ണ്‍മുഖനാഥനെ കാണാനാണ് മൂന്നാറിലെ എം.ജി കോളനിയിലെ വീട്ടിലേക്ക് പോയത്. പെട്ടിമുടി ഉരുള്‍പൊട്ടലില്‍ രണ്ടുമക്കളെ നഷ്ടപ്പെട്ടയാളാണ് ഷണ്‍മുഖനാഥന്‍. ഒരാളുടെ മൃതദേഹം കിട്ടി. മറ്റൊരാള്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ ആറുമാസത്തോളം തുടര്‍ന്നിട്ടും എങ്ങും എത്താതെ നിറുത്തേണ്ടിവന്നു. മൂന്നാര്‍ നഗരവും പിന്നിട്ട് ഒറ്റയടി പാതകള്‍ താണ്ടി എം.ജി കോളനിയിലെ കുഞ്ഞുവീടിന്റെ പുറത്ത് ഷണ്‍മുഖനാഥന്‍ കാത്തുനില്‍പ്പുണ്ടായിരുന്നു.. ഒരുവര്‍ഷം മുമ്പുള്ള ഷണ്‍മുഖനാഥന്‍ ഇതല്ലായിരുന്നു.  ഭാവഭേതമൊന്നുമില്ലാതെ സങ്കടക്കടല്‍ ഉള്ളിലൊതുക്കി മക്കളുടെ മൃതദേഹം തിരയാന്‍ പെട്ടിമുടിയിലെ ദുരന്ത ഭൂമിയില്‍ ജെസിബിക്ക് വഴി കാണിച്ചുകൊടുക്കുന്ന ഷണ്‍മുഖനാഥന്‍  നെഞ്ചുപൊള്ളിക്കുന്ന കാഴ്ചയായിരുന്നു .. ഇന്ന് കണ്ട ഷണ്‍മുഖനാഥന്റെ കണ്ണില്‍ സങ്കടക്കടല്‍..ഇടയ്‌ക്കെല്ലാം അവ തുളുമ്പി.

Pettimudi Landslide
ഷണ്‍മുഖനാഥന്‍, മഞ്ജുള | ഫോട്ടോ: ഷഹീര്‍ സിഎച്ച്

എം.ജി കോളനിയിലെ വീട്ടില്‍ വെച്ച് ഷണ്‍മുഖനാഥന്‍ മക്കളെക്കുറിച്ച് പറഞ്ഞുതുടങ്ങിയതും അകത്തെവിടയൊ നിന്ന് ഒരു തേങ്ങലുയര്‍ന്നു. മക്കള്‍ക്കുവേണ്ടിയുള്ള അലച്ചിലിന്റെ കഥകള്‍ ഓരോന്നായി ഓര്‍ത്തെടുത്തപ്പോള്‍ അകത്തുനിന്നു കേട്ട തേങ്ങല്‍ ഉറക്കെയായി. 2020 ഓഗസ്റ്റ് ആറ് രാത്രിമുതല്‍ കരഞ്ഞുതുടങ്ങിയതാണ് മഞ്ജുള. ഷണ്‍മുഖനാഥിന്റെ ഭാര്യ, അന്നാണ് നെന്തു പ്രസവിച്ച രണ്ടുമക്കളും പെട്ടിമുടിയിലെ ഉരുള്‍പൊട്ടലിനൊപ്പം കാണാമറയത്തേക്ക് പോയത്. മൂന്നാര്‍ എം.ജി കോളനിയിലെ വീട്ടില്‍ അന്ന് മുതല്‍ ഇനിയും തിരികെ വരില്ലെന്നുറപ്പുള്ള മക്കള കാണാന്‍ കൊതിച്ച്  ഈ അമ്മയുടെ കണ്ണ് പിടയ്ക്കുന്നുണ്ട്.  

shanmuganathan
മഞ്ജുള | ഫോട്ടോ: ഷഹീര്‍ സിഎച്ച് 

ഈ വീട്ടിലെ ചുവരിലെവിടെയും മക്കളുടെ ഒരൊറ്റ ചിത്രം പോലുമില്ല.. മഞ്ജുളയ്ക്ക് കാണാന്‍ കരുത്തില്ലാത്തതിനാല്‍ അവ ചുവരില്‍ നിന്ന് എടുത്തുമാറ്റി.

മഞ്ജുളയുടെയും ഷണ്‍മുഖനാഥന്റെയും  മക്കളായ ദിനേഷ് കുമാര്‍, നിതീഷ് കുമാര്‍ എന്നിവരാണ് പെട്ടിമുടിയിലെ ഉരുള്‍പൊട്ടലില്‍ മരിച്ചുപോയത്.
ബന്ധുക്കളുടെ മക്കളുടെ പിറന്നാള്‍ ആഘോഷത്തിന് പോയ മക്കള്‍ പിന്നീട് തിരികെ വന്നില്ല. മജ്ഞുളയോട് യാത്ര പോലും പറയാതെയായിരുന്നു ആ പോക്ക്. അമ്മയോട് പറഞ്ഞാല്‍ വിടില്ലെന്നു കരുതി പറഞ്ഞതേയില്ല. പിറന്നാള്‍ ആഘോഷത്തിലേക്ക് ബന്ധുക്കള്‍ ക്ഷണിച്ചിട്ടും മഞ്ജുള പോയിരുന്നില്ല.. പോയിരുന്നെങ്കില്‍ മരണത്തില്‍ പോലും മക്കള്‍ തനിച്ചാകില്ലായിരുന്നുവല്ലോയെന്ന് മഞ്ജുള തേങ്ങി. 

മൂത്തമകന്‍ ദിനേശ് അമ്മയെ പിരിഞ്ഞ് ഇരിക്കാറെയില്ല. എവിടെ പോയാലും പെട്ടെന്ന് തിരികെ വരും. കലാഭവന്‍ മണിയുടെ പാട്ടുകളായിരുന്നു ദിനേശിന് ഏറെയിഷ്ടം. ദിനേശ് നന്നായി ചിത്രം വരയ്ക്കുമായിരുന്നു. പണ്ടൊരിക്കല്‍ ദിനേശ് നിര്‍മ്മിച്ച ഗണപതിയുടെ ശില്‍പ്പം അമ്മ പൊന്നുപോലെ കാത്തുസൂക്ഷിച്ചിട്ടുണ്ട്. 

ഇളയമകന്‍ നിതീഷിന് വണ്ടികളോടായിരുന്നു കൂട്ട്. അന്ന് പെട്ടിമുടിയിലേക്ക് അവസാന യാത്ര പോയതും അച്ഛന്‍ വാങ്ങി നല്‍കിയ പുതിയ ബുള്ളറ്റിലാണ്. 

അനിയത്തിക്കുട്ടി വൈഷ്ണവിയ്ക്കും ഏട്ടന്‍മാരുടെ വിയോഗം ഇതുവരെ ഉള്‍കൊള്ളാനായിട്ടില്ല. സ്‌നേഹിച്ചും വഴക്കിട്ടും അണ്ണന്‍മാരുടെ  പാപ്പ ആയി ജീവിച്ച അവള്‍  ഇന്ന് അച്ഛന്റെയും അമ്മയുടെയും തേങ്ങലുകള്‍ക്ക് മൂകസാക്ഷിയാണ്.  അണ്ണന്‍മാരുടെ വിയോഗം ഏല്‍പ്പിച്ച സങ്കടക്കടലിലും മനസുപതറാതെ പഠിച്ച് അവള്‍ പ്ലസ്ടുവിന് മികച്ച വിജയം സ്വന്തമാക്കിയിട്ടുണ്ട്. അണ്ണന്‍മാരുടെ കുറവ് അറിയിക്കാതെ അച്ഛനെയും അമ്മയെയും നോക്കണമെന്നാണ് നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വൈഷ്ണവിയുടെ സ്വപ്‌നം..

എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകാമായിരുന്നല്ലോ എന്തിന് മൂന്ന് പേരെ മാത്രം ബാക്കിയാക്കി എന്ന് ദൈവങ്ങളോട് ആ അമ്മ പരിഭവിക്കുന്നത് കേട്ടാണ് എം.ജി കോളനിയില്‍ നിന്ന് മടങ്ങിയത് 

Content Highlight: Pettimudi landslide Manjula