'പ്രത്യാശ നിറഞ്ഞ പുതുവത്സരാശംസകള്‍' പുതുവര്‍ഷത്തില്‍ നമ്മള്‍ ഏറ്റവുമധികം കേള്‍ക്കുന്ന ഒരു വാചകമാണിത്. എഴുതിക്കൊണ്ടിരിക്കുമ്പോള്‍ അവസാനത്തെ ഇലയും പൊഴിച്ച് ഡിസംബറിന്റെ തണുപ്പില്‍ മരവിച്ചു നില്‍ക്കുന്നൊരു മേപ്പിള്‍ മരം, ഫ്രില്ലുകള്‍ പിടിപ്പിച്ച വെളുത്ത ജാലകവിരികള്‍ക്കിടയിലൂടെ കാണാം. അതെന്നെ റൂമിയുടെ വാക്കുകളെ ഓര്‍മിപ്പിച്ചു.

' നാം തളര്‍ന്നു വീണതോ, തളര്‍ന്നു പോയതോ അവരറിയണ്ട. നാം വസന്തത്തെ വരവേല്‍ക്കാനായി പഴയ ഇലകള്‍ പൊഴിക്കുകയാണെന്ന് അവര്‍ ധരിച്ചു കൊള്ളട്ടെ.'

2020 പ്രകാശത്തിന്റെ സാന്നിധ്യമില്ലാത്ത ഒരു കറുത്ത പായ്ക്കപ്പല്‍ പോലെ അലറുന്ന തിരമാലകള്‍ക്കിടയില്‍ എവിടെയോ മറഞ്ഞു പോയിരിക്കുന്നു. കഴിഞ്ഞ പത്തുമാസങ്ങളില്‍ കണ്മുന്നിലൂടെ എത്ര മനുഷ്യര്‍ കടന്നു പോയി. അതിലൊരിക്കലും മാഞ്ഞു പോകാത്ത ഓര്‍മയാണ്. ഏജന്‍സി നേഴ്‌സ് ആയി കൂടെ ജോലി ചെയ്തിരുന്ന കറുത്ത വര്‍ഗക്കാരനായ ആന്‍ഡ്രൂ. ഏഷ്യക്കാരും കറുത്ത വംശജരും കോവിഡിനെ ഏറ്റവും കൂടുതല്‍ സൂക്ഷിക്കണം എന്ന് എപ്പോഴും പറഞ്ഞു കേള്‍ക്കാറുണ്ടെങ്കിലും ആവശ്യത്തിന് സ്റ്റാഫ് ഇല്ലാതെ വരുമ്പോള്‍ ഈ നിബന്ധനകള്‍ ഒക്കെ കാറ്റില്‍ പറക്കുകയാണ് പതിവ്. കോവിഡിന്റെ ആദ്യ പ്രഹരത്തിലാണ് ഞാനും ആന്‍ഡ്രുവും അടങ്ങുന്ന നേഴ്‌സുമാര്‍ കോവിഡ് ബാധിതരായത്. ക്രമാതീതമായ ഹൃദയമിടിപ്പുകളോടെ എന്നെ ആശുപത്രിയില്‍ പ്രവേശിച്ചപ്പോഴും ചെറിയ പനി മാത്രമേ ആന്‍ഡ്രുവിനുണ്ടായിരുന്നുള്ളൂ. രണ്ടു ദിവസം കഴിഞ്ഞു പെട്ടന്നാണ് ശ്വാസതടസം കൂടി ആന്‍ഡ്രൂ ഐ സി യു വില്‍ എത്തിപ്പെട്ടത്. വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ രോഗത്തിന്റെ ശക്തമായ നീരാളിപ്പിടിത്തം അയാളെ വെന്റിലേറ്ററില്‍ എത്തിച്ചു. എല്ലാവരോടും നല്ല രീതിയില്‍ പെരുമാറുന്ന, ചിരിക്കുന്ന കണ്ണുകളുള്ള 
സഹപ്രവര്‍ത്തകന് വേണ്ടി എല്ലാവരും ദൈവത്തിനോട് യാചിച്ചു. പക്ഷേ ആന്‍ഡ്രുവിന്റെ രക്തത്തിലെ ഓക്‌സിജന്റെ അളവ് കുറഞ്ഞു കൊണ്ടേയിരുന്നു. എക്‌മോയിലേക്ക് (എക്‌സ്ട്രകോര്‍പോറിയല്‍ മെംബ്രേന്‍ ഓക്‌സിജനേഷന്‍) മാറ്റാന്‍ ഡോക്‌ടേഴ്‌സ് തീരുമാനിച്ചു. ഹൃദയം, ശ്വാസകോശം എന്നിവയുടെ പ്രവര്‍ത്തനം യന്ത്രങ്ങള്‍ ഏറ്റെടുക്കുന്ന രീതിയാണിത്. എക്‌മോ സംവിധാനം ഉള്ള സ്ഥലത്തേക്ക് മാറ്റുന്നതിന് തൊട്ടു മുന്‍പ് ,ആര്‍ക്കും ഒന്നും ചെയ്യാന്‍ കഴിയുന്നതിന് മുന്‍പ് തന്റെ നാല്‍പ്പത്തി മൂന്നാമത്തെ വയസ്സില്‍ പ്രിയപ്പെട്ട ഭാര്യയേയും മൂന്ന് ചെറിയ മക്കളെയും തനിച്ചാക്കി ആന്‍ഡ്രു എന്നന്നേക്കുമായി ഈ ലോകത്തോട് യാത്ര പറഞ്ഞു. 

കോവിഡുമായി മല്ലടിച്ചു ആശുപത്രിയും വീടുമായി മാറി മാറി നടന്ന ഞാന്‍ രണ്ടാഴ്ച കഴിഞ്ഞാണ് മരണവിവരം അറിയുന്നത്. ശരീരത്തിലൂടെ വല്ലാത്തൊരു മരവിപ്പ് പടരുന്നതുപോലെ തോന്നി. ഞാന്‍ പഠിച്ചു കൊണ്ടിരുന്ന സമയം മുതല്‍ ആന്‍ഡ്രുവിനെ അറിയാം. ആറടി നാലിഞ്ച് പൊക്കമുള്ള ആന്‍ഡ്രുവിനെ കാണുമ്പോഴൊക്കെ  പണ്ട് ഇംഗ്ലീഷ് ക്ലാസ്സില്‍ പഠിച്ച 'ഗള്ളിവര്‍ ഇന്‍ ലില്ലിപുട്' ഓര്‍മ്മവരും. അഞ്ചടി രണ്ടിഞ്ച് മാത്രമുള്ള എന്റെ മുന്നില്‍ നിന്ന് ആന്‍ഡ്രു സംസാരിക്കുമ്പോള്‍ നല്ല  ഉയരമുള്ള അയാളുടെ മുഖത്ത് നോക്കി പലപ്പോഴും എനിക്ക് കഴുത്ത് വേദനിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഞാന്‍ പലപ്പോഴും കുറച്ചു ദൂരം പാലിച്ചാണ് സംസാരിച്ചിരുന്നത്. ചിരിയോടൊപ്പം വിതുമ്പല്‍ പടര്‍ത്തുന്ന കുറെ ഓര്‍മ്മകള്‍ സഹപ്രവര്‍ത്തകര്‍ക്കും ബന്ധുക്കള്‍ക്കും സമ്മാനിച്ചിട്ട് ഇങ്ങനെ എത്രയോ പേര്‍ നിങ്ങളുടെ കണ്‍മുന്നിലൂടെ കഴിഞ്ഞ വര്‍ഷം മറഞ്ഞു പോയിരിക്കാം.

അതെ, 2020 ലെ പല ദിവസങ്ങളും  ഒരിക്കല്‍ക്കൂടി ഓര്‍ക്കാന്‍ ഇഷ്ടമില്ലാത്ത ഓര്‍മകള്‍ തന്ന്  കടന്നു പോയവയാണ്. നാം തളര്‍ന്ന് പോയതോ, തകര്‍ന്ന് വീണതോ പുതുവര്‍ഷത്തിലെ ദിനങ്ങള്‍ അറിയാതിരിക്കട്ടെ. ജീവിതങ്ങളെ വേരോടെ പിഴുതെറിഞ്ഞ കോവിഡ് എന്ന മഹാദുരന്തത്തിന് എന്നന്നേക്കുമായുള്ള പ്രതിവിധി കണ്ടുകൊണ്ടാകട്ടെ പുതുവര്‍ഷത്തിന്റെ തുടക്കം. സ്‌നേഹവും സൗഹൃദവും ആവോളം പങ്കുവെച്ചു, ജീവിതത്തിലെ നല്ല നിമിഷങ്ങളെ ചേര്‍ത്ത് പിടിച്ചു  പ്രതീക്ഷ കൈവിടാതെ നമുക്ക് മുന്നോട്ട് പോകാം. ദൂരെ ആകാശത്തു തെളിയുന്ന നക്ഷത്രക്കണ്ണിലെ പ്രകാശം പോലെ നിങ്ങളുടെ ജീവിതവും ശോഭ നിറഞ്ഞതാവട്ടെ.

Content Highlights: remembering 2020 and 2021 hopes