ധുനിക മനുഷ്യന്‍ ഇതഃപര്യന്തം നേരിട്ട അപൂര്‍വമായ ഒരു വെല്ലുവിളിയിലൂടെയാണ് 2020ല്‍ ലോകം കടന്നുപോയത്. പ്രതിരോധത്തിനോ ചികിത്സക്കോ മുന്‍ മാതൃകകളാന്നുമില്ലാത്ത, എല്ലാം പുതുതായി എഴുതിച്ചേർക്കാന്‍ നിര്‍ബന്ധം പിടിച്ച ഒരു രോഗം മനഷ്യനെയും ലോകത്തേയും അടിമുടി മാറ്റിമറിച്ചു. ചരിത്രത്തെ മറ്റൊരു പ്രതിഭാസത്തിനും ഇന്നുവരെ കഴിയാത്ത രീതിയില്‍  സര്‍വ്വ വിതാനത്തിലും പകുത്തു കൊണ്ട് കോവിഡ് 19 ഭൂഗോളത്തിലെ മനുഷ്യ ജീവിതം ചോദ്യചിഹ്നമാക്കിയിട്ട് 12 മാസമാവുകയാണ്. ഇതിനകം തന്നെ എല്ലാം തിരിച്ചിട്ടു കഴിഞ്ഞു കോവിഡ്. സ്പര്‍ശത്തെ തീണ്ടലാക്കി, ആലിംഗനത്തെ കുറ്റമാക്കി, ഒന്നിച്ചു നില്‍ക്കുന്നതിനു പകരം അകന്നു നില്‍ക്കുന്നത് ആചാരമാക്കി, മുഖം കാണിക്കുന്നത് നിയമവിരുദ്ധമാക്കി,  സാമൂഹിക ഇടപെടലുകള്‍ വിലക്കി, യാത്രകള്‍ നിര്‍ത്തി വീട്ടിലൊതുങ്ങാന്‍ നിര്‍ദ്ദേശിച്ച് , വൃദ്ധരെ കാഴ്ചബംഗ്ലാവിലെന്നപോലെ അടച്ചിട്ട് കോവിഡ് അതിന്റെ കരാളദംഷ്ട്രകള്‍ ക്രൂരമായി പുറത്തു കാട്ടി. 

Politics is nothing but health written in Big letters എന്ന് നൂറ്റാണ്ടുകള്‍ക്ക് മുമ്പു തന്നെ എഴുതി വെച്ച ആചാര്യന്, റുഡോള്‍ഫ് വിര്‍ഷോ കൃത്യമായി ലക്ഷ്യത്തില്‍ തന്നെയാണ് ശരമെയ്തത്.. കുടിവെള്ളത്തിന്റെ പ്രധാന്യത്തെക്കുറിച്ചൊക്കെ കഴിഞ്ഞ നൂറ്റാണ്ടില്‍  ഇംഗ്ലീഷുകാരടക്കമുള്ള ലോക ജനത വലിയ വില കൊടുത്തിട്ടാണ് മനസ്സിലാക്കിയത്. ആയിരക്കണക്കിന് മനുഷ്യജീവന്‍ കോളറയിലും ടൈഫോയ്ഡിലും പൊലിഞ്ഞു. മിലന്‍ മേരി ആയിരുന്നു മറ്റൊരു ശകുനം. പൊതു ജനാരോഗ്യത്തിന്റെ സങ്കീര്‍ണമായ ഇടനാഴിയിലേക്ക് സന്നിപാതജ്വരത്തിന്റെ വിത്തുകള്‍ വാരിയെറിഞ്ഞ ആ പാചകക്കാരി, പകര്‍ച്ചവ്യാധിയുടെ വിഭ്രാമകമായ അനുഭവമേഖലകള്‍ മനുഷ്യനു വേണ്ടി സര്‍പ്പ സൗന്ദര്യത്തോടെ തുറന്നു. കൈകള്‍ കഴുകുവാന്‍ ലോകത്തെ വീണ്ടും വീണ്ടും പഠിപ്പിക്കുവാന്‍ ശ്രമിച്ച്, പരാജയപ്പെട്ട്  മനോരോഗിയായി മുദ്രകുത്തപ്പെട്ട്, മര്‍ദനമേറ്റ് മരിച്ചു വീണ ആ ഹംഗേറിയന്‍ ഭിഷഗ്വരന്‍, സിമ്മല്‍വീസിന്റെ പ്രേതത്തിനാണ് ഈ കോവിഡ് കാലത്ത് നാം നനഞ്ഞ വസ്ത്രത്തോടെ ബലിയിടേണ്ടത്.

പൊതുജനാരോഗ്യത്തിന്റെ പ്രാധാന്യം ഊട്ടിയുറപ്പിക്കുന്നതായിരിക്കണം കോവിഡാനന്തര കേരളത്തിന്റെ ആരോഗ്യ അജണ്ട. ലോകത്തിന്റെ സാമ്പത്തിക തലസ്ഥാനമെന്ന് കൊണ്ടാടപ്പെട്ട രാജ്യം മണല്‍ക്കൊട്ടാരം പോലെ നിശ്ശബ്ദവും ദുഃഖപങ്കിലവുമായി തകര്‍ന്നടിഞ്ഞത് ആ രാജ്യത്തിന്റെ തലവന്‍ ലോകം കണ്ട ഏറ്റവും വിഡ്ഡിയായ ഒരാള്‍ ആയതു കൊണ്ടു മാത്രമല്ല, ആന്റണി ഫൗച്ചി അടക്കമുള്ള രോഗാണു ശാസ്ത്രജ്ഞര്‍ വ്യക്തിഗത ആരോഗ്യ സംവിധാനത്തിന് പൊതുജനാരോഗ്യത്തിനേക്കാള്‍ അനര്‍ഹവും അശാസ്ത്രീയവുമായ പ്രാധാന്യം നല്‍കി എന്നതുകൊണ്ട് കൂടിയാണ്. ആ രാജ്യം എതിര്‍ പാര്‍ത്ത എറ്റവും വലിയ ദുരന്തമായ  വിയറ്റ്‌നാം യുദ്ധത്തില്‍ പത്തൊമ്പത് നീണ്ട വര്‍ഷങ്ങളില്‍ മരിച്ചു വീണവരുടെ എണ്ണം, 58514, രണ്ടു മാസം കൊണ്ട് മറികടക്കുമ്പോഴെങ്കിലും പബ്ലിക് ഹെല്‍ത്ത് എന്ന സങ്കല്‍പം തിരിച്ചറിഞ്, ആ നടക്കല്ലില്‍ ഒരു കുഞ്ഞു കൈത്തിരിയെങ്കിലും തെളിയിക്കാന്‍ അവര്‍ക്ക് തോന്നാനിടവരട്ടെ എന്ന് ലോക ജനത പ്രാര്‍ത്ഥനാ മന്ത്രം ഉരുവിടേണ്ട നിര്‍ണായക മുഹൂര്‍ത്തം.

കോവിഡ്  പൈശാചികമായ ഒരു ചൂണ്ടുപലകയാണ്. നാളെ മനഷ്യനെ തേടി വരാനിടയുള്ള വലിയ വെല്ലുവിളികളെക്കുറിച്ച് നമ്മെ ഞെട്ടിച്ച് ഓര്‍മിപ്പിക്കുന്ന നാരകീയമായ കൈചൂണ്ടി. ലക്ഷം പേര്‍ക്ക് 800 കിടക്കകളിലധികമുള്ള യൂറോപ്യന്‍ രാജ്യങ്ങള്‍ പോലും കോവിഡിന്റെ നീരാളിപ്പിത്തത്തില്‍ വെന്റിലേറ്ററില്‍ ശ്വാസംമുട്ടി പിടയുകയാണ്. പുരോഗമന മുഖച്ഛായയുളള്ള മിക്കവാറും രാജ്യങ്ങള്‍ GDP യുടെ ഏറ്റവും കുറഞ്ഞത്  പത്തു ശതമാനമെങ്കിലും ആരോഗ്യ രംഗത്തിന് മാറ്റി വെക്കുമ്പോള്‍, രണ്ടു ശതമാനമെങ്കിലും ആരോഗ്യ രംഗത്തിന് ലഭിക്കുമെന്ന് ഇന്നും നാം സ്വപ്നം കാണുക മാത്രമാണ്.

കോവിഡ് വളരെ പെട്ടെന്ന് യാത്ര പറയാന്‍ വന്ന ഒരു രോഗമല്ല. RO (Reproduction Number) 1 ആയിരുന്ന നിപ്പക്ക് അതു മാത്രമായിരുന്നു വഴി. കഴിയുന്നത്ര വേഗം ജോലി തീര്‍ത്തു പോവാനല്ല, മറിച്ച് വര്‍ഷങ്ങളോളം ലോകത്തിന്റെ ഭീതിദമായ ആതുരതയായി നിലനില്‍ക്കാന്‍ തയ്യാറായാണ് കോവിഡ് നമ്മെ തിരഞ്ഞെത്തുന്നത്.  RO 2.5 ആയതു കൊണ്ട് മാത്രമല്ല, മറിച്ച് ആധുനികാനന്തര കാലത്തിന്റെ സ്വഭാവരീതികളോട് മുമ്പൊരു രോഗത്തിനും കഴിയാത്ത രീതിയില്‍ ഇണങ്ങാന്‍ കോവിഡിനു കഴിയുന്നതു കൊണ്ട് കൂടിയാണ് അത് സംഭവിക്കുന്നത്. ശാരീരികാകലം മുമ്പൊരിക്കലും ഇല്ലാത്ത രീതിയില്‍ റദ്ദ് ചെയ്യപ്പെട്ടു പോവുന്നത്, ലോകത്തിലെ വിദൂര നഗരങ്ങള്‍ പോലും സൂം ചെയ്യുന്നതു പോലെ അടുത്തു വരുന്നത്, രാജ്യാന്തര യാത്രകള്‍ ഞൊടിയിടയില്‍ സാദ്ധ്യമാവുന്നത്, ലോകത്തെമ്പാടും ജനങ്ങളില്‍  ബൊഹീമിയന്‍ ജീവിത ശൈലിയില്‍ കമ്പം കയറുന്നത്, ലോകത്തിലെ മുന്‍ നിര രാഷ്ട്രങ്ങളില്‍ താരതമ്യേന വിഡ്ഡികളും പ്രതിബദ്ധതയില്ലാത്തവരുമായ രാഷ്ടത്തലവന്‍മാര്‍ വരുന്നത് എല്ലാം ചേര്‍ന്നു വരുന്ന ഒരു അപൂര്‍വ ദുരന്ത മുഹൂര്‍ത്തമാണ് കോവിഡ് നിഷ്‌കരുണം അടയാളപ്പെടുത്തുന്നത് .

കോവിഡാനന്തരകാലം ഒരു കാനല്‍ കാഴ്ചയാണ് നമുക്കിപ്പോഴും. 'ലോകത്തിലെ പ്രമുഖരായ എപ്പിഡമിയോളജിസ്റ്റുകളും വൈറോളജി വിദഗ്ദരുമൊക്കെ പറയുന്ന അഭിപ്രായങ്ങള്‍ ശ്രദ്ധിച്ചു വായിക്കുമ്പോള്‍ അവരുടെ സന്നിഗ്ദ്ധമായ ചിന്തയെ മാത്രമാണ് നമുക്ക് സ്പശിക്കാനാവുക. ആറു മാസവും ഒന്നര വര്‍ഷവും മുതല്‍ സെന്റര്‍ ഫോര്‍ ഇന്‍ഫെക്ഷ്യസ് ഡിസീസ് റിസര്‍ച്ച് ആന്റ് പോളിസിയിലെ വിദഗ്ദര്‍ പറയുന്നതു പോലെ 2022 അവസാനം വരെയും അതു കഴിഞ്ഞ് ചെറിയ ചെറിയ കൊറോണ യുദ്ധങ്ങളുമൊക്കെ പ്രവചിച്ച്, രോഗത്തിനു മുന്നില്‍ അവര്‍ പ്രണമിച്ച് നില്‍പ്പാണ്. ഡിസംബര്‍ രണ്ടാമത്തെ ആഴ്ചയുടെ അവസാനത്തോടെ 215 രാജ്യങ്ങളിലായി എഴേമുക്കാല്‍ കോടിയിലേറെ പേരില്‍ പടര്‍ന്ന് 18 ലക്ഷത്തോളംപേരെ കൊന്നൊടുക്കിയ നോവല്‍ കൊറോണ ഒരു നൂറ്റാണ്ടിനിപ്പുറത്ത് മനുഷ്യ കുലം എതിര്‍ പാര്‍ത്ത ഏറ്റവും സംക്രമണ ശേഷിയുള്ള രോഗാണുവാണെന്നതിന് സംശയമേതുമില്ല. മരണം വിതക്കുന്നതില്‍ ഏറ്റവും ഭീകരമായ  P4 വൈറസ് (നിപ്പ ഈ വകുപ്പിലാണ് ) അല്ലെങ്കില്‍ കൂടി (P3 വകുപ്പിലാണ് കോവിഡിന്റെ സ്ഥാനം ) ശരാശരി 7% മരണം ലോകത്തെമ്പാടുമായി കൊറോണ ഉറപ്പാക്കുന്നുണ്ട്. ബ്രിട്ടനിലും ഫ്രാന്‍സിലും ഇറ്റലിയിലും 14%, അമേരിക്കയില്‍ 5.8 %, സ്‌പെയിനില്‍ 10%, ബ്രസീലില്‍ 7% , ലോകാരോഗ്യ സംഘടനയുടെ സ്വന്തം സ്വീഡനില്‍ 12%, ഇന്ത്യയില്‍ 3.4 % എന്നിങ്ങനെ കൊറോണാ മരണങ്ങളുടെ വലിയ ഏറ്റക്കുറച്ചിലിന്റെ അടിസ്ഥാന കാരണങ്ങള്‍, മ്യൂട്ടേഷന്‍  വ്യക്തിപരമായ / സാമൂഹികമായ പ്രതിരോധശേഷി  കാലാവസ്ഥ എന്നിവയൊക്കെയുമായി എങ്ങിനെ ബന്ധപ്പെട്ടു കിടക്കുന്നു എന്നു പോലും ഇതുവരെ കൃത്യമായ / ശാസ്ത്രീയമായ വിവരങ്ങളില്ല.

ഇത്ര കാലം നാം സാധാരണ പോലെ (Normal) ജീവിച്ചു. ഇനി മാസ്‌കുകള്‍ ഫലപ്രദമായി ഉപയോഗിച്ച്, സാമൂഹിക അകലം കൃത്യമായി പാലിച്ച്, ശാസ്ത്രീയമായി കൈകഴുകി ഒരു പുതിയ ജീവിത (New Normal) ത്തിലേക്ക് നാം കാലെടുത്ത് വെക്കേണ്ടതുണ്ട്. ഇനി ഇതാവും നമ്മുടെ ജീവിതസരണി. 
New Normal.. പക്ഷേ ഏതു ദുരിതത്തിലും കാലം നമുക്ക് പ്രതീക്ഷകളുടെ കൈത്തിരിവെട്ടം തെളിയിക്കാതിരിക്കില്ല.

പന്‍ഡോറയുടെ പെട്ടകം തുറന്നപ്പോള്‍ ലോകത്തിലെ എല്ലാ ദുരിതങ്ങളും വേദനകളും ഇറങ്ങി വന്നു. രോഗങ്ങള്‍, മരണം, കഷ്ടപ്പാടുകള്‍, വേര്‍പാടുകള്‍, തേളുകള്‍, പാമ്പുകള്‍, കുഴകന്മാര്‍... ഒടുവില്‍, ഒടുവില്‍ മാത്രമാണ് സ്വര്‍ണ്ണച്ചിറകുകളുള്ള വര്‍ണാഭമായ ആശ, Hope, ഇറങ്ങി വന്നത്. കവി പാടിയതാണ് സത്യം.' കാലമിനിയുമുരുളും, വിഷുവരും വര്‍ഷം വരും, പിന്നെയോരോ തളിരിനു മില വരും കായ് വരും.. ഹാ സഖി നീയെന്നോട് ചേര്‍ന്നു നില്‍ക്കുക, സഫലമീ യാത്ര''

വാക്‌സിനുകളും ഫലപ്രദമായ മരുന്നുകളും ഒരു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കൈയെത്തും ദൂരത്തെത്തിയിരിക്കുന്നു. ധൂളിയില്‍ നിന്ന് ജീവിതം കരുപ്പിടിപ്പിക്കാന്‍ ഒരു വട്ടം കൂടി സാപ്പിയന്‍ വിജയകരമായി ശ്രമിക്കുകയാണ്. പ്രതീക്ഷയുടെ ആദ്യ കിരണങ്ങള്‍ ഏതു ചാരത്തില്‍ നിന്നും പിറവിയെടുത്തേക്കും എന്ന് പ്രകൃതി ഒരിക്കല്‍ കൂടി മനുഷ്യനൊപ്പം നില്‍ക്കുന്നു. ഇല്ല, അത്ഭുതങ്ങള്‍ അവസാനിക്കുന്നില്ല.

പക്ഷേ, നിശ്ചയമായും നാം മുന്‍ഗണനാ ക്രമങള്‍ പുനഃക്രമീകരിക്കേണ്ടിയിരിക്കുന്നു. വിദ്യാഭ്യാസവും പൗരബോധവും ആരോഗ്യവുമാണ് പോസ്റ്റ് ട്രൂത്ത് കാലത്ത് ഒരു സര്‍ക്കാരിന് സ്വന്തം ജനതക്ക് വാഗ്ദാനം ചെയ്യാനാവുന്ന ഏറ്റവും മികച്ച 'മന്നാ' എന്ന് നാം അധികാരികളെ നിരന്തരം ഓര്‍മിപ്പിച്ചു കൊണ്ടിരിക്കണം. അവരെ മുന്നോട്ടു നയിക്കേണ്ട അരുന്ധതീ നക്ഷത്രം നിശ്ചയമായും  സയന്റിഫിക്  'ടെംപംര്‍  ആയിരിക്കണം. ശുദ്ധമായ കുടിവെള്ളവും, ശാസ്ത്രീയമായ വിസര്‍ജ്ജനാലയങ്ങളും ജനങ്ങളുടെ അവകാശമായിരിക്കണം. സോഷ്യലൈസ്ഡ് മെഡിസിന്‍ അവന്റെ ജീവശ്വാസമാവണം. വിര്‍ഷോയുടെ വാക്കുകളുടെ ഗരിമ എന്നും ഭരണാധികാരികള്‍ ഓര്‍ത്തിരിക്കണം....

Content Highlights: Coronavirus New Year 20201