പ്രത്യാശയും നൈരാശ്യവും ഒരേ തോണിയിലാണു സഞ്ചാരം. പക്ഷേ എപ്പോഴും നാം അത് ഓര്‍ക്കേണ്ട ആവശ്യമില്ല. തോണി മുങ്ങിയാല്‍ നീന്തല്‍ അറിയുമെങ്കില്‍ രക്ഷയാകും എന്നതു പക്ഷേ മറക്കാനാവില്ല. നീന്തലാണു യഥാര്‍ഥ ശാസ്ത്രം.

മാനവരാശിയുടെ ചരിത്രത്തിലെ ഏറ്റവും സവിശേഷമായ പ്രതിസന്ധിയിലൂടെയാണു നാം പുതിയ വര്‍ഷത്തിലേക്കു പോകുന്നത്. രണ്ടാം ലോകയുദ്ധം സംഭവിച്ചപ്പോഴും അതു ബാധിക്കപ്പെടാതെ പോയ രാജ്യങ്ങളോ മനുഷ്യരോ ഭൂമിയില്‍ ഉണ്ടായിരുന്നു. എന്നാല്‍ ദുരിതവും മരണവും ഉത്തരദക്ഷിണധ്രുവ വ്യത്യാസമില്ലാതെ മനുഷ്യരെ പിടികൂടിയ  വര്‍ഷഭാരവും ചുമന്നാണു നാം പോകുന്നത്. 

ഇതിനെല്ലാമിടയിലും സ്വേച്ഛാധികാരവും ചൂഷണവും വംശീയഭ്രാന്തുകളും ഒട്ടും കുറവില്ലാതെ മനുഷ്യരെ ദ്രോഹിക്കുന്നതും നാം കാണുന്നു. പുരകത്തുമ്പോള്‍ വാഴ വെട്ടുന്നു എന്ന പറച്ചില്‍ ഒരു രാഷ്ട്രം തന്നെ യാഥാര്‍ഥ്യമാക്കിയതു കോവിഡ് പ്രതിസന്ധിക്കിടെ രാജ്യത്തെ അടിസ്ഥാന തൊഴില്‍നിയമങ്ങള്‍ അടക്കം ഭരണഘടനാപരമായ ഒട്ടേറെ അവകാശങ്ങള്‍ എടുത്തുകളഞ്ഞുകൊണ്ടായിരുന്നു.
അതിനാല്‍ പൗരാവകാശങ്ങളെ രോഗബാധിതമാക്കാതെ സംരക്ഷിക്കാന്‍ തക്കവണ്ണം പ്രതിരോധശേഷിയുള്ള രാഷ്ട്രീയജാഗ്രത കൂടി ഓരോ പൗരനില്‍നിന്നും പുതുവര്‍ഷം ആവശ്യപ്പെടുന്നു.

ഈ സാഹചര്യത്തില്‍ വരും ദിവസങ്ങളെക്കുറിച്ചു മാത്രമല്ല കഴിഞ്ഞ ദിവസങ്ങളെക്കുറിച്ചും എനിക്കു പ്രതീക്ഷകളുണ്ട്.  കഴിഞ്ഞ ദിവസങ്ങളെ ഓര്‍മിക്കാനും അതില്‍നിന്നു ഇനിയുള്ള കാലത്തിന് ആവശ്യമായ മാനസികോര്‍ജ്ജവും ഹൃദയവിശാലതയും സമ്പാദിക്കാനും കഴിയണം. രണ്ടാമത്തേത്, ഇനി വരുന്ന വെല്ലുവിളികളെ നേരിടാനുള്ള ആത്മധൈര്യം ഉണ്ടാകുമെന്ന പ്രതീക്ഷയാണ്.

യാത്രയില്‍ വരണ്ട  ഭൂപ്രദേശം പിന്നിടുന്ന നമ്മുടെ കണ്‍വെട്ടത്തേക്കു നിറയെ പൂത്ത താഴ്വരയുടെ ദൃശ്യം ഉയര്‍ന്നുവരുന്നതുപോലെയുള്ള വിസ്മയങ്ങളാണു ജീവിതം വാഗ്ദാനം ചെയ്യുക. ചിലപ്പോള്‍ നാം പുതിയ സൗഭാഗ്യങ്ങളിലേക്കു ചെല്ലും. അല്ലെങ്കില്‍ ദുരന്തങ്ങള്‍ നമ്മെ ചവിട്ടിവീഴ്ത്തിയേക്കും. പക്ഷേ എത്ര വലിയ ഭൂകമ്പങ്ങള്‍ വന്നാലും നാം നമ്മുടെ ജീവിതത്തെ മുറുകെ പിടിച്ച് മുന്നോട്ടു പോകുക തന്നെ ചെയ്യും.

Content Highlights: New Year message from writer Ajay P Mangattu