പത്തനംതിട്ട : വീട്ടിൽപോയിട്ട് 12 ദിവസം. ഓട്ടത്തിനിടെ ഒരുനേരം ഭക്ഷണം. കുടുംബത്തെ വിളിച്ച കാലം മറന്നു. മഹാമാരിയെ തോൽപ്പിക്കാനുള്ള യാത്രയിൽ മറ്റൊരു ചിന്തയുമില്ല ഈ ആംബുലൻസ് ഡ്രൈവർമാർക്ക്.

കൊറോണ സ്ഥിരീകരിച്ചതുമുതൽ പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലേക്കായി സജ്ജമാക്കിയിരുന്ന ആംബുലൻസുകൾക്ക് വിശ്രമമില്ല. ഇടതടവില്ലാത്ത സേവനത്തിന് 24 മണിക്കൂറും ഡ്രൈവർമാർ തയ്യാറാണ്. ഒട്ടും പരാതിയുമില്ലാതെ, വിളിപ്പാടകലെ.

ജനറൽ ആശുപത്രിയിലെ ആംബുലൻസ് ഡ്രൈവർമാരായ തിരുവനന്തപുരം സ്വദേശി സുരേഷ് കുമാർ, മല്ലപ്പള്ളി സ്വദേശി അനിൽകുമാർ, ജില്ലയിലെ വിവിധ സാമൂഹികാരോഗ്യ കേന്ദ്രങ്ങളിൽ നിന്നെത്തിയ ഡ്രൈവർമാരായ എറണാകുളം സ്വദേശികളായ കെ. സജി, മനോജ്, ചേർത്തല സ്വദേശി അബ്ദുൾ റഷീദ് എന്നിവരാണ് സേവനത്തിന് സദാ സജ്ജമായുള്ളത്.

കൊറോണ സ്ഥീരികരിച്ചവർ, രോഗം സംശയിച്ച് ഐസൊലേഷനിൽ പ്രവേശിപ്പിക്കുന്നവർ എന്നിവരെ ആശുപത്രിയിലെത്തിക്കുക, ഡിസ്ചാർജ് ചെയ്യുന്നവരെ വീട്ടിലെത്തിക്കുക തുടങ്ങിയവയാണ് പ്രധാനം. വൈറസ് വാഹകരെ ആശുപത്രിയിലെത്തിച്ചാൽ ആദ്യം ആംബുലൻസ് അണുവിമുക്തമാക്കും. അതിനുശേഷം വാതിലുകളും ഗ്ലാസും തുറന്ന് മൂന്നുമണിക്കൂർ വെയിലത്തിടും.

പി.പി.ഇ. കിറ്റ് ധരിച്ചാണ് ആംബുലൻസ് ഓടിക്കുന്നത്. ദിവസവും ഒരു ആംബുലൻസ് മൂന്നുതവണയെങ്കിലും ഓടുന്നുണ്ട്. ജില്ലയിൽ ഇതുവരെ 72-പേരെയാണ് ഐസൊലേഷനിൽ പ്രവേശിപ്പിച്ചത്. ഇതിൽ 56-പേരെ ഡിസ്ചാർജ് ചെയ്തു.

ambulance

റാന്നി അനുഭവം മറക്കില്ല

കൊറോണ സ്ഥിരീകരിച്ച റാന്നിയിൽനിന്നുള്ള വയോധിക ദമ്പതിമാരെ ആശുപത്രിയിലെത്തിക്കാനായി പോയത് മറക്കാനാവില്ലെന്ന് സംഘത്തിലെ മുതിർന്ന ഡ്രൈവർ 54-കാരനായ സുരേഷ് കുമാർ പറഞ്ഞു.

കഴിഞ്ഞ എട്ടിന് ഉച്ചയ്ക്ക് 12-മണിയോടെയാണ് സുരേഷും മറ്റൊരു ഡ്രൈവറായ അനിലും ഇവരുടെ വീട്ടിലെത്തുന്നത്. പ്രായത്തിന്റ അവശതകളുള്ളവർ ആദ്യം ആശുപത്രിയിലേക്ക് വരാൻ മടിച്ചു. ഒടുവിൽ ആശുപത്രിയിലുള്ള മകന് നിങ്ങളെ കാണണമെന്ന് അനിൽ പറഞ്ഞപ്പോഴാണ് ദമ്പതിമാർ ആംബുലൻസിൽ കയറിയത്. രോഗികൾ പ്രായം ചെന്നവരായതിനാൽ അധികം വേഗത്തിൽ വണ്ടിയോടിക്കാൻ കഴിയില്ലായിരുന്നു.

Content Highlights: Ambulance drivers with service on coronavirus outbreak