ന്നത്തെ ദിവസത്തെക്കുറിച്ച് ആലോചിക്കുമ്പോള്‍ 20 വയസ്സുകാരി കവിതയ്ക്ക് ഇപ്പോഴും ഉള്ളുപിടയ്ക്കും..താന്‍ ജനിച്ച് വളര്‍ന്ന പെട്ടിമുടിയില്‍ ഉരുള്‍പൊട്ടിയെന്ന വിവരം മാത്രമാണ് ആദ്യം അറിഞ്ഞത്. തമിഴ്‌നാട്ടില്‍ ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുകയായിരുന്നു അന്ന് കവിത. കോവിഡ് കാരണം തമിഴ്നാട്ടിലെ ബന്ധുവിന്റെ വീട്ടിലായിരുന്നു താമസം.

രാത്രി ഉറങ്ങാന്‍ ഒരുങ്ങുന്നതിനിടെയാണ് പെട്ടിമുടിയില്‍ ഉരുള്‍പൊട്ടിയെന്ന വാര്‍ത്ത ആരോ വിളിച്ചുപറഞ്ഞത്. അടുത്ത ദിവസം വീട്ടിലേക്ക് വന്ന് അച്ഛനേയും അമ്മയേയും കാണാനായി കാത്തിരുന്ന അവള്‍ കേട്ടത് ഉറ്റവര്‍ ജീവനോടെയില്ലെന്ന ദുരന്തവാര്‍ത്തയാണ്.

എല്ലാം പോയി. അച്ഛനും അമ്മയും എല്ലാവരും മരിച്ചു. ഒരു രാത്രി കൊണ്ട് സകലതും നശിച്ചതറിഞ്ഞ കവിത മോഹാലസ്യപ്പെട്ട് കുഴഞ്ഞുവീണു. എന്നാല്‍ അടുത്ത മണിക്കൂറുകളില്‍ പെട്ടിമുടിയില്‍ നിന്ന് ചിറ്റപ്പന്‍ ഫോണ്‍ ചെയ്ത് അച്ഛനും അമ്മയും ജീവനോടെ ഉണ്ടെന്നും പരിക്കേറ്റ അവരെ ആശുപത്രിയിലേക്ക് മാറ്റിയെന്നും കവിതയെ അറിയിച്ചു. സര്‍വവും നഷ്ടപ്പെട്ട വേദനയില്‍ നിന്നിരുന്ന അവള്‍ക്ക് ആശ്വാസമായിരുന്നു ആ വിവരം.

25 വര്‍ഷമായി പെട്ടിമുടി ഡിവിഷനില്‍ തോട്ടം തൊഴിലാളികള്‍ക്ക് വേണ്ടി ക്യാന്റീന്‍ നടത്തുകയായിരുന്ന മുരുകേശും ഭാര്യയും. ദുരന്തത്തില്‍നിന്ന് തലനാരിഴയ്ക്കാണ് കവിതയുടെ അച്ഛനും അമ്മയും സഹോദരനും രക്ഷപ്പെട്ടത്. ഉരുള്‍പൊട്ടലില്‍ വീട് പൂര്‍ണമായും തകര്‍ന്ന് ഉറങ്ങിക്കൊണ്ടിരുന്ന ഇവരുടെ മേലേക്ക് പതിക്കുകയായിരുന്നു. തകരുന്നതിനിടെ അലമാരയ്ക്കിടയില്‍ അകപ്പെട്ടതുകൊണ്ട് മാത്രമാണ് മുരുകേശനും ഭാര്യയും രക്ഷപ്പെട്ടത്.

എന്നാല്‍ മറ്റൊരു മുറിയില്‍ ഉറങ്ങിക്കൊണ്ടിരുന്ന കവിതയുടെ സഹോദരന്‍ ഗണേഷിന്റെ മേലേക്ക് പാറക്കഷ്ണങ്ങള്‍ പതിച്ചു. ഏറെ നേരം പ്രയാസപ്പെട്ട് അത് നീക്കിയാണ് ഗണേഷ് രക്ഷപ്പെട്ടത്, വീടിന്റെ തകരഷീറ്റ് പൊളിച്ച് മൂവരും പുറത്തേക്ക് നുഴഞ്ഞെത്തുകയായിരുന്നു. രക്ഷപ്പെട്ട് പുറത്തെത്തിയ നോക്കിയപ്പോഴാണ് സ്വന്തം പെട്ടിമുടിയും അവിടെയുള്ള മനുഷ്യരും ചെളിയിലകപ്പെട്ട് ഇല്ലാതായെന്ന് മനസ്സിലായത്. അപകടത്തില്‍നിന്ന് രക്ഷപ്പെട്ട 12 പേരില്‍ മൂന്ന് പേര്‍ ഇവരാണ്.

murukesh pettimudi
ഗണേഷ്, മുരുകേശ്,മുരുകേശ്വരി

ദുരന്തം നടന്ന് ഒരു വര്‍ഷം പിന്നിടുമ്പോഴും ഇവര്‍ അതിന്റെ ഞെട്ടലില്‍ നിന്ന് മുക്തി നേടിയിട്ടില്ല. വീടും വാഹനവും തുടങ്ങി ഒരായുസ്സിന്റെ സമ്പാദ്യം മുഴുവന്‍ അപകടത്തില്‍ നഷ്ടപ്പെട്ടു. ഉടുതുണി പോലും മലവെള്ളപ്പാച്ചില്‍ കവര്‍ന്നെടുത്തു. അപകടത്തിന് ശേഷം കണ്ണന്‍ ദേവന്‍ കമ്പനി നല്‍കിയ ലയത്തിലാണ് ഇപ്പോള്‍ താമസിക്കുന്നത്. രാജമല ഡിവിഷനിലെ തന്നെ മറ്റൊരു ഭാഗത്താണ് ഈ ലയം. പെട്ടിമല പുനരധിവാസത്തിന്റെ ഭാഗമായി കണ്ണന്‍ ദേവന്‍ നിര്‍മിച്ചുകൊടുത്ത വീട് കുറ്റിയാര്‍വാലിയിലുണ്ട്. എന്നാല്‍ നാല്‍പ്പതോളം കിലോ മീറ്ററുകള്‍ക്കപ്പുറമുള്ള ഈ വീട്ടില്‍ താമസിച്ച് പെട്ടിമുടിയില്‍ ജോലിക്ക് വന്നുപോവുന്നത് പ്രയാസമായതിനാല്‍ ലയത്തില്‍ തന്നെയാണ് താമസം.

ദുരന്തത്തിന്റെ ഞെട്ടലോടെയാണ് തമിഴ്നാട്ടിലായിരുന്ന കവിത ബിരുദ പഠനം പൂര്‍ത്തിയാക്കിയത്. ബി.എ. ഇംഗ്ലീഷില്‍ 80 ശതമാനം മാര്‍ക്ക് നേടിയ കവിത തുടര്‍പഠനത്തിനായി തയ്യാറെടുക്കുകയാണ്. എം.എ. നേടണം. സിവില്‍ സര്‍വീസാണ് കവിതയുടെ സ്വപ്നം. എന്നാല്‍, മകളുടെ ഉന്നത പഠന മോഹങ്ങള്‍ക്ക് കുട പിടിക്കാന്‍ മുരുകേശിനാവുന്നില്ല. ജീപ്പോടിച്ച് ലഭിക്കുന്ന തുച്ഛമായ വരുമാനം മാത്രമാണ് നിത്യചെലവുകള്‍ക്ക് ആശ്രയം. ബി.ബി.എ. പഠനം പൂര്‍ത്തിയാക്കിയ കവിതയുടെ സഹോദരന് എം.ബി.എയ്ക്ക് പോകണമെന്നാണ് ആഗ്രഹം. എന്നാല്‍, വലിയ ഫീസ് കൊടുത്ത് മക്കളെ പഠനസ്വപ്നങ്ങളുമായി ചേര്‍ത്തുവെയ്ക്കാന്‍ ആ അച്ഛനും അമ്മയ്ക്കുമാവുന്നില്ല.

ദുരന്തം നടന്ന് ഒരു വര്‍ഷം പിന്നിടുമ്പോള്‍ പെട്ടിമുടിക്ക് സമീപത്തെ മറ്റൊരു ലയത്തിലിരുന്ന് ഇവര്‍ അന്നത്തെ രാത്രിയെ ഓര്‍ത്തെടുക്കുകയാണ്. കവിതയുടെ സിവില്‍ സര്‍വീസ് പഠനം, ഗണേഷിനൊരു ജോലി. ദുഃസ്വപ്നമില്ലാത്തൊരു രാത്രി... ഭാവി സ്വപ്നങ്ങളില്‍ മുരുകേശിനും കുടുംബത്തിനും മറ്റൊന്നുമില്ല.

Content Highlights: Kavitha, Civil service aspirant from Pettimudi Landslide