നിങ്ങൾ കാണേണ്ട, അനുഭവിക്കേണ്ട ചിലയിടങ്ങളുണ്ട് കേരളത്തിൽ. എന്നാൽ നമ്മുടെ സ്ഥിരം സഞ്ചാരപ്പട്ടികകളിലൊന്നും ഈയിടങ്ങൾ ഉണ്ടാകാറില്ല. എറണാകുളം ജില്ലയിലെ അത്തരം മൂന്നിടങ്ങൾ പരിചയപ്പെടാം. ഈ മൂന്നിടങ്ങളും വാ​ഗ്ദാനം ചെയ്യുന്നത് പക്ഷികളുമായി ബന്ധപ്പെട്ട കാഴ്ചകളാണ്. 

1. എച്ച്.എം.ടി ഫോറസ്റ്റ്

കൊച്ചി ന​ഗരത്തിൽ നിന്ന് ഏതാണ്ട് 20 കിലോ മീറ്റർ ദൂരമുണ്ട് ഇവിടേക്ക്. കളമശ്ശേരി മേഖലയിലാണ് എച്ച്.എം.ടി ഭൂമി പ്രകൃതിയുടെ സൗന്ദര്യമൊരുക്കുന്നത്. 1950- കളിലാണ് 300 ഏക്കറോളം ഭൂമി ഹിന്ദുസ്ഥാൻ മെഷിൻ ടൂൾസ് ഏറ്റെടുക്കുന്നത്. ഇതിൽ നൂറേക്കറോളം സ്ഥലം നിർമാണപ്രവർത്തനങ്ങളൊന്നുമില്ലാതെ കിടന്നു. അങ്ങനെ അവിടം ആരുടേയും ശല്യമില്ലാതെ പ്രകൃതി പച്ചപ്പിലേക്ക് കൺതുറന്നു. കാടുണ്ടായി, ചതുപ്പുകളുണ്ടായി. ആ പവിത്രതയിലേക്ക് ജീവലോകം വന്നു. 1990-കളിൽ വികസനത്തിന്റെ വിളികളുയർത്തി ചില നിർമാണപ്രവർത്തനങ്ങൾ മേഖലയിൽ നടന്നെങ്കിലും ഇന്നും കുറേ പ്രകൃതി പക്ഷിമൃ​ഗാദികൾക്കായി ഇവിടെയുണ്ട്.

HMT Forest

2. കടമക്കുടി

കൊച്ചി ന​ഗരത്തിൽ നിന്ന് ഏകദേശം പത്ത് കിലോമീറ്ററേയുള്ളൂ കടമക്കുടിയിലേക്ക്. കൊച്ചിക്കാരുടെ കുട്ട‌നാട് എന്നൊക്കെ കടമക്കുടിയെ വിശേഷിപ്പിക്കാറുണ്ട്. എറണാകുളം കൺടെയ്നർ റോഡിലൂടെയും വരാപ്പുഴ റോഡിലൂടെയുമെല്ലാം കടമക്കുടിയിലേക്ക് കടക്കാം. നീലവാനത്തിന് താഴെ കണ്ണാടിയാകുന്ന ജലാശയവും പച്ചപ്പുചാർത്തുന്ന തെങ്ങിൻ തലപ്പുകളും. അങ്ങനെ കാഴ്ചകളുടെ ഒരു കടലാണ് കടമക്കുടിയെന്ന് വേണമെങ്കിൽ പറയാം. വലിയ കടമക്കുടി, മുറിക്കൽ, പാലിയംതുരുത്ത്, പിഴല, ചെറിയ കടമക്കുടി, പുളിക്കപ്പുറം തുടങ്ങി ഒട്ടേറെ തുരുത്തുകൾ പരസ്പരം കൈകോർത്തുപിടിക്കുന്ന ഭൂമിയാണ് കടമക്കുടി. കടമക്കുടിയെ അടയാളപ്പെടുത്തുന്ന എല്ലാ ഫ്രെയിമുകളിലും ചീനവലകൾ നിറയുന്നുണ്ട്. തോടുകളും ചെമ്മീൻകെട്ടുകളും നിറയുന്ന പ്രകൃതി. തുരുത്തുകൾക്കിടെ ജങ്കാർ സർവീസുകളുണ്ട്. തോണികളും ബോട്ടുകളുമാണ് മറ്റ് യാത്രാമാർ​ഗങ്ങൾ. കേരളത്തനിമയുള്ള കായൽവിഭവങ്ങൾ നിറയുന്ന ഒരിടം കാണാൻ ആ​ഗ്രഹമുള്ളവർക്ക് തീർച്ചയായും ഇഷ്ടപ്പെടുന്ന ഇടമാവും ഇവിടം. വന്നുകഴിഞ്ഞാൽ നിർബന്ധമായും ഒരുകാര്യം ചെയ്യണം. കായലിന്റെ ഓളങ്ങൾക്കൊപ്പം ഒരു ബോട്ട് സവാരി.

Kadamakkudy
കടമക്കുടി | ഫോട്ടോ: സിദ്ദിഖുൽ അക്ബർ \ മാതൃഭൂമി

3. പുതുവൈപ്പ്

ബീച്ചുകളാൽ സമ്പന്നമാണ് കൊച്ചിയും ന​ഗരപരിസരങ്ങളും. ഫോർട്ട്കൊച്ചിയിൽത്തുടങ്ങി കാഴ്ചകളുടെ തീരങ്ങൾ ഒട്ടേറെയുണ്ട്. അതിലൊന്നാണ് പുതുവൈപ്പ്.  ന​ഗരവുമായി വളരെ അടുത്തുകിടക്കുന്നു എന്നതാണ് പുതുവൈപ്പ് ബീച്ചിൽ തിരക്ക് കൂട്ടുന്നത്. ​ഗോശ്രീ പാലം വഴി വരുമ്പോൾ എറണാകുളം ടൗണിൽ നിന്ന് ഏതാണ്ട് പതിനാല് കിലോമീറ്റർ ദൂരമുണ്ട് ഈ ബീച്ചിലേക്ക്. കൊച്ചിക്കാർക്ക് ഒരു വൈകുന്നേരം ചെലവിടാൻ ഇതിലും നല്ലൊരിടമില്ല.

Puthuvype

പുതുവത്സരാഘോഷങ്ങളുടെ ഭാ​ഗമായി ബീച്ച് ടൂറിസം മേളകൾ നടത്താറുണ്ട്. പ്രാദേശികമായ ഒരു ടൂറിസം കേന്ദ്രം എന്നതിലുപരി കൊച്ചിയുടെ മൊത്തം സാധ്യതയുമായി ചേർത്തുവെച്ചാൽ ഈ കൊച്ചുബീച്ചിന് വിനോദസഞ്ചാരമേഖലയുടെ കൂടുതൽ ഉയരങ്ങളിൽ എത്താനാവും.

(മാതൃഭൂമി ന്യൂസിൽ സംപ്രേഷണം ചെയ്യുന്ന മാതൃഭൂമി യാത്രയിൽ നിന്ന്. ട്രാവൽ ജേണലിസ്റ്റ് റോബിദാസ് ക്യാമറയും സംവിധാനവും നിർവഹിച്ച യാത്രാവിവരണത്തിന്റെ പൂർണരൂപം കാണാം.)

Content Highlights: tourist spots in kochi