'എല്ലാമേ പോച്ച്..ഉയിര് മട്ടും താന്‍ ബാക്കി..ഒരുവാട്ടി അതും പോകുമെന്ന് നെനച്ചേന്‍..' ഒരു വര്‍ഷം മുന്‍പ് നടന്ന പെട്ടിമുടി ദുരന്തത്തിന്റെ നടുക്കുന്ന ഓര്‍മകള്‍ പങ്കുവെയ്ക്കുമ്പോള്‍ മുരുകേശന് ദേഹം വിറയ്ക്കുന്നു. കണ്ണില്‍ ഭയത്തിന്റെ നിഴല്‍ മൂടുന്നു. പെട്ടിമുടിയില്‍ ഉരുള്‍പൊട്ടിയ രാത്രിയില്‍ മരണത്തോട് മല്ലടിച്ചാണ് മുരുകേശും ഭാര്യയും മകനും തിരിച്ചെത്തിയത്. എല്ലാം അവസാനിച്ചുവെന്ന് കരുതിയിടത്തു നിന്നും ഈ കുടുംബം ജീവിതം തിരിച്ചുപിടിക്കുകയാണ്.

പെട്ടിമുടിയിലെ ക്യാന്റീന്‍ ജീവനക്കാരനായിരുന്നു മുരുകേശ്. 25 വര്‍ഷമായി തോട്ടം തൊഴിലാളികള്‍ക്ക് വേണ്ടിയുള്ള ക്യാന്റീന്‍ നടത്തി ജീവിക്കുന്നു. ഭാര്യ മുരുകേശ്വരി. രണ്ട് മക്കള്‍. ഡിഗ്രി പഠനം പൂര്‍ത്തിയാക്കി കവിതയും സഹോദരന്‍ ഗണേഷും. തമിഴ്നാട്ടില്‍ പഠിക്കുന്ന കവിത ദുരന്ത ദിവസം വീട്ടിലുണ്ടായിരുന്നില്ല.

മൂന്ന് ദിവസമായി പെട്ടിമുടിയില്‍ മഴ നിര്‍ത്താതെ പെയ്യുകയായിരുന്നു. കറണ്ടില്ല. ആരുടേയും ഫോണില്‍ ചാര്‍ജില്ല. നിര്‍ത്താതെ പെയ്ത മഴയില്‍ പുഴയിലും വെള്ളം പൊങ്ങിയിരുന്നു. ഓഗസ്ത് ആറിന് രാത്രി പത്തരമണിക്ക് ശേഷമാണ് ഉരുള്‍പൊട്ടലുണ്ടായത്. ഉറങ്ങിക്കൊണ്ടിരുന്ന മുരുകേശിനെ അടുത്തുകിടന്നിരുന്ന ഭാര്യയാണ് എന്തോ വലിയ ശബ്ദം കേള്‍ക്കുന്നുണ്ടെന്ന് പറഞ്ഞ് വിളിച്ചുണര്‍ത്തിയത്. സംഭവിക്കുന്നതെന്താണെന്ന് തിരിച്ചറിയുമ്പോഴേക്കും വീട് നിലം പൊത്തിയിരുന്നു. ഇരുവര്‍ക്കും സമീപത്തുണ്ടായിരുന്ന അലമാരി ചെരിഞ്ഞുവീണ് സുരക്ഷതീര്‍ത്തതുകൊണ്ടുമാത്രമാണ് മുരുകേശിനും ഭാര്യയും മണ്ണിലകപ്പെടാതെ രക്ഷപ്പെട്ടത്. അലമാരിയാണ് തലനാരിഴയ്ക്ക് തങ്ങളുടെ ജീവന്‍ രക്ഷിച്ചതെന്ന് മുരുകേശ് പറഞ്ഞു.

അലമാരയ്ക്കിടയില്‍ കിടന്ന് തപ്പിയപ്പോള്‍ കയ്യില്‍ കിട്ടിയ ടോര്‍ച്ചടിച്ച് ചുറ്റും നോക്കിയപ്പോള്‍ വീട് മുഴുവന്‍ ഇടിഞ്ഞനിലയിലായിരുന്നു. എന്താണ് സംഭവിച്ചതെന്ന് മനസ്സിലായില്ല. ഉടന്‍ അടുത്തമുറിയിലെ മകനെ വിളിച്ച് രക്ഷപ്പെടാന്‍ പറഞ്ഞു. ഞങ്ങള്‍ മരിച്ചാലും അനിയത്തിയെ നോക്കാന്‍ ആരെങ്കിലും വേണം, എങ്ങനെയെങ്കിലും രക്ഷപ്പെടാനായിരുന്നു മകനോട് പറഞ്ഞത്.

എന്നാല്‍ ഉരുള്‍പൊട്ടലില്‍ വന്ന വലിയ കല്ല് നെഞ്ചില്‍ വീണതിനാല്‍ കിടന്നിടത്തുനിന്ന് എഴുന്നേല്‍ക്കാന്‍ ഗണേഷിന് കഴിഞ്ഞില്ല. ഏറെ നേരം പ്രയാസപ്പെട്ടാണ് നെഞ്ചിലെ കല്ല് നീക്കി എഴുന്നേറ്റത്. അച്ഛന്‍ തെളിച്ചുതന്ന ടോര്‍ച്ചിന്റെ ഇത്തിരിവെട്ടത്തില്‍ രക്ഷപ്പെടാനായി പിന്നെയുള്ള ശ്രമം. ലയത്തിന്റെ മേല്‍ക്കൂര ഷീറ്റ് മറച്ചതാണ്. കയ്യില്‍ കിട്ടിയ കല്ലും കമ്പും എടുത്ത് ഷീറ്റ് പൊളിച്ച് നുഴഞ്ഞുകയറിയാണ് ഗണേഷ് തകര്‍ന്നവീടിന് പുറത്തേക്ക് കടന്നത്.

Kuttiyarvali
കുറ്റിയാര്‍വാലിയില്‍ നിര്‍മിച്ചുകൊടുത്ത വീട്‌

'പെട്ടിമുടി തകര്‍ന്നു. ലയങ്ങളെല്ലാം മണ്ണിലായി..'

തങ്ങള്‍ മാത്രമാണ് ദുരന്തത്തില്‍ അകപ്പെട്ടതെന്ന് കരുതിയ മുരുകേശിനും ഭാര്യയ്ക്കും ഞെട്ടിക്കുന്ന വിവരമായിരുന്നു പുറത്തേക്ക് പോയ ഗണേഷ് തിരിച്ചെത്തി  അറിയിച്ചത്. ലയങ്ങളെല്ലാം തകര്‍ന്നിരിക്കുന്നു. സഹായിക്കാനാരുമില്ല. നമ്മള്‍ എങ്ങനെയെങ്കിലും രക്ഷപ്പെടണം. ഗണേഷ് നുഴഞ്ഞുകയറിയ ഷീറ്റിലെ വിടവ് തകര്‍ത്ത് വലുതാക്കിയാണ് ഗണേശും ഭാര്യയും പുറത്തേക്ക് കടന്നത്. പുറത്ത് കനത്ത മഴ, മരവിച്ചുപോവുന്ന തണുപ്പ്, കട്ടയിരുട്ട്, മേലാകെ മുറിവുകള്‍. കുത്തിയൊലിച്ച് വന്ന ഉരുള്‍ ഭാര്യയേയും മകനേയും ഒഴികെ സ്വന്തമായുള്ള സര്‍വവും കൊണ്ടുപോയിരിക്കുന്നു കണ്ണിന് മുന്നില്‍ സ്വന്തം ഭൂമി ചെളിക്കൂനയായി കിടക്കുന്നു. രക്ഷപ്പെട്ട് പുറത്തെത്തിയപ്പോള്‍ മുരുകേശിന്റെ ശരീരത്തില്‍ ഉടുതുണി പോലും ഉണ്ടായിരുന്നില്ല. പെട്ടിമുടിക്ക് സമീപത്തെ കോവിലില്‍ ചുറ്റിയ തുണി ഉടുത്താണ് അടുത്ത ലൈനിലേക്ക് രക്ഷപ്പെട്ടോടിയത്. അപ്പോഴാണറിഞ്ഞത് ദുരന്തത്തില്‍ ജീവനോടെ അവശേഷിച്ചത് താനും കുടുംബവുമടക്കം ചുരുക്കം ആളുകള്‍ മാത്രമാണെന്ന്.

പരിക്കുകളും ശാരീരിക അസ്വസ്ഥകളും അലട്ടിയതിനെ തുടര്‍ന്ന് 27 ദിവസം ആശുപത്രിയില്‍ കഴിഞ്ഞതിനു ശേഷമാണ് സ്വന്തം സ്ഥലത്തേക്ക് വീണ്ടും എത്താനായത്. പെട്ടിമുടി അപ്പോള്‍ ശൂന്യമായിരുന്നു. വര്‍ഷങ്ങളോളം ഒരു കുടുംബം പോലെ ജീവിച്ചിരുന്നവരില്‍ പലരും ബാക്കിയില്ല. സര്‍വ സമ്പാദ്യവും നശിച്ചു. നാല് ലയങ്ങളുടെ സ്ഥാനത്ത് ചെളിയില്‍ പുതഞ്ഞ ഏതാനും അവശിഷ്ടങ്ങള്‍ മാത്രം ബാക്കി. പലരും തന്ന വസ്ത്രവും ഉപകരണങ്ങളും ഉപയോഗിച്ചാണ് പിന്നെ രാജമല ഡിവിഷനിലെ മറ്റൊരു ലയത്തില്‍ താമസം തുടങ്ങിയത്. സര്‍ക്കാര്‍ നല്‍കിയ ഭൂമിയില്‍ കണ്ണന്‍ ദേവന്‍ നിര്‍മിച്ച വീട് ലഭിച്ചിട്ടുണ്ട്. എന്നാല്‍ ജോലി പെട്ടിമുടിയില്‍ ആയതിനാല്‍ ഏറെ ദൂരത്തുള്ള ഈ വീട്ടിലേക്ക് വല്ലപ്പോഴുമാണ് ഇവര്‍ പോയിവരുന്നത്. 

മുരുകേശ് ജീപ്പോടിച്ചാണ് നിത്യച്ചെലവുകള്‍ക്കുള്ള വക കണ്ടെത്തുന്നത്. ഒരു വര്‍ഷം കഴിഞ്ഞിട്ടും ദുരന്തം നല്‍കിയ ഞെട്ടല്‍ ഈ കുടുംബത്തില്‍ നിന്ന് വിട്ടുമാറിയിട്ടില്ല. പെട്ടിമുടിയില്‍ നിന്ന് മാറി ജീവിച്ച് പുതിയ അതിജീവനം തേടുന്നുണ്ടെങ്കിലും ഓഗ്‌സ്ത് ആറ് എന്ന ദുരന്തനാള്‍ ഒരു ദുഃസ്വപ്‌നം പോലെ ഇപ്പോഴും ഇവരെ പിന്തുടരുന്നു. 

Content Highlight: Pettimudi Landslide Survivor story