നാളെയെ സ്വപ്‌നം കാണാന്‍  പ്രതീക്ഷകള്‍ ഒന്നുമില്ലാത്ത രണ്ടുപേരാണിവര്‍. ജീവന്‍ ഉള്ളതുകൊണ്ടുമാത്രം ജീവിച്ചുപോകുന്നവര്‍, കറുപ്പായിയും മകള്‍ സീതാലക്ഷ്മിയും.കറുപ്പായിയുടെ ഭര്‍ത്താവും സഹോദരിയും രണ്ട് പെണ്‍മക്കളും മരുമക്കളും പേരക്കുട്ടികളും ഉള്‍പ്പെടെ 13 പേരെയാണ് കുരിശുമല പൊട്ടിവന്ന ഉരുള്‍  തട്ടിയെടുത്തത്. അവശേഷിച്ചത് മകള്‍ സീതാലക്ഷ്മി മാത്രം.  സീതാലക്ഷ്മിക്ക് ജീവിതത്തില്‍ തിരികെ കിട്ടിയത് കറുപ്പായിയെ മാത്രം. പെട്ടിമുടി ഉരുള്‍ പൊട്ടല്‍ നടന്നിട്ട് ഓഗസ്റ്റ് ആറിന് ഒരു വര്‍ഷം തികയുന്നു. 70 പേരുടെ ഉയിരെടുത്ത പ്രകൃതി ദുരന്തത്തില്‍ ബാക്കിയായ രണ്ടുപേരാണ് കറുപ്പായിയും മകള്‍ സീതാലക്ഷ്മിയും..

കറുപ്പായിയുടെ പേരക്കുട്ടികളായ പ്രിയദര്‍ശിനിയെയും കസ്തൂരിയെയും ഇനിയും കണ്ടെത്തിയിട്ടില്ല. വിങ്ങിക്കരഞ്ഞുകൊണ്ടല്ലാതെ കറുപ്പായിക്ക് മഴ നിര്‍ത്താതെ പെയ്ത ആ രാത്രിയെക്കുറിച്ച് ഓര്‍ത്തെടുക്കാനാകുന്നില്ല. നൂല്‍മഴമാത്രം ശീലിച്ച  പെട്ടിമുടിയിലെ തേയില തോട്ടങ്ങള്‍ക്ക് മുകളില്‍ അന്ന് പെയ്തത് തുള്ളിക്കൊരു കുടം കണക്കെ പേമാരിയാണ്. കരണ്ടും ഫോണും ടവറും ഒന്നുമില്ലാതെ ദുരന്തരാത്രിക്ക് മുമ്പേ ഒറ്റപ്പെട്ടുപോയിരുന്നു പെട്ടിമുടി.

അയല്‍വാസിയായ കസ്തൂരി രാജ  ലയങ്ങള്‍ക്ക് താഴെ കൂടി ഒഴുകുന്ന പുഴയിലെ വെള്ളം പൊങ്ങുന്നുവെന്നും എല്ലാവരെയും കൂട്ടി മുകളിലേക്ക് വരണമെന്നും വിളിച്ചുപറയുന്നത് കേട്ടാണ് കറുപ്പായി അമ്മ പുറത്തേക്ക് വന്നത്. വീടിന്റെ അടുക്കള ഭാഗത്ത് പോയി പുഴയില്‍ വെള്ളം പൊങ്ങുന്നത് നോക്കി നിന്ന കറുപ്പായിക്ക് മുന്നില്‍ ജീവിതം ഇടിഞ്ഞുപൊളിഞ്ഞുവീണു.. അഞ്ച് നിമിഷം കൊണ്ട് ഒരമ്മയും മകളും ജീവിതത്തില്‍ തനിച്ചായി. 

പുഴവെള്ളം നോക്കി നിന്ന കറുപ്പായിക്ക് ഹെലികോപ്റ്റര്‍ ശബ്ദം പോലെ എന്തോ ഒന്ന് കേട്ടത് മാത്രം ഓര്‍മ്മയുണ്ട്. കറുപ്പായി നിന്ന ഇടമൊഴികെ കണ്‍മുന്നില്‍ എല്ലാം ഇടിഞ്ഞുപൊളിഞ്ഞു വീണു. കൂരിട്ടില്‍ എങ്ങനയൊ തപ്പിത്തടഞ്ഞ് മുകളിലേക്ക് വന്ന്  ലയത്തെ രക്ഷിക്കണേ എന്ന് കരഞ്ഞു നിലവിളിച്ചു. അഞ്ചുമണിവരെ മരുമകന് ജീവനുണ്ടായിരുന്നു. സംസാരിക്കുന്നത് കറുപ്പായി കേട്ടതാണ്. നേരം പുലരും വരെ കറുപ്പായി ലയത്തെ രക്ഷിക്കാന്‍ ആര്‍ത്തലച്ചു,  കരഞ്ഞുനിലവിളിച്ചു.. പക്ഷേ പെട്ടിമുടിയിലെ ദുരന്തം പുറം ലോകം അറിയാന്‍ പിന്നെയും മണിക്കൂറുകളെടുത്തു.

മണ്ണിലാഴ്ന്ന ഓരോരുത്തരെയായി പുറത്തെടുക്കുന്നതുവരെ കറുപ്പായി പെട്ടിമുടിയില്‍ തന്നെ കാത്തുനിന്നു.  പേരകുട്ടികളെ കാണമെന്ന് പറഞ്ഞു കരഞ്ഞു നിലവിളിച്ച കറുപ്പായിക്കുമുന്നില്‍ എത്തിയത് ചേറില്‍ പുതഞ്ഞ അവരുടെ മൃതദേഹങ്ങളാണ്. ഒരിക്കലും കാണാന്‍ പാടിലാത്ത കാഴ്ചയാണ് കണ്ടതെന്ന്  പറഞ്ഞ് കറുപ്പായി വിങ്ങിക്കരഞ്ഞു.. ആറുപേരക്കുട്ടികള്‍ ഉണ്ടായിരുന്നു. ആറുപേരും പോയി ഇനിയും രണ്ട് പേരെ കണ്ടെത്തിയിട്ടില്ല.  രണ്ട് പേര്‍ ഇരട്ടകളായിരുന്നു.. ഇരട്ടകുട്ടികളെ വളര്‍ത്തിയെടുക്കുന്ന കഷ്ടപ്പാടറിയുമോ.. എല്ലാരെയും വളര്‍ത്തികൊണ്ടുവന്നു.. ഒടുവില്‍ എല്ലാരും പോയി. 

ദുരന്തത്തില്‍ ബാക്കിയായ മകള്‍ സീതാലക്ഷ്മിക്ക് ഒപ്പമാണ് കറുപ്പായിയുടെ താമസം. സീതാലക്ഷ്മിക്ക് ഭര്‍ത്താവിനെയും കുട്ടികളെയും നഷ്ടപ്പെട്ടു. ഇന്നും ദുരന്തം ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്ന് അവര്‍ പുറത്തുവന്നിട്ടില്ല.  ഗുരുതരമായി പരിക്കേറ്റ സീതാലക്ഷ്മിയെ കോലഞ്ചേരി മെഡിക്കല്‍ കോളേജിലും അമൃത ആശുപത്രയിലുമായി ചികിത്സ നടത്തി. ഇപ്പോള്‍ വാക്കറില്‍ പിടിച്ചു നടക്കാനായി സീതാലക്ഷ്മിക്ക്. കണ്ണന്‍ ദേവന്‍ കമ്പനിയാണ് ചികിത്സയ്ക്കുള്ള ചിലവുകള്‍ വഹിക്കുന്നത്. 

സര്‍ക്കാര്‍ നല്‍കിയ കുറ്റിയാര്‍ വാലിയിലെ ഭൂമിയില്‍ കണ്ണന്‍ ദേവന്‍ സീതാലക്ഷ്മിക്കും കറുപ്പായിക്കും വേറെ വേറെ വീടുകള്‍ വെച്ചുനല്‍കിയിട്ടുണ്ട്. നിലവില്‍ കണ്ണന്‍ ദേവന്റെ രാജമല എസ്റ്റേറ്റിലാണ് കറുപ്പായി ജോലി ചെയ്യുന്നത്. താമസവും രാജമലയിലെ ലയത്തില്‍ തന്നെ. മകളുടെ ചികിത്സ കമ്പനി നടത്തുന്നുണ്ടെങ്കിലും ദൈന്യം ദിന ചിലവുകള്‍ക്കായി കറുപ്പായി കൊളുന്തുനുള്ളാന്‍ പോകണം. പ്രാണന്‍ ബാക്കിയായി എന്ന ഒറ്റക്കാരണം കൊണ്ട് മാത്രം കറുപ്പായിയും സീതാലക്ഷമിയും ജീവിച്ചിരിക്കുന്നു.. 

Content Highlight: Pettimudi landslide Karuppayi and Seetha Lakshmi