മൂന്നാര്‍ രാജമലയിലെ പെട്ടിമുടിയില്‍ എസ്റ്റേറ്റ് തൊഴിലാളികളുടെ ലയങ്ങള്‍ക്കു മുകളില്‍ മണ്ണും പാറക്കല്ലുകളും വന്ന് മൂടുന്നത് അര്‍ദ്ധരാത്രിയിലാണ്. പിറ്റേന്ന് രാവിലെ ദുരന്തഭൂമിയിലെത്തിയ മാതൃഭൂമി ഡോട്ട് കോം ക്യാമറമാന്‍ സി.എച്ച് ഷഹീര്‍ എഴുതുന്നു.

നത്ത മഴയും മഞ്ഞും. വെള്ളിയാഴ്ച ഉച്ചയ്ക്കു മുന്‍പ് പെട്ടിമുടിയിലേക്ക് എത്താനുള്ള എന്റെ യാത്രയ്ക്കു മുന്നിലുണ്ടായിരുന്ന പ്രധാന പ്രതിബന്ധങ്ങളായിരുന്നു ഇവ രണ്ടും. പിന്നെ തകര്‍ന്നുകിടന്ന പെരിയവര പാലവും. പെട്ടിമുടിയെ പുറംലോകവുമായി ബന്ധിപ്പിച്ചിരുന്നത് പെരിയവര പാലമായിരുന്നു. എന്നാല്‍ എത്തിയപ്പോള്‍ ആകട്ടെ, പാലം തകര്‍ന്നുകിടക്കുന്നു. പിന്നെ ഒരുവിധം മറുകര കടന്നു.

പാലം കടന്ന്, ഇരവികുളം ദേശീയോദ്യാനത്തിലൂടെ പെട്ടിമുടിയിലേക്ക് എത്തിച്ചേരാന്‍ സഹായിച്ചതിന് ജീപ്പ് ഡ്രൈവറായ ഗണേശനോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. വരയാടുകളുടെ സ്വന്തം ഇരവികുളം പാര്‍ക്കിലൂടെ ഗണേശന്റെ ജീപ്പില്‍ പെട്ടിമുടി ലക്ഷ്യമാക്കി നീങ്ങുന്നതിനിടെ പലവട്ടം പോലീസ് ഞങ്ങളുടെ വണ്ടി തടഞ്ഞു. മാധ്യമപ്രവര്‍ത്തകരാണെന്ന്‌ പറഞ്ഞതോടെ യാത്ര അനുവദിച്ചു.

കനത്തമഴ, കോടമഞ്ഞ്, ശക്തമായ കാറ്റ്.... പക്ഷെ ഇവയൊക്കെ ഗണേശന്റെ സാമര്‍ഥ്യത്തിനു മുന്നില്‍ വഴിമാറി. ഞങ്ങള്‍ മുന്നോട്ടുപോയി. രണ്ടു ദിവസമായി പെയ്യുന്ന കനത്ത മഴ പല മരങ്ങളെയും കടപുഴക്കിയിരുന്നു. മലയുടെ വശങ്ങള്‍ ഇടിഞ്ഞു വീണിട്ടുമുണ്ടായിരുന്നു. ഇവയൊക്കെ മാര്‍ഗതടസ്സങ്ങള്‍ സൃഷ്ടിച്ചുവെങ്കിലും ഞങ്ങള്‍ മുന്നോട്ടുപോയി.

idk
മൂന്നാര്‍ പെട്ടിമുടി ഉരുള്‍പൊട്ടലിന്റെ ആകാശദൃശ്യം. ഫോട്ടോ: സി.എച്ച്. ഷഹീര്‍.

അങ്ങനെ 14 കിലോ മീറ്റര്‍ താണ്ടി പെട്ടിമുടിയിലെത്തി. മഴയും തണുപ്പും ശക്തം. പോലീസും അഗ്നിരക്ഷാ സേനാംഗങ്ങളും രക്ഷാപ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായിരുന്നു. അവര്‍ക്കിടയിലൂടെ ക്യാമറയുമായി നടക്കുമ്പോള്‍ ഉറ്റവരെ നഷ്ടപ്പെട്ട തൊഴിലാളികളുടെ തേങ്ങലുകള്‍ കേള്‍ക്കാമായിരുന്നു.

pettimudi

തേയില തോട്ടങ്ങള്‍ക്കിടയില്‍, വലിയ പാറക്കല്ലുകളും മണലും മൂടിയ നിലയില്‍ ഒരു മൈതാനം പോലെ ദുരന്തഭൂമി. മഞ്ഞക്കുപ്പായമിട്ട അഗ്നിരക്ഷാ സേനാംഗങ്ങള്‍ അടക്കമുള്ളവര്‍ തിരച്ചില്‍ നടത്തുന്നു.

കൂടിക്കിടക്കുന്ന മണ്ണിനുമുകളില്‍ കുഞ്ഞുങ്ങളുടെ കളിപ്പാട്ടങ്ങളും വീട്ടുപകരണങ്ങളും വസ്ത്രങ്ങളും ചിതറിക്കിടക്കുന്നു. മണ്ണില്‍ പുതഞ്ഞു കിടക്കുന്ന പാത്രങ്ങളും കുടുംബചിത്രങ്ങളും. മണ്ണിനടിയില്‍പ്പെട്ട ഉറ്റവരെ കാത്ത് ബന്ധുക്കളും സുഹൃത്തുക്കളും കാത്തുനില്‍ക്കുന്നു. എത്ര ക്രൂരമായാണ് പ്രകൃതി ഇവരോട് പെരുമാറിയത്‌.

ദേവികുളം സബ് കളക്ടര്‍ പ്രേം കൃഷ്ണന്‍ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ തിരച്ചിലിന് നേതൃത്വം കൊടുക്കുന്നുണ്ടായിരുന്നു. മണ്ണിനടിയില്‍ നിന്നും കണ്ടെടുക്കുന്ന മൃതദേഹങ്ങളുമായി രക്ഷാപ്രവര്‍ത്തകര്‍ തേയിലത്തോട്ടത്തിനോട് ചേര്‍ന്നുള്ള കൊച്ചുമുറിയിലേക്കായിരുന്നു പോയത്.

ക്യാമറയുമായി ഞാന്‍ ജനാലയിലൂടെ അവിടേക്ക് എത്തി നോക്കി. കുടുംബാംഗങ്ങള്‍ ഉറങ്ങിക്കിടക്കുന്നതു പോലെ ചേതനയറ്റവരുടെ മൃതദേഹങ്ങള്‍. കാണാതായവരെ തേടി ഉറ്റവര്‍ നെഞ്ചുപൊട്ടി കരയുകയാണ്. ഇതിനിടയില്‍ 15 മൃതദേഹങ്ങള്‍ കണ്ടെടുത്തു. കനത്തമഴയും മഞ്ഞും ഇരുട്ടും പരന്നതോടെ വെള്ളിയാഴ്ച വൈകുന്നേരത്തോടെ എനിക്ക്  മല ഇറങ്ങേണ്ടിവന്നു.

pettimudi
ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍. ഫോട്ടോ:സി.എച്ച്. ഷഹീര്‍

ശനിയാഴ്ച പുലര്‍ച്ചെ തിരികെ വീണ്ടും പെട്ടിമുടിയിലേക്ക്. മഴ മാറി നിന്നിരുന്നു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ ചുമതലയുള്ള എന്‍.ഡി.ആര്‍.എഫ്. മേധാവി രേഖ നമ്പ്യാരുടെ നേതൃത്വത്തില്‍ എന്‍.ഡി.ആര്‍.എഫ്. സംഘം തിരച്ചില്‍ നടത്തുകയാണ്.

pettimudi
എന്‍.ഡി.ആര്‍.എഫ്. അംഗങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തില്‍. ഫോട്ടോ:സി.എച്ച്. ഷഹീര്‍

മണ്ണിനടിയില്‍നിന്ന് ഓരോരോ മൃതദേഹങ്ങള്‍ പുറത്തെടുക്കുമ്പോഴും ഉറ്റവരുടെ ഹൃദയംമുറിഞ്ഞ നിലവിളികള്‍ ഉയരും. ടാര്‍പോളിന്‍ ബാഗില്‍ പൊതിഞ്ഞെടുക്കുന്ന മൃതദേഹങ്ങള്‍ കമ്പനി ട്രാക്ടറിന്റെ പിന്‍ഭാഗത്തു കിടത്തികൊണ്ടാണ് തൊട്ടടുത്തുള്ള രാജമല ആശുപത്രിയിലേക്ക് പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോകുന്നത്.

സാധാരണയായി കൊളുന്ത് കൊണ്ടുപോകുന്ന ട്രാക്ടറുകള്‍, മൃതദേഹങ്ങളുമായി തേയിലത്തോട്ടങ്ങള്‍ക്കിടയിലൂടെ ആശുപത്രിയിലേക്ക്. ആ കാഴ്ച തോട്ടം തൊഴിലാളികളില്‍ ഉണ്ടാക്കിയ വേദനയും ആഘാതവും ചെറുതല്ല. മൃതദേഹവുമായി പോകുന്ന ട്രാക്ടറുകള്‍ കാണുമ്പോള്‍ പല തൊഴിലാളികളും  പൊട്ടിക്കരയുന്നത് കാണാമായിരുന്നു.

IDUKKI
ഉരുൾപൊട്ടലുണ്ടായ മൂന്നാർ പെട്ടിമലയിൽ ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ട്രാക്ടറിൽ കൊണ്ടുപോകുന്നു‌. ഫോട്ടോ: ഷഹീർ സി.എച്ച്‌.

പെട്ടിമുടിയില്‍നിന്ന് തിരിച്ചുള്ള യാത്രയില്‍, മഞ്ഞിനിടയിലൂടെ മല മുകളിലേക്ക് നോക്കുമ്പോള്‍ കിലോമീറ്ററോളം ഉരുള്‍പൊട്ടി മണ്ണിടിഞ്ഞുപോന്ന വലിയ വിള്ളലുകള്‍ കാണാമായിരുന്നു. സമീപ കാലത്തെ ഏറ്റവും വലിയ പ്രകൃതി ദുരന്തമാണ് പെട്ടിമുടിയില്‍ ഉണ്ടായത്.

മഞ്ഞിലും മഴയിലും മേഞ്ഞു നടക്കുന്ന വരയാടുകള്‍ക്കിടയിലൂടെ മൂന്നാറിലേക്ക് മടങ്ങുമ്പോള്‍ മനസില്‍നിന്ന് ഒരു മുഖം മാത്രം മറയുന്നില്ല. ഭര്‍ത്താവിനെയും മക്കളെയും കൊച്ചു മക്കളെയുമടക്കം നഷ്ടപെട്ട എഴുപതുകാരി കറുപ്പായിയുടെ മുഖം.

തന്റെ കൊച്ചുമക്കളെ എങ്കിലും തിരികെ കിട്ടുമെന്ന പ്രതീക്ഷയില്‍ തിരച്ചിലുകാര്‍ക്കിടയിലേക്കു നോക്കി നെഞ്ചുപൊട്ടി കരയുന്ന കറുപ്പായിയുടെ മുഖം യാദശ്ചികമായാണ് ക്യാമറയില്‍ പതിഞ്ഞത്.

മണ്ണിനടിയില്‍ പെട്ടുപോയവരുടെ മൃതദേഹമെങ്കിലും ഉറ്റവര്‍ക്ക് തിരിച്ചുകിട്ടട്ടെ എന്ന പ്രാര്‍ഥനയോടെയാണ് തകര്‍ത്തു പെയ്യുന്ന മഴയിലൂടെ ഞാന്‍ മല ഇറങ്ങി.

കണ്‍ടെയ്ന്‍മെന്റ് സോണായ മൂന്നാറില്‍നിന്നും അല്‍പം ഭക്ഷണം കിട്ടുമെന്ന പ്രതീക്ഷയിലാണ് മല ഇറങ്ങുന്നത്. അപകടം കേട്ടപാടെ പുറപ്പെട്ടതിനാല്‍ വേറെ വസ്ത്രങ്ങളും മറ്റും കരുതിയിട്ടുമില്ല. മഴയും മഞ്ഞും കനക്കുകയാണ്. മുറിവേല്‍പിച്ച മണ്ണില്‍നിന്ന് ഉറ്റവരെ ഓര്‍ത്ത് പൊട്ടിക്കരയുന്ന ഒരുകൂട്ടം മനുഷ്യര്‍ പെട്ടിമുടിയിലുണ്ട്. അവരുടെ കരച്ചിലും വേദനയും കണ്ണില്‍നിന്നും മനസ്സില്‍നിന്നും മായുന്നില്ല.

content highlights:pettimudi landslide tragedy