മലയാളം കലണ്ടര്‍ പ്രകാരം ചിങ്ങം 1ന് ആണല്ലോ പുതുവര്‍ഷം പിറക്കുന്നത്. അതുപോലെ ഇന്ത്യയിലെ മറ്റുസംസ്ഥാനങ്ങളിലും തദ്ദേശീയമായ പുതുവര്‍ഷ ആഘോഷങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.
ജൂഡി ഷീതല്‍
ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലും നേപ്പാള്‍ അതിര്‍ത്തിയിലും മൈഥിലി വിഭാഗക്കാരുടെ പുതുവര്‍ഷാഘോഷമാണ് ജൂഡി ഷീതല്‍. പഹില്‍ വൈശാഖി എന്ന പേരിലും ഇത് അറിയപ്പെടുന്നു. മിഥില പ്രദേശത്തിന്റെ ചില ഭാഗങ്ങളില്‍ ഇതിന് നിര്‍ണയ മേഷ് സംക്രാന്തി എന്നും പേരുണ്ട്. ഗ്രിഗോറിയന്‍ കലണ്ടറിലെ ഏപ്രില്‍ പതിമ്മൂന്നുമുതല്‍ പതിനഞ്ചുവരെയുള്ള ഏത് ദിവസവും ജൂഡി ഷീതല്‍ വരാം. വിദേഹത്തിലെ രാജാവായിരുന്ന ജനകന്റെ കാലം മുതല്‍ ഈ പുതുവര്‍ഷാഘോഷം നടത്തിയിരുന്നു എന്ന് പറയുന്നു.
ഗുജറാത്തി ന്യൂ ഇയര്‍
'സാല്‍ മുബാറക്' ആശംസകള്‍ കൈമാറിയാണ് ഗുജറാത്തികള്‍ പുതുവര്‍ഷം ആഘോഷിക്കുന്നത്. ഗുജറാത്തിലെ ഹൈന്ദവ വിശ്വാസികള്‍ അവരുടെ കലണ്ടര്‍ അനുസരിച്ച് ആദ്യമാസമായ കാര്‍ത്തികയിലെ ഒന്നാം തീയതിയാണ് പുതുവര്‍ഷമായി ആഘോഷിക്കുക. വെളിച്ചത്തിന്റെ ഉത്സവമായ ദീപാവലി കഴിഞ്ഞുവരുന്ന തൊട്ടടുത്ത ദിവസം എന്ന പ്രത്യേകതയും ഈ ദിവസത്തിനുണ്ട്.
പഞ്ചാബിന്റെ വൈശാഖി
പഞ്ചാബികളുടെ പുതുവര്‍ഷാഘോഷമാണ് വൈശാഖി. സാധാരണയായി ഏപ്രില്‍ 14നാണ് ഇതാഘോഷിക്കുക. പഞ്ചാബിലെ വിളവെടുപ്പുത്സവംകൂടിയായ വൈശാഖി ദിവസത്തില്‍ കര്‍ഷകര്‍ കഴിഞ്ഞവര്‍ഷം ലഭിച്ച വിളവിന് ദൈവത്തോട് നന്ദിപറയുന്നു.
പുതുവര്‍ഷവും കേരളവും
മലയാളികള്‍ക്ക് പുതുവര്‍ഷം ചിങ്ങം ഒന്നിനാണ്. എന്നാല്‍ കൊല്ലവര്‍ഷ കലണ്ടറിന് മുന്‍പ് മേടം ഒന്നിനായിരുന്നു പുതുവര്‍ഷം. അന്ന് വിഷുദിനം കൂടിയാണ്. ആകെ പന്ത്രണ്ട് രാശികളില്‍ ആദ്യരാശി തുടങ്ങുന്നത് മേടത്തിലായതുകൊണ്ടാണിത്. ഇത് ഇംഗ്ലീഷ് കലണ്ടര്‍ പ്രകാരം ഏപ്രില്‍ മാസത്തിലാണ്. എന്നാല്‍ വടക്കന്‍ കേരളത്തില്‍ കന്നിമാസം ഒന്നാം തീയതിയും പുതുവര്‍ഷമായി കൊണ്ടാടിയിരുന്നു. മലയാളിക്ക് പരമ്പരാഗതമായി മൂന്ന് പുതുവര്‍ഷങ്ങളുണ്ടെന്ന് പറയാം
അയലത്തെ പൊങ്കല്‍
നമ്മുടെ അയല്‍സംസ്ഥാനമായ തമിഴ്‌നാട്ടില്‍ ഏപ്രില്‍ 14നാണ് പുതുവര്‍ഷം. ഇത് പുത്താണ്ട് എന്നാണ് അറിയപ്പെടുന്നത്. അവരുടെ പൊങ്കല്‍ മഹോത്സവവും അന്നാണ്.
രാജസ്ഥാന്‍, ഹരിയാണ എന്നീ സംസ്ഥാനങ്ങളിലെ പ്രാദേശിക കലണ്ടര്‍ പ്രകാരം പുതുവര്‍ഷം ആരംഭിക്കുന്നത് ചൈത്രമാസം ഒന്നാം തീയതിയാണ്. തപ്ന (Thapna) എന്നറിയപ്പെടുന്ന ഈ യുഗപ്പിറവി മാര്‍ച്ച് മാസത്തിലാണ് വരുന്നത്.
കന്നഡികരുടെയും തെലുങ്കരുടെയും ഉഗാദി
കന്നഡികരുടെയും തെലുങ്കരുടെയും പുതുവര്‍ഷമാണ് ഉഗാദി. ഓരോ വര്‍ഷവും ഇത് മാറിമാറി വരും. മാര്‍ച്ച്ഏപ്രില്‍ മാസങ്ങളിലാണ് സാധാരണ ഉഗാദി വരുക. ഒഡിഷക്കാരുടെ പുതുവര്‍ഷമാണ് പനസംക്രാന്തി. ഏപ്രില്‍ 14,15 തീയതികളിലൊന്നിലാണ് പനസംക്രാന്തി വരുക. കാര്‍ഷികവര്‍ഷത്തിന്റെ തുടക്കംകൂടിയാണിത്.
Content Highlights: new year celebration in different states of india