ദുരന്തം പൊട്ടിയൊഴുകിയ താഴ്‌വാരത്തില്‍   മണ്ണിലെവിടൊയൊ മറഞ്ഞിരിക്കുന്ന മകനെ  തനിയെ തിരഞ്ഞുകൊണ്ടിരുന്ന ഒരച്ഛന്‍ പെട്ടിമുടി ബാക്കിയാക്കിയ കണ്ണീര്‍ ചിത്രങ്ങളില്‍ ഒന്നായിരുന്നു. അന്ന്  വീഴാതെ പിടിച്ചുവെച്ച  കണ്ണീര്‍ ഇന്ന് തോരാതെ പെയ്യുന്നുണ്ട്. ഷണ്‍മുഖനാഥനെ കാണുമ്പോള്‍ കാണാമറയത്തുള്ള മകന്‍ രാജനെ  തിരഞ്ഞ ഈച്ചരവാര്യരെ ഓര്‍മ്മവരും. എന്റെ മകനെ എന്തിനാണ് നിങ്ങള്‍ മഴയത്തു നിര്‍ത്തിയത് എന്ന് ചോദിച്ചത് ഓര്‍മ്മവരും. ഷണ്‍മുഖനാഥനും ആ ചോദ്യം ചോദിക്കുന്നുണ്ട്. ചോദ്യം പ്രകൃതിയോടാണെന്നും മാത്രം... . 

70 പേരുടെ  പ്രാണനെടുത്ത പെട്ടിമുടിമുടിയില്‍ പോലീസും എന്‍ഡിആര്‍എഫും  തിരച്ചില്‍ അവസാനിപ്പിച്ച്  മടങ്ങുമ്പോള്‍ 65 പേരെയാണ് കണ്ടെത്തിയത്. പക്ഷേ  ഷണ്‍മുഖനാഥന്‍ മടങ്ങിയില്ല.. ചെളിയിലെവിടെയൊ മറഞ്ഞിരിക്കുന്ന  മകനെ കിട്ടാതെ പിന്നോട്ടില്ലെന്ന് ആ അച്ഛന്‍ മനസിലുറപ്പിച്ചു. മകനായുള്ള തിരച്ചിലില്‍ മറ്റൊരു മൃതദേഹം ഷണ്‍മുഖനാഥന് കണ്ടെത്താനായി. ഏകനായി പെട്ടിമുടിയില്‍  മണ്ണിലും ചെളിയിലും കാട്ടിലും പുഴയിലും എല്ലാം ആറുമാസത്തോളം ആ തിരച്ചില്‍ തുടര്‍ന്നു. പക്ഷേ 22 കാരന്‍ ദിനേഷ് കുമാര്‍ ഇന്നും കാണാമറയത്തുതന്നെ....

പെട്ടിമുടി ഇരുള്‍ പൊട്ടലിന് ഒരുവര്‍ഷം പിന്നിടുമ്പോഴേക്കും കരഞ്ഞു കരഞ്ഞ് കല്ലായി മാറിയിരിക്കുന്നു ഷണ്‍മുഖനാഥന്‍.. മൂന്നാര്‍ എം.ജി കോളനിയിലെ വീട്ടിലിരുന്നു ഷണ്‍മുഖനാഥന്‍ ദുരന്തങ്ങള്‍ പെയ്ത ആ രാത്രിയെക്കുറിച്ച് പറഞ്ഞുതുടങ്ങി, 

മറയൂരിലെ ബാങ്കില്‍ ക്യാഷറായി ജോലിചെയ്യുന്ന ഷണ്‍മുഖനാഥനും ഭാര്യ മഞ്ജുളക്കും മൂന്ന് മക്കളാണ്. ദിനേഷ് കുമാറും നിതീഷ്‌കുമാറും.. ഇരുവരുടെയും കുഞ്ഞനിയത്തി  വൈഷ്ണവിയും. ഷണ്‍മുഖനാഥന്റെ സഹോദരങ്ങള്‍ പെട്ടിമുടിയിലാണ് താമസം. സഹോദരന്റെ പേരകുട്ടിയുടെ പിറന്നാള്‍ ആഘോഷിക്കാനായി കേക്കും വാങ്ങി മൂത്ത മകന്‍ ദിനേഷ് പോയി... തൊട്ടുപിന്നാലെ സഹോദരിയുടെ പേരക്കുട്ടിയുടെ പിറന്നാള്‍ ആഘോഷിക്കാനായി നീതീഷും പോയി. അച്ഛന്‍ വാങ്ങിക്കൊടുത്ത ബുള്ളറ്റില്‍ പോയ ആ മക്കള്‍ പിന്നീട് ജീവനോടെ തിരികെ വന്നില്ല.. ഒരാളെ മണ്ണില്‍ നിന്ന് തിരികെ കിട്ടി. അയാള്‍ രാജമലയിലെ തേയിലതോട്ടത്തില്‍ മറ്റ് 65 പേരോടൊപ്പം ഉറങ്ങുന്നുണ്ട്.. 

അവധി ദിവസങ്ങളിലെല്ലാം ഷണ്‍മുഖനാഥന്‍ ദിനേഷിനെ തിരഞ്ഞ് പെട്ടിമുടിയിലെത്തി കൂടെ സുഹൃത്തുക്കള്‍ഏഴെട്ടുപേരും ഉണ്ടാകും രാവിലെ മുതല്‍ വൈകുന്നേരം വരെ തിരച്ചില്‍ വിങ്ങുന്ന മനസോടെ വൈകിട്ട് മടക്കം.. ഓഗസ്റ്റ് ആറു മുതല്‍ ആറുമാസത്തോളം ഷണ്‍മുഖനാഥന്റെ ജീവിതം ഇങ്ങനെയായിരുന്നു.  മകന്റെ മൃതശരീരമെങ്കിലും കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു ഷണ്‍മുഖനാഥന്‍. ദുരന്ത പെയ്ത്ത് പെയ്തിട്ടും തോരാതിരുന്ന മഴ   ദിനേശിനെ പിന്നെയും മറച്ചുപിടിച്ചു.

സെന്റ് ജോസഫ് എന്‍ജീനീയറിങ്ങ് കോളേജിലെ മൂന്നാം വര്‍ഷ മെക്കാനിക്കല്‍ എഞ്ജിനീയറങ് വിദ്യാര്‍ത്ഥിയായിരുന്നു ഇളയമകന്‍ നിതീഷ്.  കോവിഡ് വന്നില്ലായിരുന്നുവെങ്കില്‍  അവന്‍ ഒരു പക്ഷേ പെട്ടിമുടിയില്‍ എത്തില്ലായിരുന്നു. തിരികെ വരാത്തൊരു യാത്രയ്ക്കായി ഇറങ്ങിപ്പോകില്ലായിരുന്നു.

ഞാന്‍ ജനിച്ചുവളര്‍ന്ന ഭൂമിയിലാണ് എന്റെ മക്കളും ജനിച്ചുവളര്‍ന്നത്..എന്റെ കുട്ടിക്കാലത്തിന്റെയും എന്റെ മക്കളുടെ കുട്ടിക്കാലത്തിന്റെയും ഓര്‍മ്മകളുള്ള സ്ഥലമാണ് പെട്ടിമുടി.. അവിടമിന്ന് മരുഭൂമിയായി കിടക്കുന്നത് ഓര്‍ക്കുമ്പോള്‍ സഹിക്കാനാകുന്നില്ല..ദിനേശിനെ കണ്ടെത്താനാകുമെന്നായിരുന്നു പ്രതീക്ഷ

അവന്‍ ബിഎസ് സി കമ്പ്യൂട്ടര്‍ സയന്‍സ് പൂര്‍ത്തിയാക്കി വീട്ടില്‍ ഇരുന്നു ജോലി ചെയ്യുകയായിരുന്നു. അവനെ കുറെ തിരഞ്ഞു  കുറെ സ്ഥലങ്ങള്‍ കണ്ടു.. മനസിന് ഒരു സമാധാനം കിട്ടിയപ്പോള്‍ തിരച്ചില്‍ നിര്‍ത്തി ഷണ്‍മുഖനാഥന്‍ പറഞ്ഞുനിര്‍ത്തി..വിവാഹത്തിന് മുമ്പ് മക്കള്‍ക്ക് ദുര്‍മരണം സംഭവിച്ചാല്‍ വിശ്വാസ പ്രകാരം രാമേശ്വരത്ത് പോകണം. ഒരു വര്‍ഷം തികയുന്നത് പ്രമാണിച്ച് ഷണ്‍മുഖനാഥന്‍ രാമേശ്വരത്ത് പോയി മക്കളുടെ ആത്മശാന്തിക്കായി കര്‍മ്മങ്ങള്‍ ചെയ്തു തിരികെ പോന്നു. എങ്കിലും മണ്ണിന്റെയുള്ളില്‍ എവിടെയോ മറഞ്ഞിരിക്കുന്ന മകന്‍ ഷണ്‍മുഖനാഥന്റെ ഉള്ളിന്റെയുള്ളില്‍ ഇപ്പോഴും വിണ്ടുനീറുന്നു.

Content Highlight:  Pettimudi Landslide Shanmukha Nathan story