മൂന്നാര്‍: പെട്ടിമുടി ദുരന്തം പുറംലോകത്തെ അറിയിച്ച ഒരാളുണ്ട്. സെന്തില്‍ കുമാര്‍, കണ്ണന്‍ ദേവന്‍ ഹില്‍ പ്ലാന്റേഷന്‍ കമ്പനിയുടെ പെട്ടിമുടി ഡിവിഷന്റെ ഫീല്‍ഡ് ഓഫീസര്‍. കനത്ത മഴയില്‍ പെട്ടിമുടിയിലെ വാര്‍ത്താവിനിമയ സംവിധാനങ്ങളെല്ലാം പൂര്‍ണമായും തകര്‍ന്നിരുന്നു. കനത്ത മഴയും ഇരുട്ടും കോടയും മൂടിയ ആ രാത്രിയില്‍ തകര്‍ന്നുവീണ റോഡിനേയും കുത്തിയൊഴുകുന്ന മലവെള്ളപ്പാച്ചിലിനേയും നേരിട്ട് സെന്തില്‍ കുമാറും പ്രദേശവാസികളായ മൂന്നു പേരും ചേര്‍ന്ന് പതിനഞ്ച് കിലോ മീറ്ററോളം നടന്നാണ് വിവരം പുറംലോകത്തെ അറിയിച്ചത്.

രാത്രി പത്തരയോടെ നടന്ന ദുരന്തത്തിന്റെ വിവരം ഒരു കിലോ മീറ്റര്‍ അകലെ താമസിക്കുന്ന സെന്തില്‍ അറിയുമ്പോള്‍ സമയം  11.50 കഴിഞ്ഞിരുന്നു. ലയങ്ങളെല്ലാം തകര്‍ന്നെന്നും ആളുകളെല്ലാം മരിച്ചുപോയെന്നും രണ്ട് പേര്‍ ഓടിയെത്തി പറഞ്ഞപ്പോഴാണ് ദുരന്തത്തെക്കുറിച്ച് സെന്തില്‍ അറിഞ്ഞത്. വിവരം പുറംലോകത്തെ അറിയിക്കാനായി പിന്നെയുള്ള ശ്രമം. ഫോണിലൂടെ ബന്ധപ്പെടാന്‍ കഴിയാത്തതിനാല്‍ നേരിട്ട് പോയി പറയുക മാത്രമായിരുന്നു ആകെയുള്ള വഴി.

 പെട്ടിമുടി പാലമുള്‍പ്പെടെ തകര്‍ന്ന് വെള്ളം കയറി കിടന്നതിനാല്‍ അപ്പുറത്തേക്ക് കടക്കാന്‍ വഴിയില്ല. പുറം ലോകത്തെ പെട്ടിമുടിയുമായി ബന്ധിപ്പിക്കുന്ന ഏക പാലമായിരുന്നു അത്. പാലത്തിന് മുകളിലൂടെ വെള്ളം കുത്തിയൊഴുകുകയായിരുന്നു. കയറ് കെട്ടിയാണ് പാലം കടന്ന് അപ്പുറത്തേക്ക് കടന്നത്. പിന്നെയാണ് വിവരം കമ്പനിയെ വയര്‍ലെസ്സിലൂടെ അറിയിച്ചത്. രാവിലെ ആറ് മണിയോടെ മാത്രമാണ് വിവരം പുറത്തെത്തിക്കാന്‍ സാധിച്ചത്. രാവിലെ പത്ത് മണിയോടെയാണ് രക്ഷാപ്രവര്‍ത്തനത്തിനായി പോലീസ്, ഫയര്‍ഫോഴ്സ്, എമര്‍ജന്‍സി റെസ്പോണ്‍സ് ടീം, ദുരന്ത നിവാരണ സേന, മിലിട്ടറി ടീം തുടങ്ങിയവര്‍ എത്തിയത്.

WhatsApp_Image_2020-08-08_at_12.13.36_PM.jpg
പെട്ടിമുടി ദുരന്തസ്ഥലത്തിന്റെ ആകാശദൃശ്യം (ഫയല്‍ ചിത്രം) | ഫോട്ടോ: ഷഹീര്‍ സിഎച്ച്

അന്നത്തെ സംഭവങ്ങളെക്കുറിച്ച് സെന്തില്‍ പറയുന്നു..

പെട്ടിമുടി ലൈന്‍സിലെ 30 വീടുകളില്‍ 82 പേരാണ് താമസിച്ചിരുന്നത്. തിരച്ചിലിന്റെ ആദ്യത്തെ ദിവസം തന്നെ 12 പേരെ രക്ഷപ്പെടുത്തി. ഇവരില്‍ പലരുടേയും നില ഗുരുതരമായിരുന്നു. ദുരന്തത്തില്‍പ്പെട്ടവരുടെ 66 മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്.  70 പേരാണ് മരിച്ചത്. ഇതില്‍ നാല് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്താനിയിട്ടില്ല. പെട്ടിമുടി മുതല്‍ മാങ്കുളം അതിര്‍ത്തി പ്രദേശം വരെ ആറ് മാസത്തോളം ഞങ്ങള്‍ തുടര്‍ച്ചയായി തിരച്ചില്‍ നടത്തിയിട്ടുണ്ട്. സംഭവസ്ഥലത്ത് നിന്ന് പത്ത് കിലോമീറ്റര്‍ ദൂരത്ത് നിന്നുവരെ പലരുടേയും മൃതദേഹങ്ങള്‍ കണ്ടെടുത്തിരുന്നു. 

പെട്ടിമുടി ദുരന്തം, താങ്ങാനാവാത്ത കാഴ്ച

മഴക്കാലത്ത് ഒരു മണ്ണിടിച്ചല്‍ പോലുമില്ലാതിരുന്ന സ്ഥലത്താണ് ഇതുപോലെയൊരു മഹാദുരന്തം നടന്നത്. തലേദിവസം വരെ ഞങ്ങള്‍ക്കൊപ്പം പണിയെടുത്തിരുന്നവരാണ് മണ്ണിന്റെ ഉള്ളില്‍ ശ്വാസം കിട്ടാതെ പിടഞ്ഞുമരിച്ചത്. കണ്ണിന് താങ്ങാന്‍ കഴിയാത്തത്രയും ദുഃഖകരമായ കാഴ്ചയായിരുന്നു അന്ന് പെട്ടിമുടിയിലുണ്ടായിരുന്നത്. എന്ത് ചെയ്യണമെന്നറിയില്ല, ഒരു മണ്‍കൂനയ്ക്കുള്ളില്‍ എവിടെ തിരയണമെന്ന് അറിയില്ല. മുപ്പത് വീടുണ്ടായിരുന്നതിന്റെ ഒരടയാളവും അവിടെ ഉണ്ടായിരുന്നില്ല. അത്രത്തോളം മണ്ണിനുള്ളിലേക്ക് അകപ്പെട്ടു പോയിരുന്നു അവിടുള്ള ലയങ്ങള്‍.

Pettimudi Landlside
ഇടുക്കി, പെട്ടിമുടിയിൽ തൊഴിലാളികൾ താമസിച്ചിരുന്ന ലയം, ഉരുൾപൊട്ടലിന് മുമ്പുള്ള ദൃശ്യം.

രക്ഷാസേനയ്ക്ക് പുറമേ ഇരുപതോളം ജെസിബികളും ഹിറ്റാച്ചികളുമാണ് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തത്. മണ്ണിന്റെ ഉള്ളില്‍ നിന്ന് ആളുകളെ ജീവനോടെയും അല്ലാതെയും പുറത്തെടുക്കുന്ന കാഴ്ചകള്‍ കണ്ട് പലരും തലകറങ്ങി വീണിട്ടുണ്ട്. മണ്ണിന്റെ ഉള്ളിലും പാറയുടെ ഇടുക്കിലുമൊക്കെയായിരുന്നു മൃതദേഹങ്ങള്‍ കിടന്നിരുന്നത്. വീടിന്റെ അവശിഷ്ടങ്ങള്‍ കിലോമീറ്ററുകള്‍ ദൂരത്തേക്ക് ഒഴുകിപ്പോയി. പുഴയുടെ ഇരുഭാഗങ്ങളില്‍ നിന്ന് നിരവധി വീട്ടുപകരണങ്ങള്‍ പിന്നീട് കണ്ടെടുത്തിരുന്നു. വസ്ത്രങ്ങളും കുട്ടികളുടെ പാവകളും വീട്ടിലെ സാധനങ്ങളും തുടങ്ങി കുറേയേറെ സാധനങ്ങള്‍ കിലോമീറ്ററുകളോളം ചിതറിക്കിടന്നു. അതിന്റെ ഇടയില്‍ കുറേ മൃതദേഹങ്ങളും. ഒരിക്കലും കാണാന്‍ പാടില്ലാത്ത കാഴ്ചകളായിരുന്നു അത്.

24 ഇഞ്ച് മഴയാണ് അന്ന് പെട്ടിമുടിയില്‍ രേഖപ്പെടുത്തിയത്. കൂടാതെ തണുപ്പും ഇരുട്ടും. വൈദ്യുതി ഇല്ല. ടവര്‍ തകര്‍ന്നതിനാല്‍ ഫോണ്‍ ചെയ്യാന്‍ പോലും കഴിയില്ല. അതൊക്കെ കൊണ്ടാണ് വിവരം പുറത്തെത്തിക്കാന്‍ കഴിയാതിരുന്നതും രക്ഷാപ്രവര്‍ത്തനം വൈകിയതും. എവിടെയാണ് ലയങ്ങളെന്നും കുട്ടികളടക്കം ഓരോ ലയത്തിലും എത്ര ആളുകള്‍ ഉണ്ടായിരുന്നുവെന്നതിന്റെ കണക്ക് തന്റെ പക്കലുണ്ടായിരുന്നു. അതുള്ളതുകൊണ്ടാണ് ഒരു രൂപരേഖ ഉണ്ടാക്കി പ്രാഥമിക തിരച്ചില്‍ ആരംഭിച്ചത്. നല്ല പരിചയമുള്ള ആളായതിനാല്‍ പലരേയും മൃതദേഹം തിരിച്ചറിയാനും കഴിഞ്ഞു.

WhatsApp_Image_2020-08-08_at_1.08.42_PM.jpg
ദുരന്തത്തില്‍പ്പെട്ടവരുടെ മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്നു.(ഫയല്‍ ചിത്രം) |  ഫോട്ടോ: ഷഹീര്‍ സിഎച്ച്

ദുരന്തകാഴ്ചകള്‍ വേട്ടയാടുന്നു, ഉറക്കമില്ലാതെ, ഭക്ഷണം കഴിക്കാത്ത ദിവസങ്ങള്‍

മാസങ്ങളോളം ഉറക്കം കളയുന്ന കാഴ്ചകളാണ് പെട്ടിമുടിയില്‍ നിന്ന് കണ്ടത്. അടുപ്പമുള്ളവരെ നഷ്ടമായതിന്റെ മാനസികപ്രശ്നം ഒരു ഭാഗത്ത്. അതിനൊപ്പം മൃതദേഹങ്ങള്‍ മണ്ണില്‍ നിന്ന് പലരൂപത്തില്‍ പുറത്തെടുക്കുന്ന കാഴ്ചകളുടെ ഭീകരതകള്‍ മറ്റൊരു ഭാഗത്ത്. ഒരാളുടെ മൃതദേഹം തലയില്ലാതെയാണ് മണ്ണില്‍ നിന്ന് പുറത്തെടുത്തത്. ജെസിബി ഉപയോഗിച്ച് തിരയുന്നതിനിടെ തലമുറിഞ്ഞുപോവുകയായിരുന്നു. അമ്മയെപ്പോലെ കരുതിയിരുന്നയാളാണ്. ഒരിക്കലും ആ കാഴ്ചയൊന്നും മനസ്സില്‍ നിന്ന് പോവില്ല.

രക്ഷാപ്രവര്‍ത്തനത്തിനിടെ മൃതദേഹങ്ങളുടെ തൊട്ടടുത്തിരുന്നാണ് ഭക്ഷണം പോലും കഴിക്കേണ്ടിവന്നത്. മരവിച്ച അവസ്ഥയായിരുന്നു അന്നൊക്കെ. എന്നാല്‍ അതിനുശേഷം ഏറെനാള്‍ ഉറങ്ങുമ്പോള്‍ പോലും ആ കാഴ്ചകളാണ് കണ്ണിലേക്ക് വന്നത്. ഈ ജീവിതത്തില്‍ ഇത്തരം കാഴ്ചകള്‍ കാണാന്‍ മാത്രം എന്ത് കുറ്റമാണ് ചെയ്തതെന്നൊക്കെ തോന്നിപ്പോയി പലപ്പോഴും. മൂന്ന് മാസമാണ് ഞാന്‍ കരഞ്ഞിരുന്നത്. ഉറങ്ങാന്‍ പറ്റില്ല. ഭക്ഷണം കഴിക്കാന്‍ പറ്റില്ല. നേരെ സംസാരിക്കാന്‍ പോലും പറ്റാത്ത ദിവസങ്ങളായിരുന്നു അതെല്ലാം.

WhatsApp_Image_2020-08-09_at_3.46.21_PM.jpg

പെട്ടിമുടി വേദനയായി തുടരുന്നു

എന്റെ ബന്ധുക്കളോ സ്വന്തക്കാരോ അല്ല അപകടത്തില്‍ മരിച്ചത്. എന്നാല്‍ ഞാന്‍ അതിലേറെ സ്നേഹിച്ചിരുന്ന, സുഹൃത്തുക്കളായിരുന്ന പലരുമാണ് ദുരന്തത്തില്‍ മരിച്ചത്. അതുകൊണ്ടുതന്നെ ജീവനുള്ളിടത്തോളം കാലം ആ ദുരന്തത്തിന്റെ വേദന എനിക്കുണ്ടാവും. പെട്ടിമുടിയില്‍ ലയങ്ങളിലുണ്ടായിരുന്നവരുടെ വിവരങ്ങളും ചിത്രങ്ങളും ഇപ്പോഴു എന്റെ പക്കലുണ്ട്. അത് ഞാന്‍ സൂക്ഷിച്ചുവെയ്ക്കും.

Content Highlights: Pettimudi Landslide Senthil Kumar Field Officer