മൂന്നാര്‍: ഇത് പെട്ടിമുടി. കല്ലുംമണ്ണും കൂനകൂടി പ്രേതഭൂമിപോലെ കിടക്കുന്ന ഇവിടെ 362 ദിവസങ്ങള്‍ക്ക് മുമ്പ് കുറേ ജനങ്ങളുണ്ടായിരുന്നു. തോട്ടങ്ങളില്‍ എല്ലുമുറിയെ പണിചെയ്ത് അന്നന്നത്തെ അന്നത്തിന് വകയുണ്ടാക്കി കുഞ്ഞുകുട്ടി പരാധീനങ്ങളുമായി ജീവിച്ചിരുന്ന പാവങ്ങള്‍.

കുരിശുമലയ്ക്ക് മുകളില്‍നിന്ന് പൊട്ടിയൊഴുകിയ ഉരുള്‍ ഒറ്റരാത്രികൊണ്ട് ആ ജനവാസകേന്ദ്രത്തെ തുടച്ചുമാറ്റി. അവരുടെ കണ്ണീരും ചോരയും നിലവിളിയും പെട്ടിമുടിപുഴയില്‍ അലിഞ്ഞുചേര്‍ന്നു.

സംസ്ഥാനത്തെ ഏറ്റവും വലിയ ഉരുള്‍പൊട്ടലുണ്ടായ പെട്ടിമുടി ദുരന്തത്തിന് വെള്ളിയാഴ്ച ഒരാണ്ട്. നാല് ലയങ്ങളില്‍ ഉറങ്ങിക്കിടന്ന കുഞ്ഞുങ്ങളും ഗര്‍ഭിണികളുമടക്കം 70 പേരുടെ ജീവനാണ് അന്ന് ഉരുള്‍ കവര്‍ന്നെടുത്തത്. 12 പേര്‍ മാത്രമാണ് ദുരന്തത്തില്‍നിന്ന് രക്ഷപ്പെട്ടത്.

ഉരുളെടുത്ത പെട്ടിമുടിയിലൂടെ ഒരുയാത്ര

ഉറങ്ങുകയായിരുന്നു അവര്‍

2020 ഓഗസ്റ്റ് ആറിന് രാത്രി പത്തരയ്ക്കാണ് പെട്ടിമുടിക്കുമീതെ ദുരന്തം ഉരുള്‍പൊട്ടിയെത്തിയത്. നിമിഷനേരംകൊണ്ട് ലയങ്ങളെല്ലാം മണ്ണിനടിയിലായി. കൂറ്റന്‍ പാറക്കല്ലുകളും വന്നുവീണു. ജോലി കഴിഞ്ഞുവന്ന ക്ഷീണത്തില്‍ മിക്കവരും ഉറക്കംപിടിച്ചിരുന്നു. ഉറക്കെ കരയാനാകുംമുമ്പുതന്നെ അവര്‍ മണ്ണില്‍ പൂണ്ടുപോയി.

വാര്‍ത്താവിനിമയ സംവിധാനങ്ങളുടെ കുറവുകാരണം 10 മണിക്കൂറിന് ശേഷമാണ് ദുരന്തം പുറംലോകം അറിഞ്ഞത്. അതായത് പിറ്റേ ദിവസം. പിന്നെ കണ്ടത് സംസ്ഥാനം കണ്ടതില്‍വെച്ച് ഏറ്റവും ശ്രമകരമായ രക്ഷാപ്രവര്‍ത്തനമായിരുന്നു.

PETTIMUDI
പെട്ടിമുടി ദുരന്തത്തില്‍ മരിച്ചവരെ അടക്കിയ സ്ഥലം (ഫയല്‍ ചിത്രം)| ഫോട്ടോ: ഷഹീര്‍ സി.എച്ച്

133 മണിക്കൂര്‍ തിരച്ചില്‍,കാണാമറയത്ത് നാലുപേര്‍

ദുരന്തനിവാരണസേനയും വിവിധ വകുപ്പുകളുമാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. അഞ്ഞൂറിലധികം പേര്‍ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങി. കോവിഡ് കൊടുംപിരികൊണ്ട് നില്‍ക്കുന്ന സമയം. ആരും അതിനെ വകവെച്ചില്ല. പേടിച്ചില്ല. പ്രതീക്ഷയോടെ തിരച്ചില്‍ തുടങ്ങി.

19 ദിവസം നീണ്ടുനിന്ന തിരച്ചില്‍. ഓരോ ദിവസവും ഹൃദയഭേദകമായിരുന്നു കാഴ്ചകള്‍. അച്ഛനും അമ്മയ്ക്കുമൊപ്പം കെട്ടിപ്പിടിച്ചുകിടക്കുന്ന രീതിയില്‍ കുഞ്ഞുങ്ങളുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തപ്പോള്‍ നാട് കണ്ണീരണിഞ്ഞു. ഉറ്റവരെ ഒരു നോക്കുകാണാന്‍ ദുരന്തഭൂവിലെത്തിയ ബന്ധുക്കളുടെ അലമുറകള്‍.

ദുരന്തഭൂമിയിലും സമീപത്തുകൂടി ഒഴുകുന്ന പെട്ടിമുടിപുഴ, ഗ്രാവല്‍ ബാങ്ക്, ഉരുള്‍പൊട്ടി ഒഴുകിയഭാഗത്തെ വനപ്രദേശങ്ങള്‍ എന്നിവിടങ്ങളിലായിരുന്നു കാണാതായവര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ നടന്നത്. തിരച്ചിലില്‍ 14 കിലോമീറ്റര്‍ ദൂരത്തുനിന്നുവരെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. കനത്ത മഴയെയും മുടല്‍മഞ്ഞും കൊടുംതണുപ്പും അട്ടകടിയും രക്ഷാപ്രവര്‍ത്തനത്തിന് വലിയ വെല്ലുവിളിയാണുയര്‍ത്തിയത്.

രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുക്കുന്ന മൃതദേഹങ്ങള്‍ ദുരന്തഭൂമിയില്‍നിന്ന് നാലുകിലോമീറ്റര്‍ ദൂരത്തുള്ള രാജമലയ്ക്കുസമീപമുള്ള എസ്റ്റേറ്റ് ആശുപത്രിയിലായിരുന്നു പരിശോധനകള്‍ നടത്തിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ നേതൃത്വത്തിലായിരുന്നു പരിശോധനകള്‍. അവസാനം നാലുപേരെ ഒഴികെ ബാക്കി 66 പേരെ കണ്ടെത്തി. പരമാവധി ശ്രമിച്ചിട്ടും ആ നാലുപേര്‍ കാണാമറയത്തുതന്നെ നിന്നു. ഇവരെ മരിച്ചതായി കണക്കാക്കി സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങി.

പോലീസ്, എന്‍.ഡി.ആര്‍.എഫ്., അഗ്‌നിരക്ഷാസേന, പഞ്ചായത്ത്, വിവിധ സന്നദ്ധ സംഘടനകള്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനങള്‍ക്ക് നേതൃത്വം നല്‍കി.

അവരുടെ ഓര്‍മയ്ക്കായി

ദുരന്തത്തില്‍ മരിച്ചവരെ സമീപത്തെ മൈതാനത്താണ് സംസ്‌കരിച്ചത്. 66 പേരും ഉറങ്ങുന്നത് ഒരുസ്ഥലത്ത്. ഇവിടെ കണ്ണന്‍ ദേവന്‍ കമ്പനിയുടെ നേതൃത്വത്തില്‍ ഓരോരുത്തര്‍ക്കും പ്രത്യേകമായി കല്ലറകള്‍ നിര്‍മിച്ചിട്ടുണ്ട്. സ്ലാബുകള്‍ക്കുമുകളില്‍ ഓരോരുത്തരുടെയും പേരുകളും വിവരങ്ങളും ഇതിനോടകം കൊത്തിവെച്ചുകഴിഞ്ഞു. കണ്ണന്‍ദേവന്‍ കമ്പനിയുടെ നേതൃത്വത്തില്‍ സമീപത്തായി ദുരന്തത്തില്‍ മരിച്ചവര്‍ക്കായി പ്രത്യേക സ്മാരകവും നിര്‍മിക്കുന്നുണ്ട്. ഒന്നാംവാര്‍ഷികത്തില്‍ സ്മാരകം അനാച്ഛാദനം ചെയ്യും.

ആരുമില്ല ഇവിടെ

ദുരന്തഭൂമി ഇന്ന് വിജനമായ സ്ഥലമാണ്. ദുരന്തത്തില്‍പ്പെട്ട ലയങ്ങള്‍ ഇരുന്ന സ്ഥലങ്ങളില്‍ കാടുപിടിച്ചുതുടങ്ങി.

സമീപത്തെ ലയങ്ങളില്‍ താമസിച്ചിരുന്ന തൊഴിലാളികളെ കണ്ണന്‍ദേവന്‍ കമ്പനിയുടെ മറ്റ് എസ്റ്റേറ്റുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ച് അവിടെത്തന്നെ ജോലി നല്‍കി. രാജമല ഡിവിഷനില്‍നിന്നുള്ള തൊഴിലാളികളെ വാഹനത്തിലെത്തിച്ചാണ് പെട്ടിമുടിയിലെ കൊളുന്ത് എടുക്കുന്നത്.