മൂന്നാര്‍: ദിനേശും നിതീഷും എം.ജി.കോളനിയിലെ വീട്ടില്‍നിന്ന് പോയ രംഗം ഇപ്പോഴും മഞ്ജുളയുടെ കണ്ണില്‍നിന്ന് മായുന്നില്ല. കേക്കും മിഠായിയുമൊക്കെയായി വലിയ സന്തോഷത്തോടെ പെട്ടിമുടിയിലെ ബന്ധുവീട്ടില്‍ ഒരുകുഞ്ഞിന്റെ പിറന്നാള്‍ ആഘോഷിക്കാന്‍ പോയതാണ് മഞ്ജുളയുടെയും ഷണ്‍മുഖനാഥന്റെയും രണ്ട് ആണ്‍മക്കള്‍.

എന്നാല്‍, അന്നുരാത്രി മലമുകളില്‍നിന്ന് പൊട്ടി ഒഴുകിയെത്തിയ ദുരന്തം അവരെ കൊണ്ടുപോയി. അന്ന് ഉറവപൊട്ടിയ മഞ്ജുളയുടെ കണ്ണീര്‍ ഇന്നും വറ്റിയിട്ടില്ല. ഇനിയും കണ്ടെത്താത്ത മൂത്ത മകന്‍ ദിനേശ് തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ച് കാത്തിരിക്കുകയാണ്. മഞ്ജുളയുടെ ഭര്‍ത്താവ് ഷണ്‍മുഖനാഥന്‍ മകനെത്തേടി മാസങ്ങളോളമാണ് ദുരന്തഭൂമിയില്‍ അലഞ്ഞത്. അതിന് ഫലമുണ്ടായില്ല.

കേരള ബാങ്ക് ജീവനക്കാരനായ ഷണ്‍മുഖനാഥന്‍-മഞ്ജുള ദമ്പതിമാരുടെ ആണ്‍മക്കളായ ദിനേശ് കുമാര്‍ (22), നിതീഷ് കുമാര്‍ (20) എന്നിവരാണ് ദുരന്തത്തില്‍ മരിച്ചത്. ഇതില്‍ ദിനേശിനെ ഇതുവരെയും കണ്ടെത്താനായില്ല.

ഓര്‍മയില്‍ അവന്റെ പാട്ട്

നന്നായി പഠിക്കുമായിരുന്നു രണ്ടുമക്കളും. ദിനേശ് പൊള്ളാച്ചിയില്‍ നിന്ന് കംപ്യൂട്ടര്‍ സയന്‍സ് പഠനം പൂര്‍ത്തിയാക്കിയശേഷം ജോലിക്കായി കാത്തിരിക്കുകയായിരുന്നു. നിതീഷ് പാലാ സെന്റ് ജോസഫ്‌സ് എന്‍ജിനീയറിങ് കോളേജിലെ മൂന്നാംവര്‍ഷ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയുമായിരുന്നു.

മൂന്നാര്‍ എം.ജി.കോളനിയിലെ വീട്ടില്‍നിന്ന് ഓഗസ്റ്റ് ആറിന് വൈകീട്ടാണ് ദിനേശും നിതീഷും പെട്ടിമുടിയിലേക്കുപോയത്. ഷണ്‍മുഖനാഥന്റെ സഹോദരന്‍ ഗണേശന്റെ പേരക്കുട്ടി അശ്വതിന്റെ ആറാം പിറന്നാളായിരുന്നു അന്ന്. വളരെയധികം ആഹ്ലാദിച്ച ദിവസം.

ആഘോഷത്തിനൊടുവില്‍ ഇരുവരും പെട്ടിമുടിയിലെ ലയത്തില്‍ രാത്രിയില്‍ തങ്ങി. എന്നാല്‍, എല്ലാ സന്തോഷങ്ങളും ഉരുള്‍ തകര്‍ത്തെറിഞ്ഞു. മൂന്നുലൈന്‍ വീടുകളും, കുട്ടികള്‍ ഉള്‍പ്പടെ 70 പേരും ഉരുള്‍പൊട്ടലില്‍പെട്ടു. അതില്‍ ഇവരുമുണ്ടായിരുന്നു. ദുരന്തത്തിനുശേഷം ഏതാനും ദിവസങ്ങള്‍ കഴിഞ്ഞ് രക്ഷാപ്രവര്‍ത്തകര്‍ നിതീഷ് കുമാറിന്റെ മൃതദേഹം കണ്ടെത്തി. എന്നാല്‍, മൂത്തയാളെ ഇതുവരെ കണ്ടെത്താനായില്ല.

എല്ലാം അവര്‍ക്കുവേണ്ടി

കാണാതായ ദിനേശ് മരിച്ചതായി സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും ഒരുവര്‍ഷമായിട്ടും ഇവര്‍ക്ക് മരണസര്‍ട്ടിഫിക്കറ്റുപോലും ലഭ്യമായില്ല. ഇളയ മകള്‍ വൈഷ്ണവിക്കൊപ്പം മൂന്നാര്‍ എം.ജി.കോളനിയിലെ വീട്ടിലാണിവര്‍.

ഒഴിവുസമയങ്ങളില്‍ തന്റെ മടിയില്‍ തലവെച്ച് നിതീഷ് കലാഭവന്‍ മണിയുടെ പാട്ടുകള്‍ പാടുന്നത് മഞ്ജുള ഓര്‍ത്തെടുത്തു.

'എല്ലാവരുംകൂടി ഒന്നിച്ചുമരിച്ചാല്‍ മതിയായിരുന്നു. എന്തിനാ ഞങ്ങളെ മാത്രം ദൈവം ബാക്കിവെച്ചത്...'

ദുരന്തത്തിന്റെ ഒന്നാംവാര്‍ഷികത്തോടനുബന്ധിച്ച് ഷണ്‍മുഖനാഥന്‍ ഒരാഴ്ചമുമ്പ് മക്കളുടെ ആത്മശാന്തിക്കുവേണ്ടി തമിഴ്‌നാട്ടിലെ രാമേശ്വരത്തെ രാമനാഥക്ഷേത്രത്തില്‍പോയി തല മുണ്ഡനംചെയ്ത് കര്‍മങ്ങള്‍ ചെയ്തിരുന്നു. വാര്‍ഷികദിനത്തില്‍ രാവിലെ മകനെ അടക്കം ചെയ്തിരിക്കുന്ന സ്ഥലത്തെത്തി പ്രാര്‍ഥന നടത്താനൊരുങ്ങുകയാണ് ഷണ്‍മുഖനാഥന്‍.

അവനെ കണ്ടിരുന്നെങ്കില്‍

19 ദിവസത്തെ തിരച്ചിലിനൊടുവില്‍ രക്ഷാസംഘങ്ങള്‍ മടങ്ങി. എന്നാല്‍, ഷണ്‍മുഖനാഥന് മടങ്ങാനാകില്ലല്ലോ. മൂത്തമകനെ തിരഞ്ഞ് ആ ദുരന്തഭൂമിയിലൂടെ കാടും മേടും പുഴയും താണ്ടി നടന്നു. എവിടെയെങ്കിലും അവനുണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. നൂറുദിവസം തുടര്‍ച്ചായി തിരഞ്ഞു. പിന്നീട് ബാങ്കില്‍ പോയി തുടങ്ങിയെങ്കിലും അവധി ദിവസങ്ങളില്‍ തിരച്ചില്‍ തുടര്‍ന്നു. ദിനേശ് ഇപ്പോഴും കാണാമറയത്തുതന്നെയാണ്.