കോവിഡ് കാലം പാചകക്കാരാക്കിയതാണ് ഈ ചെറുപ്പക്കാരെ. സ്വകാര്യ ബസ്സുകള്‍ നിരത്തുവിട്ടപ്പോള്‍ ജീവിക്കാന്‍ വേണ്ടി ബസ് ജീവനക്കാര്‍ ബിരിയാണി വെപ്പുകാരായി. ഇതുവരെ അറിയേണ്ടി വന്നിട്ടില്ലാത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ നമ്മളെയവരങ്ങനെ ബിരിയാണി കഴിപ്പിക്കുകയാണ്.
കോഴിക്കോട് പേരാമ്പ്രയ്ക്കടുത്തുള്ള ലാസ്റ്റ് കല്ലോട്ടെ വീട്ടില്‍ നിന്നാണ് ഒരു കൂട്ടം ബസ് ജീവനക്കാരുടെ കൈ പുണ്യത്താല്‍ ഈ അതിജീവന ബിരിയാണി തയ്യാറാവുന്നത്. അറുപത് രൂപ നല്‍കി പൊരിച്ച ചിക്കനും പുഴുങ്ങിയ മുട്ടയുമടങ്ങുന്ന ബിരിയാണി കഴിച്ച് വയറും മനസ്സും നിറയ്ക്കാം.ഡോര്‍ ഡെലിവറിയിലൂടെ വലിയ ചെലവില്ലാതെ ഭക്ഷണം വീട്ടിലെത്തും.
കണ്ണില്‍ കാണാത്ത വൈറസിന് മുന്നില്‍ നമ്മള്‍ ഓരോരുത്തരും തലകുനിച്ച് നില്‍ക്കുകയാണ് ഇപ്പോഴും. ജോലി നഷ്ടപ്പെട്ടും സാമ്പത്തിക പ്രയാസത്തില്‍ കുടുങ്ങിയും മുന്നോട്ടുള്ള വഴി ചോദ്യ ചിഹ്നമായത് നിരവധി പേര്‍ക്കാണ്. അവര്‍ക്കിടയിലാണ് ഇവര്‍ അതിജീവനത്തിന്റെ പുതിയ മാതൃക തീര്‍ക്കുന്നത്. കോവിഡിനൊപ്പം ജീവിച്ചേ മതിയാവൂ ഇനിയങ്ങോട്ട്. അപ്പോള്‍ നല്‍കാം ഇത്തരം മാതൃകകള്‍ക്ക് നിറഞ്ഞ പിന്തുണയും കൈയ്യടിയും.