിന്നീടങ്ങോട്ട് എന്റെ എല്ലാ ശീലങ്ങളും കുഞ്ഞിന് അനുസരിച്ച് മാറുകയായിരുന്നു.

സ്കൂളിൽ പഠിച്ചതിനുശേഷം ആദ്യമായി അടങ്ങിയൊതുങ്ങി ഇരുന്ന സമയമായിരുന്നു ഇത്. ക്വാറന്റൈൻ സമ്മർദത്തെക്കുറിച്ച് മാർച്ച് തൊട്ട് കൗൺസിലിങ് നടത്തിവരുന്നതുകൊണ്ട് എനിക്ക് പ്രശ്നങ്ങളൊന്നും തോന്നിയിരുന്നില്ല. മാത്രമല്ല അത്തരം സമ്മർദങ്ങളെയെല്ലാം മറക്കാൻ പ്രാപ്തമാക്കുന്നതായിരുന്നു കുഞ്ഞിന്റെ മുഖം. ഞാനരികിൽ നിന്നു മാറിയാൽ അപ്പോൾ കരയും. മുപ്പതു ദിവസം ഞാൻ ടിവിയോ, പത്രവാർത്തയോ ഒന്നും ശ്രദ്ധിച്ചിരുന്നില്ല. പൂർണമായും അവനുവേണ്ടി എന്റെ സമയം നീക്കിവച്ചു. അവന് ഞാനും എനിക്ക് അവനും മാത്രമായിരുന്നു.

മാതാപിതാക്കൾ പറഞ്ഞത്...

ദിവസവും രാവിലെ ഏഴുമണിയാവുന്നതോടെ ഉണ്ണി എഴുന്നേൽക്കും. പിന്നെ പാലുകൊടുത്ത്, നാപ്പിയൊക്കെ മാറി എട്ടുമണിയാവുന്നതോടെ കുഞ്ഞിന്റെ മാതാപിതാക്കളെ വിളിക്കും. ഞങ്ങൾ കളിക്കുന്നതും കളിപ്പിക്കുന്നതുമൊക്കെ കാണിക്കും. എന്നോടും കുടുംബത്തോടും എന്നും കടപ്പെട്ടിരിക്കും എന്നാണ് കുഞ്ഞിന്റെ അച്ഛൻ പറഞ്ഞത്. മാത്രമല്ല സമൂഹത്തോടും ഒരു പ്രതിബദ്ധതയുണ്ടാവാൻ ഇതു സഹായിച്ചു, ഇത്രകാലം അങ്ങനെയൊന്നും ചിന്തിച്ചിരുന്നില്ല എന്നൊക്കെ പറഞ്ഞു. കുഞ്ഞ് കൂടുതൽ ആക്റ്റീവായി എന്നൊക്കെ പറഞ്ഞു അമ്മ.

മക്കളും പെട്ടെന്ന് ഉണ്ണിയോടടുത്തു...

മക്കളോടാണ് ഞാൻ ആദ്യം ഇക്കാര്യം സംസാരിച്ചത്. ആദ്യം അവർ പോണോ എന്നൊക്കെ ചോദിച്ചെങ്കിലും പിന്നെ ആറുമാസം പ്രായമുള്ള കുഞ്ഞല്ലേ അമ്മ പൊയ്ക്കോ എന്നു പറഞ്ഞു. ഒരാഴ്ച്ചത്തേക്കുള്ള ഭക്ഷണം ഉണ്ടാക്ക വച്ച് പതിനഞ്ചിനു തന്നെ ആശുപത്രിയിലേക്കു തിരിക്കുകയായിരുന്നു. അവർ എനിക്കൊപ്പം ഉയർന്നു ചിന്തിക്കാൻ തുടങ്ങിയല്ലോ എന്നാണെനിക്കു തോന്നിയത്. തിരിച്ച് ഫ്ളാറ്റിലേക്ക് ക്വാറന്റൈനു വന്നപ്പോൾ ഭക്ഷണം വാതിൽപ്പടിയിൽ വച്ചു പോവുകയും കോളിങ് ബെല്ലടിച്ച് മാറിനിന്നു കാണുകയുമൊക്കെയായിരുന്നു. മക്കളെ ദൂരെനിന്നാണെങ്കിലും ദിവസവും കാണാൻ കഴിയുന്നത് എനിക്കൊരാശ്വാസമായിരുന്നു.

Doctor Mary Anitha who took care specially abled child when covid19 affected parents in treatment
എൽവിൻ മേരി അനിതയുടെ കുടുംബത്തോടൊപ്പം

ഭർത്താവായാലും അന്നേവരെ വീട്ടുജോലികളൊന്നും ചെയ്തു ശീലിച്ചിട്ടില്ല. പക്ഷേ ഞാൻ കുഞ്ഞിനെ നോക്കാൻ മാറിയതോടെ വീട്ടുജോലികളൊക്കെ ഏറ്റെടുത്തു. ദിവസവും രാവിലെയും വൈകീട്ടും മക്കളുടെ വിശേഷങ്ങളറിയാൻ വീഡിയോ കോൾ ചെയ്യും. അപ്പോഴൊക്കെ അവരും ഉണ്ണിയെ വിളിച്ച് കളിപ്പിക്കും. ഇരുപത്തിയഞ്ചു ദിവസം കഴിഞ്ഞപ്പോഴേക്കും മെഡിക്കൽ കോളേജിലൊക്കെ വിളിച്ച് അനുവാദം ചോദിച്ചതോടെ മക്കൾ ദിവസവും വന്ന് കളിപ്പിക്കുമായിരുന്നു. അവർക്കും എന്നെപ്പോലെ തന്നെ കുഞ്ഞിനെ പിരിയുന്ന വിഷമമുണ്ടായിരുന്നു. കുഞ്ഞിന് വീട്ടിലേക്കു കൊണ്ടുപോയപ്പോൾ മക്കൾ ബഹളമായിരുന്നു നമുക്ക് അവരുടെ വീട്ടിൽ പോവാം ഉണ്ണിയെ കാണാം എന്നൊക്കെ പറഞ്ഞ്. 

രണ്ടുദിവസത്തേക്ക് എന്നെ കാണിക്കേണ്ട എന്നു പറഞ്ഞു...

പോയതിനു ശേഷം കുഞ്ഞ് നല്ല കരച്ചിലാണ് എന്നൊക്കെ പറഞ്ഞ് അവർ വിളിച്ചിരുന്നു. പുതിയ സ്ഥലം പരിചിതമല്ലാത്തതുകൊണ്ടാവും . അച്ഛനും അമ്മയും മാറിമാറി എടുത്തു നടക്കുകയാണ്. അവന്റെ കരച്ചിൽ ഓരോന്നും എന്തിനാണെന്ന് എനിക്ക് പെട്ടെന്ന് മനസ്സിലാവും. എന്റെ ശബ്ദം കേട്ടാൽ അവൻ കരച്ചിൽ നിർത്തുമായിരിക്കും. പക്ഷേ ഇപ്പോൾ ഞാനതു ചെയ്യാൻ പാടില്ല. രണ്ടുദിവസത്തേക്ക് എന്നെ കാണിക്കേണ്ട എന്നാണ് പറഞ്ഞത്. കാരണം ആ അന്തരീക്ഷവുമായി പൊരുത്തപ്പെടണ്ടേ.

Doctor Mary Anitha who took care specially abled child when covid19 affected parents in treatment
എൽവിൻ മേരി അനിതയുടെ കുടുംബത്തോടൊപ്പം

എന്നെയും മക്കളെയും കാണുമ്പോൾ ഓടിമറയുന്നവരുണ്ട്...

മനുഷ്യൻ മരണത്തെ ഇത്രത്തോളം ഭയക്കുന്നുവെന്ന് തെളിയിക്കുന്ന കാലമാണിത്. ജനിച്ചാൽ മരണമുറപ്പാണ്, അത് കോവിഡ് വന്നായാലും അല്ലെങ്കിലും. പ്രവാസികളെ ആശ്രയിച്ച് കഴിഞ്ഞ കുടുംബങ്ങളാണ് ഇവിടെയേറെയും. എന്നിട്ടും അവർക്കു മുന്നിൽ വാതിലുകൾ കൊട്ടിയടയ്ക്കുകയാണ്. കുഞ്ഞുവാവയുടെ കാര്യത്തിലും അതാണുണ്ടായത്. ആരും സ്വീകരിക്കാൻ വരുന്നില്ലെന്നു കേട്ടപ്പോൾ ചങ്ക് പിടയ്ക്കുകയായിരുന്നു. കൊറോണക്കാലത്ത് ജാഗ്രത വേണം എന്നതു ശരി തന്നെയാണ്. പക്ഷേ നമുക്കു ചുറ്റുമുള്ള ഹൈറിസ്ക് ഗ്രൂപ്പ് ആളുകളെ സംരക്ഷിക്കാനും നമ്മൾക്ക് ഉത്തരവാദിത്തമില്ലേ. വീട്ടിലേക്ക് സുഖമില്ലാതെ വരുന്ന ഒരാളെ തിരസ്കരിക്കുന്നത് എത്ര ഹീനമാണ്.

സ്വന്തം വീട്ടുകാരോടു പോലും ഇതേ മനോഭാവമാണ്. ഇരുപത്തിയഞ്ചു ദിവസത്തെ ക്വാറന്റൈൻ കഴിഞ്ഞ് ഇരുപത്തിയാറാമത്തെ ദിവസം ഞാൻ പുറത്തിറങ്ങിയപ്പോൾ പോലും കാണാതെ മാറിനടന്നവരുണ്ട്. എന്റെ മക്കളെ കാണുമ്പോൾ ഓടിമാറിയവരുണ്ട്. പക്ഷേ എനിക്കൊരു വീടുണ്ട്, എന്നെ സംരക്ഷിക്കാൻ ആളുണ്ട് എന്നതൊക്കെയാണ് ആത്മവിശ്വാസം കൈവിടാതിരിക്കുന്നതിനു പിന്നിൽ. അല്ലാത്തവരുടെ അവസ്ഥ സഹിക്കാവുന്നതിലും അപ്പുറമാവും.

കുടുംബം

ഭർത്താവ് സാബു വക്കീലാണ്, മക്കൾ നിമ്രോദ് പന്ത്രണ്ടാം ക്ലാസ്സിൽ രണ്ടാമത്തെ മകൻ മനാസ്സെ എട്ടാം ക്ലാസിൽ മൂന്നാമത്തെ മകൾ മൗഷ്മി ഇസബെൽ അഞ്ചാം ക്ലാസ്സിൽ. 

Content Highlights: Interview of  Doctor Mary Anitha, Clinical Psychologist who took care specially abled child during Covid19 Pandemic