പെട്ടിമുടിയില്‍ മണ്ണിലാഴ്ന്ന മൃതദേഹങ്ങള്‍ പുറത്തെടുക്കുന്ന മൂന്നാര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഒരു അപൂര്‍വ കാഴ്ചയായിരുന്നു. ഒരു ജനപ്രതിനിധി പോലുമല്ലാതിരുന്നിട്ടും ചെളിയിലേക്കിറങ്ങി മണ്ണിലലിയും മുമ്പ് ആ മൃതദേഹങ്ങളെങ്കിലും വീണ്ടെടുത്ത് ബന്ധുക്കള്‍ക്ക് നല്‍കാന്‍ രാവും പകലും പെട്ടിമുടിയില്‍ തങ്ങി. മാറി നിന്ന് ഉത്തരവിടുന്നതിന് പകരം രക്ഷാപ്രവര്‍ത്തകരില്‍ ഒരാളായി മാറിയതെങ്ങനെ എന്ന ചോദ്യത്തിന് മൂന്നാര്‍ പഞ്ചായത്ത് സെക്രട്ടറി അജിത്ത് കുമാറിന് വ്യക്തമായ ഉത്തരവുണ്ട്. പെട്ടി മുടിക്കാരോടുള്ള ആത്മബന്ധം.

ദുരന്തത്തിന് ഒരുവര്‍ഷം പൂര്‍ത്തിയാകുമ്പോഴും ഇന്നും ഉറക്കം കെടുത്തുന്ന  ആ നാളുകളെക്കുറിച്ച് അജിത്ത് കുമാറിന് മറക്കാനാകുന്നില്ല. 

മൂന്ന് ദിവസം തുടര്‍ച്ചയായി മഴ പെയ്തതിനാല്‍ ടെലഫോണ്‍ ബന്ധമോ വൈദ്യുതിയോ ഒന്നും പെട്ടിമുടിയില്‍ ഉണ്ടായിരുന്നില്ല. അതിനാല്‍ തന്നെ രാവിലെയാണ് സംഭവം അറിയുന്നത്. രക്ഷാപ്രവര്‍ത്തനം തുടങ്ങാന്‍ ഏറെ വൈകി. 

മൂന്നാറിനെയും രാജമലയെയും ബന്ധിപ്പിക്കുന്ന പ്രധാന പാലം തകര്‍ന്നു. റോഡുകള്‍ ഒലിച്ചുപോയി. ദുര്‍ഘടമായ പാതകള്‍ താണ്ടിയാണ് ഹിറ്റാച്ചിയും ജെസിബിയും രാജമല കയറിയത്. ഒരു ജെസിബി രാജമല കയറുന്നത് അന്നാദ്യമായിട്ടായിരുന്നു. ഗതാഗതം പൂര്‍ണമായും  പുനഃസ്ഥാപിക്കുമ്പോഴേക്കും ഉച്ച കഴിഞ്ഞിരുന്നു. 28 ദിവസത്തോളം തുടര്‍ച്ചയായി രക്ഷാപ്രവര്‍ത്തനം നടത്തി. 

കുരിശുമല തകര്‍ത്തിട്ടും കലിയടങ്ങാതെ വീണ്ടും പെയ്തുകൊണ്ടിരുന്ന മഴ  രക്ഷാപ്രവര്‍ത്തനത്തെ മന്ദഗതിയിലാക്കി. തണുത്തുറഞ്ഞ വെള്ളത്തില്‍ മുങ്ങിയാണ് പല മൃതദേഹങ്ങളും വീണ്ടെടുത്തത്. ഓരോ മൃതദേഹവും വീണ്ടെടുക്കുമ്പോള്‍ ഉണ്ടാകുന്ന മാനസികാവസ്ഥ  ആരെയും പറഞ്ഞറിയിക്കാനാകില്ലെന്ന് അജിത്ത് കുമാര്‍ പറയുന്നു.  തൊട്ടു തലേന്ന് വരെ കണ്ട മനുഷ്യരെയാണ് മൃതേദഹമായി പുറത്തെടുത്തത്. 

വീണ്ടും ഒരു മലയിടിച്ചില്‍ ഉണ്ടാകുമോയെന്ന ഭയത്താല്‍ രാത്രിയില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്നില്ല. രാവിലെ  8 മണിക്ക് തുടങ്ങി വൈകിട്ട് നാല് മണിക്ക് അവസാനിപ്പിക്കുന്ന രീതിയിലാണ് രക്ഷാപ്രവര്‍ത്തനം ക്രമീകരിച്ചിരുന്നത്.  രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയവരുടെ മുഖത്തുവരെ അട്ട കടിച്ചിരുന്നു. മൃതദേഹത്തിന് സമീപത്തുവെച്ചുവരെ ഭക്ഷണം കഴിക്കേണ്ട അവസ്ഥ പോലും ഉണ്ടായിട്ടുണ്ട്. 

തോട്ടം തൊഴിലാളികള്‍ക്ക് ഒരു പ്രത്യേകതയുണ്ടായിരുന്നു. ഒരു ദിവസം അവരോട് സംസാരിച്ചാല്‍ പിറ്റേന്ന് മുതല്‍ നമ്മള്‍ അവരുടെ സുഹൃത്തായി മാറും. അവര്‍ തമ്മിലും ആ അടുപ്പം നിലനിന്നിരുന്നു. അയല്‍വാസിയുടെ മോതിരം കണ്ടാല്‍പോലും തിരിച്ചറിയുന്നവരായിരുന്നു പെട്ടിമുടിക്കാര്‍. മൃതദേങ്ങള്‍ തിരിച്ചറിഞ്ഞതും അങ്ങനെയാണ്.

ഞാന്‍ ഉള്‍പ്പെടെ ഉദ്യോഗസ്ഥരെല്ലാം  രക്ഷാപ്രവര്‍ത്തനത്തിന് നേരിട്ടിറങ്ങി. ആരും നോക്കിനിന്നില്ല, അങ്ങനെ നോക്കിനില്‍ക്കാന്‍ ആകുമായിരുന്നില്ല. കാരണം ഒരിക്കലും ദുരന്തം സംഭവിക്കില്ലെന്ന്  കരുതിയിരുന്ന പ്രദേശമാണ് പെട്ടിമുടിയെന്ന് അജിത്ത് കുമാര്‍ പറയുന്നു. അത്രയും സന്തോഷത്തോടെയാണ് ആ ആളുകള്‍ അവിടെ  ജീവിച്ചത്. ഇനിയും കണ്ടെടുക്കാനാകാത്ത നാലുപേര്‍ തീരാനോവാണ് അജിത്ത്കുമാറിന്‌. 

Content Highlight: Munnar panchayat secretary Ajith Kumar