കോഴിക്കോട്: നാല് മാസം പ്രായമായ നൈഫ ഫാത്തിമയുടെ ചേതനയറ്റ ശരീരം ഏറ്റുവാങ്ങി കബറിലേക്കെടുക്കുമ്പോള്‍ മറ്റൊരു ആരോഗ്യ പ്രവര്‍ത്തകനും ഈയൊരു അവസ്ഥയുണ്ടാകരുതേയെന്ന് മനമുരുകി പ്രാര്‍ഥിച്ചിരുന്നു കോഴിക്കോട് കോര്‍പ്പറേഷനിലെ  ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായ ഷെമീര്‍. നെറ്റിയില്‍ ചുംബിച്ച് യാത്ര അയക്കാന്‍ നൊന്ത് പെറ്റ മാതാവിന് പോലും കഴിയാതെ, പ്രിയപ്പെട്ടവര്‍ക്ക് ഒരു നോക്ക് പോലും  കാണാന്‍ കഴിയാതെ പി.പി.ഇ. കിറ്റിന്റെ അകമ്പടിയോടെ കോവിഡ് അന്ന് നൈഫയെ മണ്ണിലേക്ക് യാത്രയാക്കിയത് കണ്ട് വേദനിക്കാത്തവര്‍ ആരുമുണ്ടായിരുന്നില്ല. 

അന്ന് അവള്‍ക്കുവേണ്ടി അന്ത്യകര്‍മങ്ങള്‍ ചെയ്ത് തിരിച്ചുപോരുമ്പോള്‍ ദൈവം അയാളെ പലരുടേയും കാര്‍മികനായി ചുമതലപ്പെടുത്തുകുയായിരുന്നു. തുടര്‍ന്നിങ്ങോട്ട് കോവിഡ് ബാധിച്ച് മരിച്ച ,പരസ്പരം കാണാത്ത എവിടെയൊക്കെയോ ഉള്ള ഒമ്പത് പേരുടെ അന്ത്യകര്‍മങ്ങളാണ് മതാചാരപ്രകാരം ഷെമീര്‍ പൂര്‍ത്തിയാക്കിയത്. 

സാധാരണ പള്ളി ഭാരവാഹികളാണ് കബറടക്കത്തിന് നേതൃത്വം നല്‍കുക. എന്നാല്‍ കോവിഡ് മരണമായതിനാല്‍ പള്ളി ഭാരവാഹികള്‍ക്കോ ബന്ധുക്കള്‍ക്കോ മൃതദേഹത്തിന് അടുത്തേക്ക് വരാന്‍ അനുവാദമില്ല. ഇവിടങ്ങളില്‍ ആരോഗ്യ സേവനത്തിനൊപ്പം ഷെമീര്‍ താല്‍ക്കാലിക കാര്‍മികനാകും. ബന്ധുക്കള്‍ ദൂരെ മാറി നിന്ന് പ്രാര്‍ഥിക്കും. അങ്ങനെ അന്ത്യകര്‍മങ്ങള്‍ മുടക്കമില്ലാതെ നടന്നെന്ന് ആശ്വസിച്ച് ആരോഗ്യ പ്രവര്‍ത്തകരും ബന്ധുക്കളും മടങ്ങും. 

കോഴിക്കോട് കോര്‍പ്പറേഷന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഡോ.ഗോപകുമാറിന്റെ  നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിലെ അംഗമാണ് ഷെമീര്‍. ഇവര്‍ക്കാണ് മൃതദേഹം അടക്കം ചെയ്യാനുള്ള ചുമതല. പി.പി.ഇ കിറ്റ് അടക്കമുള്ള ധരിച്ച് എല്ലാ സുരക്ഷാ സംവിധാനങ്ങളും പാലിച്ചാണ് മൃതദേഹം അടക്കം ചെയ്യല്‍. 

ഒമ്പത് മൃതദേഹങ്ങള്‍ അടക്കം ചെയ്തവയില്‍ എട്ടെണ്ണം കണ്ണംപറമ്പിലാണ്. ഒരെണ്ണം ഓമശ്ശേരി റെഹ്മാനിയ്യ ജുമാ മസ്ജിദ്  കബറിടത്തിലും നടുന്നു. കഴിഞ്ഞ പെരുന്നാള്‍ കാലത്ത് വീട്ടുകാരൊടൊപ്പം ഭക്ഷണം  കഴിക്കുന്നതിനിടയില്‍ പോലും മൃതദേഹം അടക്കം ചെയ്യാനായി കോഴിക്കോട്ട് വരേണ്ടി വന്നൂവെന്ന് പറയുന്നു ഷെമീര്‍. കോവിഡായതിനാല്‍ മേപ്പയ്യൂരിലെ വീട്ടിലെത്തി ഉമ്മയേയും കുടംബത്തേയും  കണ്ടിട്ട്  രണ്ട് മാസത്തിലേറെയായി. 

മറ്റൊരു പെരുന്നാള്‍ എത്തുമ്പോഴും കോഴിക്കോട്ട് കോവിഡ്  മരണങ്ങളുടെ എണ്ണം കൂടുകയാണ്. അറിയാതെ തന്നിലേക്ക് വന്ന നിയോഗത്തെ അങ്ങേയറ്റത്തെ ബഹുമാനത്തോടെ ചെയ്തു തീര്‍ക്കുകയാണ് ഷെമീര്‍.