മൂന്നാര്‍: പെട്ടിമുടി ദുരന്തത്തില്‍പെട്ടവര്‍ക്ക് മുമ്പുണ്ടായ അപകടങ്ങളിലേക്കാള്‍ അതിവേഗത്തിലാണ് പുനരധിവാസവും സഹായവും ലഭിച്ചത്. കവളപ്പാറയിലടക്കം രണ്ടുവര്‍ഷമായി പുനരധിവാസം സാധ്യമായിട്ടില്ലെങ്കിലും പെട്ടിമുടിയില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് സഹായം അതിവേഗം തേടിയെത്തി. സര്‍ക്കാരും ജില്ലാ ഭരണകൂടവും കണ്ണന്‍ദേവന്‍ കമ്പനിയും ഒത്തുപിടിച്ചാണ് ആശ്വാസം സാധ്യമാക്കിയത്.

പെട്ടിമുടി ദുരന്തമുണ്ടായതിനുശേഷം 19 ദിവസമാണ് 500-ലധികംപേര്‍ രക്ഷാപ്രവര്‍ത്തനം നടത്തിയത്. തുടര്‍ന്ന് 66 മൃതദേഹം കണ്ടെടുത്തു. കാണാതായ നാലുപേരെ മരിച്ചതായി സര്‍ക്കാര്‍ പ്രഖ്യാപിച്ചു.

എന്നാല്‍, ദുരന്തത്തില്‍ പരിക്കേറ്റവരുടെയും രക്ഷപ്പെട്ടവരെയുടെയും ദുരിതബാധിതരുടെയും ചികിത്സകളും പുനരധിവാസവുമായിരുന്നു സര്‍ക്കാരിന്റെയും കണ്ണന്‍ദേവന്‍ കമ്പനിയുടെയും മുന്‍പിലുണ്ടായിരുന്ന വലിയ വെല്ലുവിളി.

മരിച്ചവരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ സര്‍ക്കാര്‍ അഞ്ചുലക്ഷം വീതം ധനസഹായം പ്രഖ്യാപിച്ചു. മരിച്ച 18 തൊഴിലാളികളുടെ ആശ്രിതര്‍ക്ക് കണ്ണന്‍ദേവന്‍ കമ്പനി അഞ്ചുലക്ഷവും പ്രഖ്യാപിച്ചു. കൂടാതെ ദുരന്തത്തില്‍ സര്‍വവും നഷ്ടമായ എട്ട് കുടുംബാംഗങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കിയ സ്ഥലത്ത് ഒരുകോടി രൂപ ചെലവില്‍ വീടുവെച്ചുകൊടുക്കുമെന്നും കമ്പനി അറിയിച്ചു.

ദുരന്തത്തില്‍ തകര്‍ന്ന നാലുലയങ്ങളില്‍നിന്നായി 12 പേരാണ് രക്ഷപ്പെട്ടത്. ഇതില്‍ ആറുപേര്‍ക്ക് ദുരന്തത്തില്‍ സാരമായി പരിക്കേറ്റിരുന്നു. ഇവരെ ടാറ്റാ ടീ ആശുപത്രിയിലും കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും കമ്പനിയുടെ ചെലവില്‍ ചികിത്സിച്ചു. മാതാപിതാക്കള്‍ നഷ്ടപ്പെട്ട സഹോദരിമാരായ ഹേമലതയുടെയും ഗോപികയുടെയും പഠനച്ചെലവ് പൂര്‍ണമായി സര്‍ക്കാര്‍ ഏറ്റെടുത്തു.

ദുരന്തത്തിനുശേഷം പെട്ടിമുടി ഡിവിഷനില്‍ 80 കുടുംബങ്ങളാണ് അവശേഷിച്ചത്. ദുരന്തഭീതിമൂലം ഇവിടെ താമസിക്കാന്‍ വിസമ്മതിച്ച ഇവരെ മാറ്റിപ്പാര്‍പ്പിക്കുകയായിരുന്നു കമ്പനി നേരിട്ട വെല്ലുവിളി. ഇവരെ വിവിധ എസ്റ്റേറ്റുകളിലെ ബന്ധുവീടുകളിലേക്കാണ് ആദ്യംമാറ്റിയത്. പിന്നീട്, രാജമല, മാട്ടുപ്പട്ടി, ഗുണ്ടുമല, ഗൂഡാര്‍വിള എന്നീ എസ്റ്റേറ്റുകളില്‍ വീടുകള്‍ കണ്ടെത്തി അവിടെ ജോലിയും കമ്പനി നല്‍കി. ദുരന്തത്തില്‍ മരിച്ച 18 തൊഴിലാളികള്‍ക്ക് പ്രഖ്യാപിച്ച അഞ്ചുലക്ഷം രൂപ വീതം 12പേര്‍ക്ക് ഇതിനോടകം വിതരണംചെയ്തു. ബാക്കിയുള്ള ആറുപേരുടെ ബന്ധുക്കള്‍ തമ്മിലുള്ള അവകാശത്തര്‍ക്കംമൂലം ഇതുവരെ പണംനല്‍കാന്‍ കഴിഞ്ഞില്ല. തര്‍ക്കം പരിഹരിച്ച് രേഖകള്‍ ഹാജരാക്കിയാല്‍ ഉടന്‍ പണം നല്‍കാന്‍ കമ്പനി തയ്യാറാണ്.

സര്‍ക്കാര്‍ നല്‍കിയ സ്ഥലത്ത് കമ്പനി ഒരുകോടി രൂപ ചെലവിട്ട് എട്ട് വീടുകള്‍ നിര്‍മിച്ചു. ദുരിതബാധിതര്‍ക്കുള്ള ധനസഹായമുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പരാതികള്‍ക്കൊന്നും ഇടനല്‍കാതെ എല്ലാവര്‍ക്കും സഹായങ്ങള്‍ നല്‍കാന്‍ സാധിച്ചത് വലിയ നേട്ടമാണ്.