മൂന്നാര്‍: പെട്ടിമുടി ദുരന്തം നടന്നിട്ട് ഓഗസ്റ്റ് ആറിന് ഒരുവര്‍ഷം പൂര്‍ത്തിയാകുമ്പോഴും  ഉറ്റവരുടെ മരണ സര്‍ട്ടിഫിക്കറ്റിനായി അലയുകയാണ് ഷണ്‍മുഖനാഥന്‍ ഉള്‍പ്പെടെയുള്ള പെട്ടിമുടിക്കാര്‍. ഷണ്‍മുഖനാഥന്റെ രണ്ടു മക്കളെയാണ് പെട്ടിമുടി ദുരന്തത്തില്‍ നഷ്ടമായത്.  മക്കളായ ദിനേഷ് കുമാര്‍,(22) നിതീഷ് കുമാര്‍ (20)എന്നിവരാണ് ഉരുള്‍പൊട്ടലില്‍ മരിച്ചുപോയത്. ഇതില്‍  നിതീഷ് കുമാറിന്റെ മൃതദേഹം മാത്രമാണ് വീണ്ടെടുക്കാനായത്. ആറുമാസത്തോളം തിരച്ചില്‍ നടത്തിയെങ്കിലും ദിനേഷ് ഉള്‍പ്പെടെ നാല് പേരെ കണ്ടെത്താനായില്ല. 66 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്താനായി. കാണാതായവര്‍ ഉള്‍പ്പെടെ 70 പേരും മരിച്ചതായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ മൃതദേഹം വീണ്ടെടുക്കാന്‍ കഴിയാതെ പോയവരുടെ മരണ സര്‍ട്ടി ഫിക്കറ്റിനായി അലയുകയാണ് ഷണ്‍മുഖനാഥന്‍ ഉള്‍പ്പെടെയുള്ള ഉറ്റവര്‍. ദിനേഷ് കുമാര്‍, കാര്‍ത്തിക, പ്രിയദര്‍ശിനി,കസ്തൂരി എന്നിവരുടെ മൃതശരീരമാണ് ഇനിയും ലഭിക്കാനുള്ളത്. 

മകന് ഉണ്ടായിരുന്ന ഇന്‍ഷുറന്‍സോ, മകന്റെ ഡെപ്പോസിറ്റോ ഒന്നും മരണ സര്‍ട്ടിഫിക്കേറ്റ് ലഭിക്കാത്തത് മൂലം ലഭിച്ചില്ല. മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവര്‍ക്ക് ഇതുമായി ബന്ധപ്പെട്ട് ഷണ്‍മുഖനാഥന്‍ പരാതി അയച്ചിട്ടുണ്ട്. 

അപകടമരണം  റിപ്പോര്‍ട്ട് ചെയ്യേണ്ടത് പോലീസോ ആശുപത്രിയോ ആണ്. ഇവര്‍ റിപ്പോര്‍ട്ട് ചെയ്താല്‍ മാത്രമെ മരണ സര്‍ട്ടിഫിക്കേറ്റ് നല്‍കാന്‍ കഴിയൂ. അതേസമയം മരണം റിപ്പോര്‍ട്ട് ചെയ്ത എല്ലാവര്‍ക്കും മരണ സര്‍ട്ടിഫിക്കേറ്റ് നല്‍കികഴിഞ്ഞുവെന്നും മൂന്നാര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി. ഡോക്ടര്‍ അജിത്ത് കുമാര്‍ വ്യക്തമാക്കി.

പുത്തുമലയില്‍ കാണാതായവര്‍ക്ക് മരണ സര്‍ട്ടിഫിക്കറ്റ്

വയനാട് പുത്തുമല ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും മരണസര്‍ട്ടിഫിക്കേറ്റ് നല്‍കി കഴിഞ്ഞു. ജില്ലാ കളക്ടര്‍ അദീല അബ്ദുള്ള പ്രത്യേക ഉത്തരവിലൂടെയാണ് ദുരന്തത്തില്‍ കാണാതായ എല്ലാവര്‍ക്കും മരണ സര്‍ട്ടിഫിക്കേറ്റ് നല്‍കിയത്. മരണ സര്‍ട്ടിഫിക്കേറ്റ് ലഭിച്ചതായി പുത്തുമല ദുരന്തത്തില്‍ കാണാതായവരുടെ അടുത്ത ബന്ധുക്കള്‍ മാതൃഭൂമി ഡോട്ട്‌കോമിനോട് പ്രതികരിച്ചിരുന്നു. 

Content Highlight: Pettimudy Landslide: No death certificates for the missing