ദുരിതം കുത്തിയൊഴുകി രാജമല പെട്ടിമുടിയിലെ നിരവധി എസ്റ്റേറ്റ് തൊഴിലാളികളുടെ ജീവിതം മണ്ണില്‍ മറഞ്ഞിട്ട് ഇത് നാലാം ദിനം. അവിടെ ദുരിതത്തിന്റെയും വേദനയുടെയും കാഴ്ചകള്‍ അവസാനിക്കുന്നില്ല. ദുരന്തഭൂമിയിലെത്തിയ മാതൃഭൂമി ഡോട്ട് കോം ക്യാമറമാന്‍ സി.എച്ച് ഷഹീര്‍ എഴുതുന്നു.

ദുരന്തമുണ്ടായി നാല് ദിവസം കഴിയുന്ന ഞായറാഴ്ച പെട്ടിമുടിയിലേക്കുള്ള യാത്ര കനത്ത മഴയിലൂടെയായിരുന്നു. ഇത്തവണ രാഷ്ട്രീയ നേതാക്കളുടെ പടതന്നെയുണ്ട്. വി. മുരളീധരന്‍, രമേശ് ചെന്നിത്തല അടക്കമുള്ളവര്‍ പെട്ടിമുടിയിലേക്കെത്തിയിട്ടുണ്ട്. പെട്ടിമുടിയിലെ ഇന്നലത്തെ കറുപ്പായിയെ പോലെ ഇന്ന് ഒരു കണ്ണുനീര്‍ കാഴ്ചയായി ശശികല ഉണ്ടായിരുന്നു. 

pettimudi landslide
ശശികല പെട്ടിമുടിയില്‍ എത്തിയപ്പോള്‍. ഫോട്ടോ: ഷഹീര്‍ സി.എച്ച്

തിരുനെല്‍വേലിയിലെ മെഡിക്കല്‍ കോളേജില്‍ സ്റ്റാഫ് നഴ്സായി ജോലി ചെയ്യുന്ന ശശികല കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കുകയായിരുന്നു. പെട്ടിമുടിയിലെ ദുരന്ത വാര്‍ത്ത അറിഞ്ഞെത്തിയ ശശികലക്ക് ഇവിടെക്കണ്ട കാഴ്ചകള്‍ വിശ്വസിക്കാന്‍ കഴിയുന്നതായിരുന്നില്ല. അപ്പയും അമ്മയും തമ്പിയും ഉണ്ടായിരുന്ന വീട് നമാവിശേഷമായിരിക്കുന്നു. വീടിരുന്ന സ്ഥലത്തു വലിയ പാറക്കല്ലുകളും മണ്‍കൂനകളും മാത്രം. അലമുറയിട്ടു കരഞ്ഞ ശശികലയെ പോലീസുകാരും നാട്ടുകാരും ചേര്‍ന്നാണ് അവിടെനിന്ന് മാറ്റിയത്.

തിരച്ചില്‍ നടത്തുന്ന എന്‍.ഡി.ആര്‍.എഫ് സംഘത്തിനു നിര്‍ദ്ദേശങ്ങള്‍ കൊടുക്കുന്ന ഒരു വനിതയെ ഇന്നലെ തന്നെ ശ്രദ്ധിച്ചിരുന്നു. ഇന്ന് അടുത്തു പരിചയപ്പെട്ടപ്പോള്‍ പേര് രേഖ നമ്പ്യാര്‍ എന്നും വടകര സ്വദേശി ആണെന്നും പറഞ്ഞു. കേരളമടക്കം നാലു പ്രധാന മേഖലകളുടെ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന സീനിയര്‍ കമാന്‍ഡന്റ് ആണെന്നു പരിചയപ്പെടുത്തി. കഴിഞ്ഞ അഞ്ചു വര്‍ഷത്തിടയില്‍ തെന്നിന്ത്യയിലെ പ്രകൃതി ക്ഷോഭങ്ങള്‍ക്കിടയില്‍ രക്ഷകയുടെ റോള്‍ ആണ് അവര്‍ക്കുണ്ടായിരുന്നതെന്നു അവരുടെ വാക്കുകളില്‍ നിന്നും മനസ്സിലായി.

rekha nambiar
രേഖ നമ്പ്യാര്‍

ഓഖി ദുരന്തം, 2015ലെ ചെന്നൈ വെള്ളപൊക്കം, കേരളത്തിലെ മഹാപ്രളയം എന്നിവിടങ്ങളിലെല്ലാം രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിച്ചത് രേഖാ നമ്പ്യാര്‍ ആയിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ പ്രകൃതി ദുരന്തങ്ങളില്‍ നിന്ന് ഒന്നര ലക്ഷത്തോളം പേരെ തന്റെ നേതൃത്വത്തിലുള്ള ആരക്കോണത്തെ എന്‍ ഡി ആര്‍ എഫ് സംഘം രക്ഷപെടുത്തിയിട്ടുണ്ടെന്നും രേഖ പറഞ്ഞു.

ദുരന്തങ്ങളില്‍നിന്ന് മനുഷ്യരെ രക്ഷപെടുത്തുമ്പോളാണ് മാനുഷികതയുടെ മഹത്വം മനസിലാകുന്നതെന്നും രേഖ പറയുന്നു. മണ്ണിനടിയില്‍ പെട്ടുപോയവരെ കണ്ടെത്താന്‍ കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി പെട്ടിമുടിയിലെ കനത്ത മഴയിലും കോടമഞ്ഞിലും വിശ്രമമില്ലാതെ തിരച്ചില്‍ നടത്തുകയാണ് അവരുടെ നേതൃത്വത്തിലുള്ള സംഘം.

pettimudi landslide

കോരിച്ചൊരിയുന്ന മഴയ്ക്കിടെ പെട്ടിമുടിയില്‍ നിന്നു മടങ്ങുമ്പോള്‍ 47 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിക്കഴിഞ്ഞു. ബാക്കിയുള്ളവരെ കൂടി കണ്ടെത്താന്‍ കഴിയട്ടെ എന്ന പ്രതീക്ഷയിലാണ് ഇരവികുളത്തെ വരായടുകള്‍ക്കിടയിലൂടെ വീണ്ടും മൂന്നാറിലേക്ക് മടങ്ങിയത്. ഓരോ പ്രകൃതി ദുരന്തവും വരുത്തിവെക്കുന്നത് നികത്താനാകാത്ത വേര്‍പാടുകളും നഷ്ടങ്ങളുമാണെന്ന് ഈ ദിനത്തിലെ അനുഭവങ്ങളും അടിവരയിടുന്നു.

Content Highlights: pettimudi landslide tragedy; mathrubhumi cameraman reporting