ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്ക് ഇളവ് വന്ന് പലരും ജീവിതത്തിലേക്ക് തിരിച്ചെത്തിയെങ്കിലും എന്ന് സാധാരണ നിലയിലേക്ക് എത്താനാവുമെന്ന് പ്രതീക്ഷയില്ലാത്തവരാണ് സംസ്ഥാനത്തെ ടൂറിസ്റ്റ് ബസ് തൊഴിലാളികള്‍. വാഹനങ്ങള്‍ കട്ടപ്പുറത്തായി തൊഴില്‍ നഷ്ടപ്പെട്ടിട്ട് മാസങ്ങളായി. ആറ് ട്രാവലറും രണ്ട് ബസ്സുമുണ്ടായിരുന്നു കുന്ദമംഗലം പൊയ്യയിലെ നിഖിലിന്. ജീവിക്കാന്‍ മറ്റ് വഴിയില്ലാതായതോടെ മീന്‍ വില്‍പ്പനയ്ക്കും പച്ചക്കറി വില്‍പ്പനയ്ക്കുമിറങ്ങിയ നിഖിലിന്റെ വിശേഷങ്ങള്‍ കേള്‍ക്കാം.

വിനോദയാത്രയും വിവാഹ പാര്‍ട്ടിയും മുതല്‍ സീസണുകളുടെ ഘോഷയാത്രയായിരുന്നു കഴിഞ്ഞ നാല് മാസം ടൂറിസ്റ്റ് വാഹനങ്ങള്‍ക്ക് ഉണ്ടാവേണ്ടിയിരുന്നത്. പക്ഷെ എല്ലാം ഒരു വൈറസിന് മുന്നില്‍ അടിയറവെച്ച് ഇവര്‍ വീട്ടിലിരിക്കാന്‍ തുടങ്ങിയതോടെ കട്ടപ്പുറത്തായതാണ് ഈ വാഹനങ്ങള്‍. ഇനിയും കാത്തിരിക്കാനാവില്ലെന്നറിഞ്ഞ് അവരങ്ങനെ നാട്ടിന്‍പുറത്ത് മീനും പച്ചക്കറിയും വിറ്റ് അതിജീവനം തേടുകയാണ്. നിഖിലിനെ പോലെ അറിയപ്പെടാത്ത നിരവധി പേര്‍ക്കാണ് ജീവിതം അപ്പാടെ ലോക്കായിപ്പോയിട്ടുള്ളത്. ഇവര്‍ക്ക് ഇനി മുന്നോട്ട് പോവാന്‍ സര്‍ക്കാര്‍ ഒപ്പമുണ്ടാവുക തന്നെ വേണം.